അമേരിക്ക പ്രഖ്യാപിക്കുകയും ഇസ്രയേൽ അംഗീകരിക്കുകയും ചെയ്‌ത വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഗാസയിലേക്ക് നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. ഇസ്രയേൽ ആക്രമണം വെടിനിർത്തൽ കരാറിന്റെ ദുർബലതയാണ് വെളിപ്പെടുത്തുന്നത്. വെടിനിർത്തലിനെ കൊട്ടിഘോഷിച്ച അമേരിക്ക അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക കൂടി വേണം. പലസ്‌തീൻ മേഖലകളിലേക്ക് കടന്നുകയറിയുള്ള ഇസ്രയേലിന്റെ വിപുലീകരണ നയത്തെ ചെറുത്തുകൊണ്ടു മാത്രമേ ഇത് സാധിക്കൂ.
വെടിനിർത്തൽ പാലിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന് മേൽ സമ്മർദം ശക്തിപ്പെടുത്തണം. പലസ്‌തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടും അമേരിക്കയും സഖ്യരാജ്യങ്ങളും ഇസ്രയേലിന് നൽകി വരുന്ന സൈനികവും രാഷ്ട്രീയവുമായ പിന്തുണ അവസാനിപ്പിച്ചുകൊണ്ടും മാത്രമേ ഗാസയിലും വെസ്‌റ്റ്‌ബാങ്കിലും സ്ഥിരമായ സമാധാനം ഉറപ്പാക്കാനാകൂ







