Skip to main content

സഖാവ് വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷികം സമുചിതമായി ആചരിക്കണം

സിപിഐ എം സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുമായിരുന്ന സഖാവ് വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷികം ജൂലൈ 21 ന് സമുചിതമായി ആചരിക്കണം.

കയര്‍ ഫാക്ടറി തൊഴിലാളിയായ വിഎസിലെ നേതാവിനെ കണ്ടെത്തുന്നത്‌ പി കൃഷ്‌ണപിള്ളയാണ്‌. 1940 ല്‍ 17-ാമത്തെ വയസ്സില്‍ സഖാവ്‌ പാര്‍ടി അംഗമായി. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു വിഎസ്‌. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിലും സഖാവ് ഭാഗവാക്കായി. സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗമായും, കേരളത്തിന്റെ മുഖ്യമന്ത്രിയായും, പ്രവര്‍ത്തിച്ച വിഎസ്‌ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ അണിനിരന്നു. സാമ്പത്തിക സമത്വത്തിനും, സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്‍പന്തിയില്‍ തന്നെ അദ്ദേഹം അണിനിരന്നു. ഭൂസമരങ്ങളിലും സഖാവ് സജീവ സാന്നിദ്ധ്യമായി. ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു വിഎസിന്റേത്‌.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന്‌ കണ്ടുകൊണ്ട്‌ അദ്ദേഹം ഇടപെട്ടു. സ്‌ത്രീ സമത്വത്തിന്റെ ആശയങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയും, അവരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്‌തു. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത്‌ നിലയുറപ്പിച്ച്‌ ഭരണകൂടത്തിന്റെ മര്‍ദ്ദന സംവിധാനങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിക്കൊണ്ടാണ്‌ വിഎസ്‌ പ്രവര്‍ത്തിച്ചത്‌. മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയ അജണ്ടകളെ തുറന്നുകാട്ടാനും വിഎസ്‌ മുന്‍പന്തിയില്‍ നിന്നു.
വിഎസിന്റെ ചരമ ദിനം ആചരിക്കുന്ന ഈ ഘട്ടത്തില്‍ ദേശീയ തലത്തില്‍ ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള എല്ലാ ഗുണപരമായ മൂല്യങ്ങളേയും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സംഘപരിവാര്‍ മുഴുകുകയാണ്‌. അഖിലേന്ത്യാടിസ്ഥാത്തില്‍ നടത്തുന്ന പരീക്ഷകള്‍ പോലും തുടര്‍ച്ചയായി അട്ടിമറിക്കപ്പെടുകയാണ്‌. എല്ലാ ജനകീയാവശ്യങ്ങളെയും ചവിട്ടി മെതിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന സമീപനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.

കള്ളപ്രചാരവേലകള്‍ നടത്തിയും, എല്ലാ വര്‍ഗ്ഗീയതയേയും കൈകോര്‍ത്ത്‌ പിടിച്ചും യുഡിഎഫ്‌ അധികാരത്തില്‍ വന്നിരിക്കുകയാണ്‌. കേരളം നേടിയ എല്ലാ നേട്ടങ്ങളേയും തകര്‍ക്കുന്ന നടപടികളാണ്‌ കഴിഞ്ഞ ഒരു മാസക്കാലത്തിനിടയില്‍ കേരളത്തില്‍ നടന്നിട്ടുള്ളത്‌. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ അതേപോലെ നടപ്പിലാക്കുന്നതിനാണ്‌ യുഡിഎഫ്‌ ശ്രമിക്കുന്നത്‌. നയപ്രഖ്യാപനത്തിലും, ബജറ്റ്‌ പ്രസംഗത്തിലും കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മൗനം പാലിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌. കേരളത്തിലെ സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കുന്നതിനുള്ള ബിജെപി അജണ്ടകള്‍ക്കും ഇവര്‍ കൂട്ടുനില്‍ക്കുകയാണ്‌.

ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന സ്വകാര്യവല്‍ക്കരണ അജണ്ടകള്‍ അതേപോലെ നടപ്പിലാക്കുന്നതിനാണ്‌ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്‌. കേരളത്തിന്റെ വികസനത്തിന്‌ കുതിപ്പ്‌ നല്‍കേണ്ട വിഴിഞ്ഞം പദ്ധതിയെ സംസ്ഥാന താല്‍പര്യങ്ങളെ ഹനിക്കുന്നവിധം മുന്നോട്ടുകൊണ്ടുപോകുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍. കള്ളക്കേസുകള്‍ സൃഷ്ടിച്ച്‌ പാര്‍ടി നേതാക്കളെ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്ന നടപടികളിലേക്ക്‌ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉയര്‍ന്നുവരേണ്ട സാഹചര്യമാണ്‌ കേരളത്തില്‍ വളര്‍ന്നുവരുന്നത്‌. സംസ്ഥാനത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതസൗഹാര്‍ദത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടം കൂടിയാണത്‌.

ജീവിതം തന്നെ നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടമായി മാറ്റിയെടുത്ത വിഎസിന്റെ ഓര്‍മ്മകള്‍ ഇത്തരം പോരാട്ടങ്ങള്‍ക്ക്‌ കരുത്ത്‌ പകരും. സംസ്ഥാനത്തെമ്പാടും ദിനാചരണം വൈവിദ്ധ്യമാര്‍ന്ന പരിപാടികളിലൂടെ നടത്തുന്നതിന്‌ എല്ലാ പാര്‍ടി ഘടകങ്ങളും മുന്നിട്ടിറങ്ങണം. പാര്‍ടി ഓഫീസ്‌ അലങ്കരിച്ചും, പതാക ഉയര്‍ത്തിയും, അനുസ്‌മരണ സമ്മേളനം നടത്തിയും വിഎസിന്റെ സ്‌മരണ പുതുക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.