അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്. രണ്ട്, പിഎംഎവൈ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ സഹായം കിട്ടാൻ ലൈഫ് മിഷൻ വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയും ലോഗോയും പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് തദ്ദേശ മന്ത്രി കെ എം ഷാജി പറഞ്ഞതിനെ അഭിനന്ദിക്കുന്ന മേയറും കയ്യടിക്കുന്ന ഭരണപക്ഷ കൗൺസിലർമാരും! ഇത് രണ്ടും ബിജെപിയുടെ അവസരവാദ നയവും ഗുണ്ടായിസവും യുഡിഎഫുമായുള്ള ഡീലും വ്യക്തമാക്കുന്നതാണ്.
വനിതാ കൗൺസിലർമാർ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യുകയും കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ ഹാജർ രേഖപ്പെടുത്താൻ അനുവദിക്കാതിരിക്കുകയും ചെയ്തതെല്ലാം കാപ്പ കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടിയായിരുന്നു. കാപ്പ കേസിലെ പ്രതിയെ സാധാരണഗതിയിൽ കൗൺസിലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. മാത്രമല്ല, ഇത്തരം ക്രിമിനലുകൾക്ക് ദീർഘകാലം നാടുവിട്ടു പുറത്തുപോവുകയും ജയിലിൽ കഴിയേണ്ടി വരികയും ചെയ്യുമ്പോൾ എങ്ങനെയാണ് ജനസേവനം നടത്താൻ കഴിയുക? ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു കാര്യമാണത്.
തിരുവനന്തപുരം കോർപ്പറേഷനിലെ കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ നോക്കുന്ന ബിജെപി കൗൺസിലർമാരിൽ പലരും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പല കേസുകളിലും പ്രതിസ്ഥാനത്ത് നിൽക്കുന്നവരാണ്. അവരാണ് പ്രതിപക്ഷത്തെ വനിതാ കൗൺസിലർമാർ അടക്കമുള്ളവരെ കയ്യേറ്റം ചെയ്തത്. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണ് കൗൺസിലിൽ ഉണ്ടായ കാര്യങ്ങൾ.
രണ്ടാമതായി കൗൺസിൽ യോഗത്തിൽ ഒരു വീഡിയോ പ്രദർശിപ്പിച്ച് മേയർ നടത്തിയ പ്രസംഗമാണ്. വീഡിയോവിൽ മാധ്യമങ്ങളോട് തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി പറയുന്ന കാര്യങ്ങൾ പ്രദർശിപ്പിക്കുന്നു. അത് ലൈഫ് മിഷൻ വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയും ലോഗോയും പതിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അത് തങ്ങൾ ചെയ്യുമെന്നുമുള്ള പ്രഖ്യാപനമാണ്. തിരുവനന്തപുരം കോർപ്പറേഷൻ കുറച്ചുമുമ്പ് അത്തരത്തിലുള്ള അടയാളങ്ങൾ ലൈഫ് മിഷൻ വീടുകളിൽ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞപ്പോൾ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തങ്ങൾ നേരത്തെ പറഞ്ഞ കാര്യം ഇപ്പോൾ മന്ത്രിയും പറഞ്ഞതിനാൽ മന്ത്രിയെ അഭിനന്ദിക്കുന്നു എന്നാണ് മേയറുടെ വർത്തമാനം. ഒരു കാര്യം വ്യക്തമാണ്, ബിജെപി - യുഡിഎഫ് ഡീൽ. അത് മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് ഷാജിയും തെളിയിക്കുന്നു.
