വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം ഇന്ന് ആരംഭിക്കുകയാണ്. കൽപ്പറ്റ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ ആഗ്രഹിക്കുന്നതുപോലെ പുതിയ പുലരികൾക്കായുള്ള ഒരു ദൗത്യത്തിനാണ് ഇതിലൂടെ തുടക്കമിടുന്നത്. കേരളം കണ്ട ഏറ്റവും വലിയൊരു പ്രകൃതിദുരന്തം അതിജീവിച്ചവർക്കു തണലൊരുക്കാൻ സംസ്ഥാന സർക്കാർ നാലാം വാർഷികത്തിന് തയ്യാറെടുക്കുന്ന വേളയിൽത്തന്നെ കഴിയുന്നതിലെ ആശ്വാസം ചെറുതല്ല.
അതിതീവ്രമായ ഒരു ദുരന്തമുണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ അർഹിക്കുന്ന നഷ്ടപരിഹാരം നൽകുന്നതാണ് പതിവ്. ഉരുൾപൊട്ടലുണ്ടായത് ജൂലൈ 30ന് ആണെങ്കിൽ, ആഗസ്‌ത് 17 നു തന്നെ കേരളം ആദ്യത്തെ മെമ്മോറാണ്ടം യൂണിയൻ സർക്കാരിന് നൽകി. വിദഗ്ധർ തയ്യാറാക്കിയ വിശദമായ പിഡിഎൻഎ റിപ്പോർട്ടും നിശ്ചിത കാലാവധിക്കു മുമ്പ് സമർപ്പിച്ചു. എന്നാൽ, കേന്ദ്ര സർക്കാർ ഇനിയും സഹായം ലഭ്യമാക്കിയിട്ടില്ല. എങ്കിലും സുമനസ്സുകളുടെ സഹായത്തോടെ ഒരുമയുള്ള കേരളം വളരെ വേഗത്തിൽ പ്രതിബന്ധങ്ങളെ അതിജീവിക്കുകയാണ്. പ്രതിസന്ധിയുടെ മുന്നിൽ തളർന്നിരിക്കലല്ല, അതിജീവനത്തിന്റെ വഴികൾ തേടുകയാണ് പരിഷ്‌കൃതമായ ഒരു സമൂഹത്തിന്റെ കടമയെന്ന് നാം ഒരിക്കൽക്കൂടി തെളിയിക്കുകയാണ്.
402 കുടുംബങ്ങൾക്കാണ് മേപ്പാടിയിൽ വാസസ്ഥലം ഒരുക്കുന്നത്. വാസയോഗ്യമാണെങ്കിലും ദുരന്തമേഖലയിൽ ഒറ്റപ്പെട്ടുപോയ 73 കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് ടൗൺഷിപ് നിർമിക്കുന്നത്. ഒന്നാംഘട്ട പട്ടികയിൽ താമസസ്ഥലം പൂർണമായും നഷ്ടമായി മറ്റെവിടെയും വീടില്ലാത്ത 242 കുടുംബങ്ങളാണുള്ളത്. വാസയോഗ്യമല്ലാത്ത ഇടങ്ങളിൽ വീടുള്ളവരാണ് രണ്ടാംഘട്ട പട്ടിക എ ലിസ്റ്റിലുള്ള 87 കുടുംബങ്ങൾ. ദുരന്തമേഖലയിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ നിശ്ചയിച്ച ബി ലിസ്റ്റിൽ അപ്പീൽ സ്വീകരിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്.
ദുരന്തബാധിതരുടെ ആവശ്യപ്രകാരം അവർക്ക് ഏറ്റവും അടുത്ത് ലഭ്യമാകുന്ന സ്ഥലത്താണ് ടൗൺഷിപ്പ് നിർമിക്കുന്നത് എന്നതും ഈ ദുരന്ത പുനരധിവാസത്തിന്റെ സവിശേഷതയാണ്. കൽപ്പറ്റ വില്ലേജിലെ എൽസ്‌റ്റൺ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് ഒരുങ്ങുന്നത്. നഗര പ്രദേശത്തോടു ചേർന്നു കിടക്കുന്ന ഭൂമിയിൽ ഏഴുസെന്റിൽ ഒരു വീട് എന്ന നിലയിലാണ് സർക്കാർ ഭവന നിർമാണം യാഥാർഥ്യമാക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോർട്സ് ക്ലബ്, ഓപ്പൺ എയർ തിയറ്റർ തുടങ്ങിയവയാണ് ഇവിടുത്തെ അനുബന്ധ സൗകര്യങ്ങൾ. ആകെ 64.4075 ഹെക്ടർ ഭൂമിയിൽ അത്യാധുനിക സൗകര്യങ്ങളാണ് ദുരന്തത്തെ അതിജീവിച്ചവർക്കായി മേപ്പാടിയിൽ ഒരുക്കുന്നത്.
