1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്ത് കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല. തിരുവിതാംകൂറുകാരുടെയും ഇന്ത്യക്കാരുടെയും മാത്രമല്ല, ലോകത്തിലെ മുഴുവൻ തൊഴിലാളികളുടെയും പൊതുസ്വത്താണ്. കഴിഞ്ഞ പത്തിരുപതുകൊല്ലമായിട്ടും തെക്കേ ഇന്ത്യയിൽവച്ച് ഏറ്റവും സംഘടിതമായ തിരുവിതാംകൂറിലെ തൊഴിലാളിപ്രസ്ഥാനം, ഇന്ത്യയിൽവച്ച് ഏറ്റവും ആദ്യമായിട്ട് തുടങ്ങിയ തൊഴിലാളികളുടെ യൂണിയനാണ്. ആ യൂണിയനെ പൊളിക്കാനും നശിപ്പിക്കാനും പലരും ശ്രമിച്ചിട്ടുണ്ട്. ആ യൂണിയനിൽപ്പെട്ട തൊഴിലാളികളെ കൊല്ലാനും തല്ലാനും ശ്രമിച്ചിട്ടുണ്ട്. അടിച്ചിട്ടുണ്ട്, കൊന്നിട്ടുണ്ട്. ഇതെല്ലാം കൊണ്ടും ഇവിടത്തെ തൊഴിലാളികളെയും നാട്ടുകാരെയും അടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതൊന്നും ഏറ്റിട്ടില്ലെന്നും എല്ലാവർക്കും അറിയാം... ആലപ്പുഴ തൊഴിലാളികളുടെ യൂണിയൻ- ആലപ്പുഴ തൊഴിലാളികളുടെയിടയിൽനിന്ന് ഉയർന്ന തൊഴിലാളിപ്രവർത്തകനാണ്. ഇവരാണ് ലോകത്തിന്റെ ഭാവിയെ മാറ്റുന്നത് എന്ന് എനിക്കറിയാം, കേരളത്തിലും ഇന്ത്യയിലുമുള്ള ആളുകൾക്കറിയാം... ആലപ്പുഴ തൊഴിലാളിപ്രസ്ഥാനവും ഇവിടത്തെ യൂണിയനുകളും കമ്യൂണിസ്റ്റ് പാർടിയും പാർടി നേതാക്കന്മാരുമെല്ലാം 98 ശതമാനം തൊഴിലാളികളും തൊഴിലാളിപ്രസ്ഥാനത്തിൽനിന്നും ഉയർന്നവരുമാണെന്ന്...” (പൊലീസ് രേഖകളിലുള്ള ഇ എം എസിന്റെ പ്രസംഗത്തിൽനിന്ന് ) ഈ പ്രസംഗം കേൾക്കാൻ അന്ന് 24 വയസ്സായിരുന്ന വി എസ് ആലപ്പുഴയിൽ ഉണ്ടായിരുന്നില്ല. പുന്നപ്ര–വയലാർ സമരത്തെത്തുടർന്ന് പൂഞ്ഞാറിൽ ഒളിവിലായിരുന്ന വി എസ്, അന്ന് കസ്റ്റഡിയിൽ നേരിട്ട കൊടിയ മർദനശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ നീണ്ട നാലുവർഷത്തെ തടവിലായിരുന്നു. 1946ലെ പുന്നപ്ര–വയലാർ സമരം കഴിഞ്ഞ് ആദ്യമായി ഇ എം എസ് ആലപ്പുഴയിൽ പ്രസംഗിക്കുകയുമായിരുന്നു.
