Skip to main content

സംസ്ഥാന താൽപര്യ മുൻനിർത്തിയുള്ള നടപടികൾ എത്രയും പെട്ടെന്ന് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ പ്രതിഷേധം ഉയർന്നുവരും

പണം ഉണ്ടാക്കുന്നതിനും പദ്ധതിനടത്തിപ്പിനും സ്വകാര്യകുത്തകകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് കേരളത്തെ മാറ്റുന്നത് നാടിന് വലിയ തിരിച്ചടിയാവും. ഇത്‌ വിഭവങ്ങളും വികസനസാധ്യതകളും കുത്തകകൾ കൊള്ളയടിക്കുന്നതിലേക്കാണ് നയിക്കുക. 2500 കോടി രൂപ മുതൽമുടക്കിയ വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി 13000 കോടി രൂപയ്‌ക്ക്‌ വിറ്റ്‌ കാശാക്കുന്നത് ഈ കൊള്ളയടിക്കലിന്റെ ഭാഗമായാണ് സംഭവിക്കുന്നത്.

70 ശതമാനം പണവും ഭൂമിയും നൽകി, നിർമാണത്തിനും നടത്തിപ്പിനും 30 വർഷത്തേക്ക്‌ ലാഭവിഹിതം വാങ്ങാതെ അദാനിക്ക്‌ തുറമുഖം വിട്ടുകൊടുക്കുന്ന കരാറാണ്‌ ഉമ്മൻചാണ്ടി ഉണ്ടാക്കിയിരുന്നത് എന്നതുകൂടി നാം കാണണം. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന വിഴിഞ്ഞത്ത് നാടിന്റെ താല്പര്യം സംരക്ഷിക്കുവാൻ സർക്കാർ തയ്യാറാവണം. തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ നിലനിന്നാൽ മാത്രമേ നമ്മുടെ നാടിൻ്റെ വികസനത്തിന് സഹായകരമാകൂ.

വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി എംഎസ്‌സിക്ക് കൈമാറാനുള്ള അദാനിയുടെ നടപടി ആശങ്കാജനകമാണ്. തുറമുഖത്തിന്റെ നേട്ടങ്ങൾ സംസ്ഥാനത്തിൻ്റെ മുന്നേറ്റത്തിന് മുതൽക്കൂട്ടാവേണ്ടതുണ്ട്. എന്നാൽ തുറമുഖം ഒരു ഷിപ്പിംഗ് കമ്പനിയുടെ കുത്തകയായാൽ അത് സംസ്ഥാന താൽപര്യം ഹനിക്കുന്ന സാഹചര്യം ഉണ്ടാക്കും. വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി എംഎസ്‌സിക്ക് കൈമാറാൻ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഉടമ്പടി വച്ചത്‌ അനൗദ്യോഗികമായി സർക്കാരിനെ കമ്പനി അറിയിച്ചിരുന്നു എന്ന തരത്തിലുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.

പത്രവാർത്തയിലൂടെയാണ് വിവരങ്ങൾ അറിഞ്ഞത് എന്ന മുഖ്യമന്ത്രിയുടെ വാദം സംശയമുയർത്തുന്നതാണ്. ഗവർണ്ണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തപ്പോഴും , കാർഷിക സർവ്വകലാശാലയിൽ ആർ എസ് എസ് അനുഭാവിയെ വി സി ആയപ്പോഴും പറഞ്ഞ സമാന മറുപടിയാണിത് . കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ പ്രതിപക്ഷ നേതാവും , പത്രങ്ങളും അറിഞ്ഞിട്ടും മുഖ്യമന്ത്രി മാത്രം അറിഞ്ഞില്ല എന്ന് പറയുന്നത് എന്ത് വിരോധാഭാസമാണ്. നിയമസഭയിൽ പ്രതിപക്ഷനേതാവ് സഖാവ് പിണറായി വിജയൻ്റെ ഉപക്ഷേപത്തിന്‌ മുൻകൂട്ടി തയ്യാറാക്കിയ മറുപടിയാണ്‌ വി ഡി സതീശൻ നൽകിയത്‌. വിൽപ്പനയെപ്പറ്റി സതീശന്‌ കൃത്യമായി അറിയാമായിരുന്നുവെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്.

