Skip to main content

കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനം ഒച്ചിഴയുന്ന വേഗത്തിലാവും, യുഡിഎഫിൻ്റെ വികസനവിരുദ്ധ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരും

കിഫ്ബി ഫലത്തിൽ വേണ്ടെന്നുവയ്ക്കാൻ വിദഗ്ദസമിതി മുന്നോട്ട് വയ്ക്കുന്ന വാദം ഇതാണ്: കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്‍റെ അനുവദനീയ വായ്പയിൽ നിന്ന് കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കും. അങ്ങനെ ഇതിനകം 25,000 കോടി രൂപയുടെ വായ്പ എൽഡിഎഫ് ഭരണകാലത്ത് വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് വിദഗ്ധസമിതി കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് ഇനി കിഫ്ബി വഴി വായ്പ എടുക്കേണ്ട. സർക്കാർ നേരിട്ട് എടുത്താൽ മതി.

പക്ഷേ, സർക്കാർ വായ്പ എടുക്കുന്നതിന് കൃത്യമായ പരിധിയുണ്ട്. മാത്രമല്ല, സാമൂഹ്യ ചെലവുകൾ കേരളത്തിൽ ഉയർന്നതായതുകൊണ്ട് സർക്കാർ വായ്പയുടെ നല്ലപങ്കും അതിനായി ചെലവഴിക്കേണ്ടി വരുന്നു. ഈയൊരു സാഹചര്യംമൂലമാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കേരള സർക്കാരിൻ്റെ മൂലധനച്ചെലവിൻ്റെ തോത് മറ്റു സംസ്ഥാനങ്ങളുടെ പകുതിയിൽ താഴെയായി തുടരുന്നത്. ഇതിനൊരു മാറ്റം വരുത്താനാണ് കിഫ്ബി രൂപീകരിച്ചത്. യുഡിഎഫ് ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനം കിഫ്ബിക്ക് മുമ്പ് നാം സ്വീകരിച്ചിരുന്ന സമീപനം തുടരാനാണ്. എന്നുവച്ചാൽ നമ്മുടെ പശ്ചാത്തലസൗകര്യ പിന്നോക്കാവസ്ഥ തുടരും. ഇത് കേരളത്തിന് വിനാശകരമാണ്.

അപ്പോൾ നാം എന്താണ് ചെയ്യേണ്ടത്? സുപ്രീംകോടതിയിൽ കേരള സർക്കാർ കിഫ്ബിയുമായി ബന്ധപ്പെട്ട കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോവുക. അതിന് ബലം നൽകാൻ വേണ്ടി കിഫ്ബിയുടെ പ്രവർത്തന മോഡലിൽ ചില ഭേദഗതികൾ കൊണ്ടുവരിക. ഇത് സംബന്ധിച്ച് പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിയമസഭയിൽ തന്നെ വിശദമായ പ്രസ്താവന നടത്തിയിട്ടുണ്ട്. അവിടുന്ന് തുടങ്ങാം. ദുരഭിമാനം വെടിഞ്ഞ് പ്രതിപക്ഷവുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാവണം.

ഒരുപക്ഷേ നമുക്ക് സ്വീകരിക്കാൻ പറ്റുന്ന ചില മാറ്റങ്ങൾ സൂചിപ്പിക്കട്ടെ. പരമാവധി പ്രോജക്ടുകൾ റവന്യൂ മോഡലിലേക്ക് നീക്കണം. അഥവാ ഇനി ഏറ്റെടുക്കുന്ന വൻകിട റോഡുകൾ, പാലങ്ങൾ തുടങ്ങിയവയ്ക്ക് ചെലവിന്‍റെ ഗണ്യമായ ഒരു പങ്ക് വയബിലിറ്റി ഫണ്ടിംഗ് എന്ന രീതിയിൽ സർക്കാർ ഇനിയും നൽകണം. ബാക്കി ഒരു ഭാഗം നാൽപ്പതോ, അമ്പതോ വർഷംകൊണ്ട് ചെറിയ ഒരു സർവീസ് ഫീ വാഹനങ്ങളിൽ നിന്ന് ഈടാക്കി സമാഹരിക്കാം. ചെറിയ വാഹനങ്ങൾക്കും പ്രദേശവാസികൾക്കും സമ്പൂർണ്ണ ഒഴിവും നൽകാം.

