സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്. 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിലെ കമ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മർദ്ദിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ദിവസങ്ങൾക്കുള്ളിലാണ് ആഗസ്ത് രണ്ട് കുടിയാന്മല രക്തസാക്ഷി ദിനാചരണം ഉണ്ടായത്. അവിടെ നടന്ന പരിപാടിയിൽ ജോസഫിനൊപ്പം ഞാനും പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം ജോസഫിൻ്റെ വീട്ടിൽ വച്ചാണ് ഞങ്ങളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തത്. ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ജോസഫ് വർധിത വീര്യത്തോടെ പാർടി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മികച്ച സംഘാടകനായി വളർന്ന അദ്ദേഹം മികച്ച പ്രാസംഗികനുമായിരുന്നു. പാർടി ജില്ലാ കമ്മിറ്റിയംഗമായും ജില്ലാ സെക്രട്ടറിയേറ്റംഗമായും ഉയർന്നു. കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് എന്ന നിലയിൽ സഹകരണ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ചു. വ്യക്തിപരമായി എനിക്ക് ഏറെ പ്രിയപ്പെട്ട ജോസഫ് അസുഖബാധിതനായപ്പോൾ ഈയിടെ ആശുപത്രിയിലും ചെന്ന് കണ്ടിരുന്നു. ജില്ലയിൽ പൊതുവേയും തളിപ്പറമ്പിലും മലയോരമേഖലകളിലും മികവാർന്ന നേതൃപാടവ ശേഷിയിലൂടെ ജനങ്ങളെ പാർടിയോട് കൂടുതൽ ഇണക്കി ചേർത്ത നേതാവിനെയാണ് കെ എം ജോസഫിൻ്റെ വേർപാടിലൂടെ നഷ്ടമാകുന്നത്. പാർടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
