കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്. അതിന്റെ പഞ്ചായത്ത് തല പതിപ്പാണ് മറ്റത്തൂരിൽ നടന്നത്. കേവലം 4 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തിലെത്തിക്കാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച 8 കോൺഗ്രസ് അംഗങ്ങളും കൂറുമാറി വോട്ട് ചെയ്തു. ഇതിലൂടെ 10 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫിനെതിരെ വിജയം നേടാനും കോൺഗ്രസ്-ബിജെപി സഖ്യത്തിനായി.
ഇതേ മാതൃക നാം മുൻപ് കണ്ടത് അരുണാചൽ പ്രദേശിലാണ്. 2016ൽ അരുണാചൽ പ്രദേശിൽ നിയസഭയിലെത്തിയ 44 കോൺഗ്രസ് എം എൽ എമാരിൽ മുഖ്യമന്ത്രി അടക്കം 43 പേരും ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് പുതുച്ചേരിയിലും ഗോവയിലും ഇത് ആവർത്തിച്ചു. ഇപ്പോഴിതാ കേരളത്തിലും ബിജെപിക്കായി കോൺഗ്രസ് ഇതേ പാത തുറക്കുകയാണ്.
വാക്കൊന്ന് പ്രവൃത്തിയൊന്ന് എന്നത് കോൺഗ്രസ് ദീർഘകാലമായി സ്വീകരിച്ചുവരുന്ന നയമാണ്. ബിജെപിക്ക് വളരാനുള്ള വിളനിലം മാത്രമാണിന്ന് കോൺഗ്രസ്. മൂപ്പെത്തുന്ന ഘട്ടത്തിൽ ബിജെപി അക്കൂട്ടത്തിൽ നിന്ന് വിളവെടുക്കുന്നു. മറ്റത്തൂർ മോഡൽ ബിജെപിയുടെ ഏറ്റവും പുതിയ വിളവെടുപ്പാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. കോൺഗ്രസ് താൽക്കാലികമായി മാത്രം മധുരിക്കുന്ന വിഷമായിമാറിക്കഴിഞ്ഞു.
