കേരളം നശിച്ചാലും കോർപ്പറേറ്റുകളുടെ സന്തോഷമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
കിഫ്ബി പിരിച്ചുവിട്ടിട്ടായാലും വികസനം മുടക്കിയിട്ടായാലും കോർപ്പറേറ്റുകളെ സഹായിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. തീരദേശ ഹൈവേയുടെ കാസർഗോഡ് വലിയപറമ്പ് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയും കോഴിക്കോടും കൊല്ലത്തുമുള്ള റീച്ചുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു കഴിഞ്ഞു. റോഡ് വികസനത്തോടൊപ്പം ബീച്ച് ടൂറിസം പദ്ധതിയും ലക്ഷ്യമിട്ടിരുന്നു. എന്നാൽ തീരദേശ പദ്ധതികൾ ആകെ നിർത്തിവെക്കാൻ യു.ഡി.എഫ് സർക്കാർ ഇതിനകം നിർദ്ദേശം നൽകിക്കഴിഞ്ഞു. പ്രതിവർഷം നാമമാത്രമായ തുക മാത്രമാണ് കേരള ബജറ്റിൽ വികസനത്തിന് മാറ്റിവെക്കാൻ ഉണ്ടാവുക. എം.എൽ.എ ഫണ്ട് ആവട്ടെ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ടോയ്ലറ്റ് പണിയാൻ പോലും തികയില്ല. റോഡുകൾക്കും പാലങ്ങൾക്കും സ്കൂൾ ആശുപത്രി കെട്ടിടങ്ങൾക്കും മറ്റ് ആധുനിക വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾക്കും യു.ഡി.എഫ് സർക്കാർ എവിടെനിന്നും പണം കണ്ടെത്തും?
നാടിന്റെ സമഗ്ര വികസനത്തിനാണ് എൽ.ഡി.എഫ് കിഫ്ബിയെ ഉപയോഗപ്പെടുത്തിയത്. ഇത് ജനങ്ങൾക്കറിയാം. എന്നാൽ യു.ഡി.എഫ് കിഫ്ബിയുടെ അന്ധകനായി മാറി. കിഫ്ബിയുടെ കൈവശമുള്ളതും ലഭ്യമായ വായ്പയുടെ അവസാന ഗഡു ധനകാര്യ സ്ഥാപനങ്ങളിൽ ഉള്ളതും ഉൾപ്പെടെ 30,000 കോടി രൂപ എന്തിനുവേണ്ടി ചെലവഴിക്കും? ഭരണ ചെലവുകൾക്ക് വേണ്ടിയാണോ? ഇതിനെല്ലാം വി. ഡി. സതീശൻ മറുപടി പറയേണ്ടതുണ്ട്. വികസനം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയാണ് കോൺഗ്രസ് ഭരണകാലത്ത് എല്ലാം ചെയ്തത്. അതിന് പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുക പോലും ചെയ്തു. ബി.ജെ.പി ആവട്ടെ പൊതുമേഖല വിറ്റു തുലക്കുകയും കോർപ്പറേറ്റ് വ്യവസായ സംരംഭങ്ങൾ രാജ്യവ്യാപകമായി ആരംഭിക്കുകയും ചെയ്തു. അതേ മാതൃകതന്നെയാണ് യു.ഡി.എഫും കേരളത്തിൽ സ്വീകരിച്ചുതുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ 10 വർഷം കേരളത്തിൽ ഉണ്ടായ വികസന മുന്നേറ്റം യു.ഡി.എഫ് അംഗീകരിക്കുന്നില്ലെങ്കിലും കേരള ജനത അംഗീകരിച്ചിട്ടുണ്ട്. കേരളം നശിച്ചാലും കോർപ്പറേറ്റുകളുടെ സന്തോഷം മാത്രം മുൻനിർത്തി ഭരിക്കുന്ന യു.ഡി.എഫ് നാട്ടിന് ആപത്താണ്.