ആലപ്പുഴയിലെ ഈ തൊഴിലാളിപ്രസ്ഥാനത്തിന്റെ മൂശയിലിട്ട് അടിച്ചുരുക്കി വാർത്തെടുത്ത രാഷ്ട്രീയപ്രതിഭയായിരുന്നു സഖാവ് വി എസ്. വേണ്ടത്ര ഔപചാരികവിദ്യാഭ്യാസം നേടിയ ആളായിരുന്നില്ല വി എസ്, ഉന്നതകുലപാരമ്പര്യമോ ജന്മി-–നാടുവാഴി പശ്ചാത്തലമോ ധനികപശ്ചാത്തലമോ ഉള്ള ആളുമായിരുന്നില്ല. പക്ഷേ, അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ ആദർശങ്ങളുടെയും സ്വപ്‌നങ്ങളുടെയും പതാകവാഹകനായി. 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിലും 1940ൽ കമ്യൂണിസ്റ്റ് പാർടിയിലും അംഗമായി ചേർന്ന വി എസ്, 2025ൽ ഒരു പൂർണ മനുഷ്യായുസ്സിന്റെ സംഭാവനകൾ നിർവഹിച്ചശേഷം അന്തരിക്കുംവരെ കേരളത്തിലെ തൊഴിലാളികളുടെ ശബ്ദമായിരുന്നു.
വിപ്ലവപ്രസ്ഥാനങ്ങൾ ഇങ്ങനെ അസാധാരണ പ്രതിഭാശാലികളെ സൃഷ്ടിക്കും. ചിത്തൊ ഘോഷ് എന്ന ബംഗാളി തൊഴിലാളി ഇന്ത്യയിലെ ഏറ്റവും വലിയ കലാകാരനായതും കെ എസ് ജോർജ് എന്ന ഫാക്ടറിത്തൊഴിലാളി കേരളത്തിലെ ഏറ്റവും വലിയ ഗായകരിലൊരാളായതും ഇങ്ങനെയാണ്. ഇത്തരത്തിൽ ആയിരക്കണക്കിന് പ്രതിഭാശാലികളെ ഊതിക്കാച്ചിയ പ്രസ്ഥാനമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടി. അത്തരത്തിൽ തന്റെ പ്രതിഭ രാഷ്ട്രീയപ്രവർത്തനത്തിൽ അരങ്ങേറ്റിയ ഒരു വിപ്ലവകാരിയാണ് വി എസ് അച്യുതാനന്ദൻ.
കമ്യൂണിസ്റ്റ് പാർടി ഏറെ വെല്ലുവിളികൾ നേരിട്ട 1946–-1950 കാലത്തിനുശേഷം പാർടി പുതിയൊരു ജനകീയ പന്ഥാവിലേക്ക് തിരിഞ്ഞ 1952ൽ തിരു–കൊച്ചി സംസ്ഥാനത്തെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി വി എസ് തെരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരളം നിലവിൽ വന്ന 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി. 1959-ൽ കമ്യൂണിസ്റ്റ് പാർടി ദേശീയ കൗൺസിൽ അംഗമായ അദ്ദേഹം, 1964-ൽ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിച്ച 32 പേരിൽ ഒരാളായി. അന്നുമുതൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം. 1964 മുതൽ 1970 വരെ സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. 1980 മുതൽ 1991 വരെ മൂന്നുതവണ പാർടി സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, 1986 മുതൽ 2009 വരെ 23 വർഷം പാർടിയുടെ പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഏഴുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, മൂന്നുതവണ പ്രതിപക്ഷനേതാവുമായിരുന്നു.
1970കളിൽ വിദ്യാർഥിസംഘടനാ പ്രവർത്തകൻ എന്ന നിലയിൽ തുടങ്ങി പിൽക്കാലത്ത് പാർടി സംസ്ഥാന കമ്മിറ്റിയിലും 1989 മുതൽ കേന്ദ്ര കമ്മിറ്റിയിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്കുണ്ടായി. 2006–-11ൽ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയിൽ അംഗമായി പ്രവർത്തിക്കുകയും ചെയ്തു.