അതല്ലെങ്കിൽ കിഫ്ബി നിർമ്മിക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയ ആസ്തികൾക്ക് പ്രതിമാസ വാടകയെന്ന നിലയിൽ സർക്കാരിന് സഹായം നൽകാവുന്നതാണ്. ഇപ്രകാരം മുതൽമുടക്ക് വാടകയായി തിരിച്ചു നൽകി കഴിയുമ്പോൾ സ്ഥാപനത്തിന്‍റെ പൂർണ അധികാരം സർക്കാറിൽ വീണ്ടും നിക്ഷിപ്തമാകും. അതുപോലെ മറ്റു പല സാധ്യതകളും ചർച്ച ചെയ്യാം.

എന്നാൽ യുഡിഎഫ് സുപ്രീംകോടതിയിലെ കേസ് തന്നെ തോറ്റു കൊടുത്തിരിക്കുകയാണ്. എന്തെല്ലാമാണോ കേന്ദ്രസർക്കാറിന്‍റെ വാദങ്ങൾ അതെല്ലാം വിദഗ്ധസമിതി വിലയിരുത്തലുകളായി റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ്. അതിനെ കാബിനറ്റ് അംഗീകരിച്ചൂവെന്നാണ് പറയുന്നത്. അങ്ങനെ സംസ്ഥാന താൽപര്യം വെടിഞ്ഞ് ബിജെപി കേന്ദ്രസര്‍ക്കാറിന് പരിപൂര്‍ണ്ണമായി കീഴടങ്ങുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്.

ധവള പത്രത്തിലും ബജറ്റ് പ്രസംഗത്തിലും ഒരു വാചകം പോലും കേന്ദ്ര വിമർശനമായി ഇല്ല. അതിൽ നിന്ന് ഒരു പടികൂടി മുന്നോട്ടു പോയി കേന്ദ്രസർക്കാറിന്‍റെ നിലപാടുകളെ നിർജ്ജലം പിന്താങ്ങുന്ന നിലപാടിൽ എത്തിയിരിക്കുന്നു.

ഇത്തരമൊരു നിലപാടിന്‍റെ അടിസ്ഥാനത്തിൽ കിഫ്ബി എന്ന ബദൽ വികസന മാതൃക മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല. അതുകൊണ്ടാണ് കിഫ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. 10 വർഷം മുമ്പ് ഉണ്ടായിരുന്ന ഒച്ചിഴയുന്ന വേഗതയിലുള്ള കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനം മടങ്ങിവരാൻ പോവുകയാണ്.

ഈ വികസനവിരുദ്ധ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരും. ഓരോ മണ്ഡലത്തിലും റദ്ദാക്കപ്പെടുന്ന കിഫ്ബി പ്രോജക്ടുകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ എൽഡിഎഫ് മുൻകൈയെടുക്കും.

റദ്ദാക്കപ്പെടുന്ന കിഫ്ബി പ്രോജക്ടുകള്‍ മാത്രമല്ല, പണമില്ലാത്തതുകൊണ്ട് നടപ്പാക്കാൻ പറ്റാത്ത എംസി റോഡ് നവീകരണമായാലും, റെയിൽപാതകളിലേയും, കുട്ടനാട് പരിസ്ഥിതി പുന:സ്ഥാപനമായാലും അവ ഓരോന്നും ജനങ്ങളോട് വിശദീകരിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം സംസ്ഥാനത്തിനകത്ത് നടത്തും.

 

കൂടുതൽ ലേഖനങ്ങൾ

സുപ്രീംകോടതി വിധി ഇഡി-വിഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടി സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു

സ. പി രാജീവ്

സുപ്രീംകോടതി വിധി ഇഡി-വിഡി കൂട്ടുകെട്ടിനുള്ള കനത്ത തിരിച്ചടി സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു.

സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നത്, ഇഡി അധികാരം വിട്ട് പെരുമാറരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണ്.

എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള തീരുമാനം ആരോഗ്യവകുപ്പ് അടിയന്തരമായി പരിശോധിക്കണം

സ. കെ കെ ശൈലജ ടീച്ചർ

എസ്എംഎ രോഗബാധിതർക്ക് പുതിയ മരുന്ന് വിതരണം ചെയ്യാനുള്ള തീരുമാനം ആരോഗ്യവകുപ്പ് അടിയന്തരമായി പരിശോധിക്കണം. നിലവിലുള്ള മരുന്ന് മാറ്റിനൽകുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. എസ്എംഎ പൂർണമായി ഭേദപ്പെടുത്താൻ സാധിക്കില്ല. ജനിതക രോഗമാണ്. എന്നാൽ മരുന്നുകൾകൊണ്ട് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനാകും.

സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് ശാസ്ത്രീയ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണർത്തുന്ന മരുന്നുകൾ വിതരണം ചെയ്യാനുള്ള നീക്കം ജനങ്ങളോടുള്ള വഞ്ചന

സ. പിണറായി വിജയൻ

സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവൻരക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്.