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കും വിധത്തിലാണ് ടൗൺഷിപ്പിലെ വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നത്. രണ്ട് കിടപ്പുമുറികൾ, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവയെല്ലാം വീടുകളിൽ ഉറപ്പാക്കും. ഒരു ക്ലസ്റ്ററിൽ 20 വീടുകൾ. തുടക്കമെന്ന നിലയിൽ ആദ്യം ഒരു മാതൃകാ വീടിന്റെ നിർമാണം. വീടിന്റെ ഗുണനിലവാരം മനസ്സിലാക്കാനും സന്ദർശനത്തിനും പൊതുജനങ്ങൾക്ക് അവസരം നൽകും. 1,000 ചതുരശ്രയടിയിൽ ഭാവിയിൽ ഇരുനില നിർമിക്കാൻ കഴിയുന്ന അടിത്തറ ഒരുക്കിയാണ് വീട് ഉയരുക.
വിവിധ പഠനങ്ങളും സർവേകളും പൂർത്തിയാക്കിയാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി എൽസ്റ്റോൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ടൗൺഷിപ്പിന്റെ സ്കെച്ച് കിഫ്ബിക്ക് കീഴിലുള്ള കിഫ്കോണാണ് തയ്യാറാക്കിയത്. സ്കെച്ചിന്റെ അടിസ്ഥാനത്തിൽ യുഎൽസിസിഎസ് വീടുകളുടെയും കെട്ടിടങ്ങളുടെയും വിശദമായ പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു.
ദുരന്തബാധിതർക്ക് ഇതുവരെ 25.64 കോടി രൂപയാണ് സർക്കാർ പണമായി നൽകിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായം, പരിക്കേറ്റവർക്കും കിടപ്പുരോഗികൾക്കുമുള്ള ചികിത്സാസഹായം, മൃതദേഹങ്ങൾ സംസ്കരിക്കാൻ നൽകിയ തുക, ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്ത അടിയന്തര സഹായം, ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ദിവസം 300 രൂപവീതം നൽകുന്ന ജീവനോപാധി, വീട്ടുവാടക എന്നിവയായാണ് ഈ തുക നൽകിയത്.
ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപൊട്ടൽ ബാധിതരിൽ ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ പതിനഞ്ച് ലക്ഷം രൂപയാണ് നൽകുന്നത്. ദുരന്തമേഖലയിലെ അഞ്ച് എസ്‌ടി കുടുംബങ്ങൾക്ക് അവരുടെ താൽപ്പര്യപ്രകാരമുള്ള പുനരധിവാസം ഉറപ്പാക്കുന്ന സർക്കാർ പ്രവർത്തനപുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന നിരീക്ഷണ കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധനാ കമ്മിറ്റിയുണ്ട്. ദൈനംദിന പ്രവർത്തനത്തിനായി ഒരു സ്പെഷ്യൽ ഓഫീസറുണ്ട്. ഇങ്ങനെ മേൽനോട്ടത്തിന് ഏറ്റവും മികച്ച സംവിധാനമൊരുക്കുന്ന സംസ്ഥാന സർക്കാർ ദുരന്ത ഭൂമിയിലെ നിസ്സഹായരായ മനുഷ്യരുടെ ജീവിത സ്വപ്നങ്ങളെ വീണ്ടെടുക്കാൻ സാഹചര്യങ്ങൾ ഒരുക്കി നൽകുകയാണ്.