പാർടിയിൽ നയപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായ 1948 കാലത്തായാലും 1964നുമുമ്പുള്ള കാലത്തായാലും സഖാവ് വി എസിന്റെ നിലപാടുകൾ സിദ്ധാന്തവാശികൾക്കപ്പുറത്ത് ഒരു തൊഴിലാളിയുടെ വീക്ഷണത്തിലൂന്നിയതായിരുന്നു. ഗാന്ധിജി ഒരിക്കൽ നൽകിയ ഒരു സാരോപദേശമുണ്ടല്ലോ, “നിങ്ങൾക്ക് സംശയം തോന്നുമ്പോൾ, നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദരിദ്രനും നിസ്സഹായനുമായ മനുഷ്യന്റെ മുഖം ഓർമിക്കുക, നിങ്ങൾ എടുക്കുന്ന നടപടി അദ്ദേഹത്തിന് എന്തെങ്കിലും പ്രയോജനം ചെയ്യുമോ എന്ന് സ്വയം ചോദിക്കുക. അതിലൂടെ അയാൾക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമോ? അത് അയാളുടെ സ്വന്തം ജീവിതത്തിനും വിധിക്കും മേലുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുമോ?” ഈ സാരോപദേശത്തിലെ ദരിദ്രൻ എന്നതിനെ തൊഴിലാളി എന്നാണ് വി എസ് വിവർത്തനം ചെയ്തത്. ഒരു ഗാന്ധിവാദി അല്ലായിരുന്നുവെങ്കിലും താൻ ചെയ്യുന്ന ഏതു പ്രവൃത്തിയും ഏറ്റവും ദരിദ്രനും നിസ്സഹായനുമായ തൊഴിലാളിക്ക് എന്തു പ്രയോജനം ചെയ്യുമെന്ന് ഓരോ വട്ടവും ആലോചിച്ചിരുന്നു സഖാവ് വി എസ്.
ഇന്ത്യ ഇന്ന് ഒരു നിയോ ഫാസിസ്റ്റ് ഭരണത്തിലേക്ക് നീങ്ങുകയാണ്. ഫാസിസ്റ്റ് മതരാഷ്ട്രസംഘമായ ആർഎസ്എസാണ് മോദി–-അമിത്ഷാ ഭരണത്തെ നിയന്ത്രിക്കുന്നത്. എല്ലാ അർഥത്തിലും പിന്തിരിപ്പന്മാരും ജനാധിപത്യവിരുദ്ധരും തൊഴിലാളിവിരുദ്ധരും മനുവാദികളുമായ ഇവരുടെ ഓരോ നടപടിയും നമ്മുടെ രാജ്യത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോകുന്നു. ഇന്ത്യയിലെ ഇടതുപക്ഷം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു ഘട്ടവുമാണിത്. 1977നുശേഷം ഇടതുപക്ഷം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണത്തിലില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. മാത്രമല്ല, ഇന്ത്യൻ പാർലമെന്റിലും നിയമസഭകളിലും നമ്മുടെ പ്രാതിനിധ്യം വളരെ പരിമിതമാണ്. ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനത്തെ ആസൂത്രിതമായി തടസ്സപ്പെടുത്താൻ ഇന്ത്യൻ മുതലാളിത്തവും വർഗീയവാദികളും അനുസ്യൂതം പ്രവർത്തിക്കുന്നു. അതോടൊപ്പം ഈ ഭരണകൂടത്തോട് വളർന്നുവരുന്ന അസംതൃപ്തി യുവജനങ്ങളെ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരാക്കുന്നു. അസമത്വവും ചൂഷണവും അടിച്ചമർത്തലും നിമിത്തം ദുസ്സഹജീവിതത്തിലാഴ്ന്നവരുടെ പ്രശ്നങ്ങൾ ആസ്പദമാക്കി ജനകീയ പ്രക്ഷോഭങ്ങൾ കൂടുതൽ വ്യാപകമായി ഏറ്റെടുക്കാൻ സിപിഐ എം പരിശ്രമിക്കുകയാണ്. അതിനായി വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്. സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട് കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്.
