ഒക്ടോബർ 20 സഖാവ് സി.എച്ച് കണാരൻ ദിനം സമുചിതമായി ആചരിക്കണം. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ സി.എച്ച് വഹിച്ച പങ്ക് എടുത്ത് പറയേണ്ടതാണ്. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും എതിരായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേത്യത്വം നൽകി. അതിൻ്റെ തുടർച്ചയിൽ കേരളത്തിൽ ഉയർന്നുവന്ന കർഷക - തൊഴിലാളി പ്രസ്ഥാനങ്ങൾക്കും നേതൃത്വപരമായ പങ്ക് സി.എച്ച് വഹിച്ചു. പുതിയ കേഡർമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ ശേഷിയെ മനസ്സിലാക്കി ചുമതലകൾ നൽകി വളർത്തിക്കൊണ്ടുവരുന്നതിനും സി.എച്ച് അമൂല്യമായ പങ്കാണ് വഹിച്ചത്. കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ച ഭൂപരിഷ്ക്കരണത്തിൻ്റെ നിയമ നിർ മ്മാണത്തിലും സി.എച്ച് വഹിച്ച പങ്ക് അതുല്യമാണ്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള വലിയ പോരാട്ടം രാജ്യത്ത് നടക്കുന്ന ഘട്ടത്തിലാണ് സി.എച്ച് ദിനം നാം ആചരിക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെല്ലാം തകർക്കുന്ന വിധം യു.ഡി.എഫ് സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. പാർടി നേതാക്കൾക്കും, പ്രവർത്തകർക്കുമെതിരെ നിരവധി കള്ളക്കേസുകൾ ചുമത്തപ്പെടുന്ന സാഹചര്യം കൂടിയാണ് നിലവിലുള്ളത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരായി വർത്തമാനകാലത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സി.എച്ചിന്റെ സ്മരണ കരുത്താകും. പതാക ഉയർത്തിയും, പാർടി ഓഫീസുകൾ അലങ്കരിച്ചും, അനുസ്മരണ പരിപാടി സംഘടിപ്പിച്ചും സി.എച്ച് ദിനാചരണം വിജയിപ്പിക്കണം.