ഓഹരി വിൽപ്പന വേഗത്തിലാക്കാൻ അദാനി കമ്പനി നടപടി തുടങ്ങിയത് കൂടി നമ്മൾ കാണണം. ഉടമസ്ഥാവകാശം സംബന്ധിച്ച ഏത്‌ മാറ്റം വരുത്തലിനും സംസ്ഥാനത്തിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി വേണമെന്നാണ്‌ വിഴിഞ്ഞം തുറമുഖ കരാറിലെ പ്രധാന നിബന്ധന. ഔദ്യോഗിക അപേക്ഷ നൽകി, ബന്ധപ്പെട്ട വകുപ്പിൽ ഫയലാക്കി, അസിസ്റ്റന്റു മുതൽ തുറമുഖ മന്ത്രിവരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തുന്നതാണ്‌ നടപടിക്രമം. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയും പരിശോധിക്കണം. അതും കഴിഞ്ഞേ അനുമതി നൽകാവൂ.

എന്നാൽ, ജൂൺ 29ന്‌ ഉടമ്പടി വച്ചതിനുപിന്നാലെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്‌ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയെ സമീപിച്ചതിൻ്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. തുറമുഖവകുപ്പ്‌ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ഇതിന് കമ്പനി എങ്ങനെയാണ് ധൈര്യപ്പെടുക എന്ന് വ്യക്തമാക്കേണ്ടത് വി ഡി സതീശൻ തന്നെയാണ്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് ചാർട്ടേഡ് വിമാനത്തിൽ മംഗളൂരുവിലെത്തി സതീശൻ അദാനി കമ്പനി പ്രതിനിധികളെ കണ്ടതിന്റെ ദുരൂഹത ഈ പശ്ചാത്തലത്തില്‍ ഏറുകയാണ്. മാത്രമല്ല ഈ ഫയലുകൾ പരിശോധിക്കേണ്ട ധനകാര്യം , പോർട്ട് , നിയമ വകുപ്പുകളെല്ലാം സതീശന്റെ കയ്യിൽ നിലനിർത്തിയതും ഈ മംഗളൂരു യാത്രയുടെ തീരുമാനം ആണോ എന്ന് സതീശൻ പറയണം.

നമ്മുടെ നാടിൻ്റെ താൽപര്യത്തിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തെ വിദേശ കമ്പനിക്ക് വിൽക്കുന്നതിന് തുടക്കമിടുകയാണ് ഇപ്പോഴത്തെ നീക്കങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന ഈ ഓഹരി വില്പനയിലൂടെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളിൽ അന്താരാഷ്‌ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിക്ക് നിയന്ത്രണാധികാരം കൈവരുന്നത് ആശങ്കാജനകമാണ്. ഏതെങ്കിലും ഒരു കമ്പനി വിഴിഞ്ഞത്തെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടായാൽ മറ്റു കമ്പനികളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ വിഴിഞ്ഞത്ത് അടുക്കാൻ ആകില്ല.

മറ്റു കമ്പനികളുടെ ചരക്ക് കപ്പലുകൾ വിഴിഞ്ഞത്തെ ഉപേക്ഷിക്കുന്നത് കേരളത്തിന് വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്നത് ഗൗരവതരമായ കാര്യമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഉത്തരവാദിത്വം നിർവഹിക്കാതെ സർക്കാർ ഉരുണ്ടു കളിക്കുന്നത് കേരളത്തിൻ്റെ താൽപര്യങ്ങളെ തകർക്കുന്നതിന് കാരണമാകും. ഇത് അനുവദിക്കാനാവില്ല. സംസ്ഥാന താൽപര്യ മുൻനിർത്തിയുള്ള നടപടികൾ എത്രയും പെട്ടെന്ന് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ പ്രതിഷേധം ഉയർന്നുവരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.