കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ അപകടകരമാണ്. ഇത് സംഘപരിവാറിന് വിവരശേഖരണത്തിനായി പിൻവാതിൽ തുറന്നുകൊടുക്കലാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ട്രസ്റ്റുകളിലെയും സൊസൈറ്റികളിലെയും ജീവനക്കാരെ സെൻസസ് വിവരശേഖരണത്തിന് നിയോഗിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ചട്ടഭേദഗതി അടിയന്തരമായി പിൻവലിക്കണം.
ഒക്ടോബർ 16ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സെൻസസ് ഭേദഗതി ചട്ടങ്ങളിലാണ് വിവരശേഖരണ ഉദ്യോഗസ്ഥരെ (എന്യൂമറേറ്റർമാർ) നിയമിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതുക്കിയത്. സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്കുപുറമേ എയ്ഡഡ്, അൺഎയ്ഡഡ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ചുമതലപ്പെടുത്താം. പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, കമ്പനികൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിഗണിക്കാം. സംസ്ഥാന സർക്കാരോ കേന്ദ്രഭരണപ്രദേശത്തെ ഭരണകൂടമോ അനുയോജ്യരെന്ന് കരുതുന്ന മറ്റ് വ്യക്തികളെയും നിയോഗിക്കാൻ വ്യവസ്ഥയുണ്ട്.
പുറമേ നിരുപദ്രവകരമെന്ന് തോന്നുന്ന ഈ മാറ്റങ്ങൾ രാജ്യത്തെ പൗരന്മാരുടെ സ്വകാര്യവിവരങ്ങളിലേക്ക് സംഘപരിവാർ പ്രവർത്തകർക്ക് പ്രവേശനം ലഭിക്കാനുള്ള വഴിയൊരുക്കും. സെൻസസിന്റെ ആവശ്യങ്ങൾക്ക് പ്രസക്തമല്ലാത്ത വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കപ്പെടുന്നത് പൗരത്വനിർണയത്തിനും വോട്ടർപട്ടികയിൽനിന്നുള്ള ഒഴിവാക്കലിനും വഴിയൊരുക്കും.
എസ്ഐആറിനെിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെയാണ് കേന്ദ്ര സർക്കാർ സെൻസസ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്നത്. ജനവികാരത്തോടും ഭരണഘടനാ മാനദണ്ഡങ്ങളോടുമുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് നടപടിയിലൂടെ പ്രകടമാകുന്നത്.
മോദി–അമിത് ഷാ–മോഹൻ ഭാഗവത് കൂട്ടുകെട്ടിന്റെ കൈകളിൽ സെൻസസ് മറ്റൊരു എസ്ഐആറായി മാറാൻ അനുവദിക്കരുത്. ചട്ടഭേദഗതി പിൻവലിച്ച് സെൻസസ് നടപടിക്രമങ്ങളെക്കുറിച്ച് അടിയന്തര സർവകക്ഷി ചർച്ച നടത്തണം.