റേഷൻ കാർഡ് അടക്കമുള്ള രേഖകൾ നഷ്ടമായ ദുരന്ത ഭൂമിയിലെ മനുഷ്യരിൽ 878 പേർക്കായി 1,162 അവശ്യ സേവന രേഖകളാണ് ദിവസങ്ങൾക്കകം സംസ്ഥാന സർക്കാർ വിതരണം ചെയ്തത്. ദുരന്തശേഷം 24 ദിവസത്തിനുള്ളിൽ 728 കുടുംബങ്ങൾക്കും താൽക്കാലിക താമസ സൗകര്യം ഒരുക്കിയ സംസ്ഥാന സർക്കാർ വാടകയും ദിനബത്തയും അടക്കമുള്ള സാമ്പത്തികസഹായങ്ങൾ നൽകി. ഭക്ഷണക്കിറ്റ്, ഫർണിച്ചറുകൾ തുടങ്ങിയ ഭൗതികസൗകര്യങ്ങൾ ഒരുക്കിയും ദുരന്തകാഴ്ചകളുടെ മുറിവുണങ്ങാൻ കൗൺസലിങ് സൗകര്യം നൽകിയുമൊക്കെയാണ് നമ്മൾ ദുരന്തബാധിതരുടെ കരം പിടിച്ചത്. 32–-ാം ദിവസം മേപ്പാടി സ്കൂളിൽ അധ്യയനം ആരംഭിച്ചു. ദുരിതബാധിതരുടെ കേരള ബാങ്കിലെ മുഴുവൻ വായ്പയും എഴുതിത്തള്ളി. ചൂരൽമലയിലെ ദുരന്തബാധിതരുടെ പൊതുമേഖലാ ബാങ്കുകളിലെ കടങ്ങൾ എഴുതിത്തള്ളണം എന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടലുകൾ തുടരുകയാണ്.
ഒരൊറ്റ രാത്രികൊണ്ട് മുണ്ടക്കൈയിലും ചൂരൽമലയിലുമായി അതിഭീമമായ നാശനഷ്ടമാണ് ഉണ്ടായത്. പുനർനിർമാണത്തിനും പുനരധിവാസത്തിനും 2,221 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. സുമനസ്സുകളുടെകൂടി സഹകരണത്തോടെയാണ് കേരളം ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരങ്ങളാണ്, വിങ്ങുന്ന വയനാടിന് തണലൊരുക്കാൻ ആവുന്ന സംഭാവനകൾ നൽകിയത്. സഹായ വാഗ്ദാനങ്ങൾ ഏകോപിപ്പിച്ച്, സമഗ്രവും സുതാര്യവുമായ സംവിധാനം രൂപീകരിക്കുന്ന സംസ്ഥാന സർക്കാർ എൽസ്റ്റോൺ എസ്റ്റേറ്റിൽ വീടുകൾ നിർമിച്ച് നൽകുന്നതിനൊപ്പം ദുരന്തത്തെ അതിജീവിച്ചവർക്ക് ഉപജീവന മാർഗവും സാധ്യമാക്കുകയാണ്.
പുനരധിവാസത്തിന്റെ ഈ ഘട്ടത്തിലും കേരളം ദുരിതബാധിതർക്കൊപ്പമാണ്. ഒറ്റ രാത്രികൊണ്ട് അനാഥമായ ജീവിതങ്ങൾക്കും, സ്വന്തമായതും സ്വരുക്കൂട്ടിയതും നഷ്ടപ്പെട്ടവർക്കും, ഒപ്പമാണ് ഈ സർക്കാർ. അതുകൊണ്ടുതന്നെയാണ് കേവലം 9 മാസം കൊണ്ടുതന്നെ ദുരന്തബാധിതരായവരുടെ ജീവിതം കെട്ടുറപ്പുള്ളതാക്കുന്ന ടൗൺഷിപ്പിന് നമ്മൾ ആരംഭം കുറിക്കുന്നത്. പുതുവർഷ ദിനത്തിലാണ് കേരളം പുനർനിർമാണ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചത്. അതിന്റെ സാഫല്യമാണ് ടൗൺഷിപ് നിർമാണത്തിന്റെ തുടക്കം. വാഗ്ദാനം എന്തായാലും, എന്തുവിലകൊടുത്തും അത് നിറവേറ്റുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ രീതി. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് മേപ്പാടിയിലെ ടൗൺഷിപ്.
