Skip to main content

മദ്യക്കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കുത്തകകളുമാണ് ഇന്ന് ടീം യുഡിഎഫിലെ സഖ്യകക്ഷികൾ

യുഡിഎഫ് അധികാരമേറ്റെടുത്ത് ഒരു മാസംപോലും തികയേണ്ടി വന്നില്ല; അതിനുള്ളില്‍ത്തന്നെ അഴിമതി സര്‍ക്കാരിനെ വലയം ചെയ്തു. ആദ്യ ബജറ്റ് വമ്പന്‍ അഴിമതികള്‍ക്കും കോര്‍പറേറ്റ് കൊള്ളകള്‍ക്കും വഴിയൊരുക്കുമെന്ന പ്രതിപക്ഷ നിരീക്ഷണം ശരിവയ്ക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞ്‌ മൂന്നാം നാള്‍, 21ന് സെക്രട്ടറിയറ്റില്‍ അഴിമതിയുടെ ആദ്യ ഫയല്‍ അസാധാരണമായ രീതിയില്‍ സജീവമായി. അത്‌ വികസനമോ ജനക്ഷേമവുമായോ ബന്ധപ്പെട്ടുള്ള അടിയന്തര പ്രാധാന്യമുള്ള ഫയലായിരുന്നില്ല; മറിച്ച് ‘ബക്കാഡി' എന്ന സ്വകാര്യ മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നല്‍കാനുള്ള ഗൂഢനീക്കമായിരുന്നു.

2023ല്‍ എല്‍ഡിഎഫ് സര്‍ക്കാർ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി മാറ്റിവച്ച അതേ ഫയലാണ് യുഡിഎഫ് സര്‍ക്കാര്‍ വന്നയുടനെ പൊടിതട്ടിയെടുത്തത്. ബക്കാഡിക്കുവേണ്ടി ഈ ഫയല്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ മേശപ്പുറത്തെത്തിയത് രണ്ടര മണിക്കൂര്‍കൊണ്ടാണ്. മുഖ്യമന്ത്രി കണ്ടശേഷം മിന്നല്‍വേഗത്തിലായിരുന്നു കാര്യങ്ങള്‍. ജൂണ്‍ 15ന് മുഖ്യമന്ത്രി തീരുമാനമെടുത്ത്‌ 16ന് അതിരാവിലെ 8.45ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നീക്കിയ ഫയല്‍ പിന്നീട് ഒരു മിനിറ്റും രണ്ട് മിനിറ്റും ഇടവിട്ടാണ് ഓരോ മേശകളും കടന്നുപോയത്.

ഇതൊരു സാധാരണ ഭരണനടപടിയല്ല, മറിച്ച് സര്‍ക്കാരിന് നികുതി നഷ്ടത്തിനും മദ്യക്കമ്പനിക്ക് കോടികളുടെ ലാഭത്തിനും ഉതകുന്ന ആസൂത്രണമാണ്. ഇതിന്റെയെല്ലാം വേരുകള്‍ എവിടേക്കാണ് നീളുന്നതെന്ന് വ്യക്തം. ആദ്യ ബജറ്റില്‍ത്തന്നെ വീര്യംകുറഞ്ഞ മദ്യത്തിന് ഭീമമായ നികുതിയിളവ് പ്രഖ്യാപിച്ച് ബക്കാഡിയുമായുള്ള ഡീല്‍ പാലിച്ചു.

സാധാരണ മദ്യത്തിന് 251 ശതമാനത്തിലേറെ നികുതി ഉള്ളപ്പോള്‍ വീര്യംകുറഞ്ഞത് എന്ന വിഭാഗത്തില്‍പ്പെടുത്തി നികുതി 120 ശതമാനമായി വെട്ടിക്കുറച്ചു. മദ്യ ഉപഭോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, മദ്യമുതലാളിമാര്‍ക്ക് കോടികളുടെ നികുതിയിളവ് നല്‍കി മദ്യമൊഴുക്കുന്നത് സമൂഹത്തോടുള്ള കുറ്റകൃത്യമാണ്. ഇതിനെ ന്യായീകരിക്കാന്‍ ചില സാങ്കേതിക വാദങ്ങള്‍ ഉയർത്താനാണ്‌ സര്‍ക്കാര്‍ ശ്രമം. മിലിട്ടറി, പാരാമിലിട്ടറി ക്യാന്റീനുകളില്‍ ബക്കാഡിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി എന്ന തരത്തിലാണ് വ്യാഖ്യാനം. എന്നാല്‍, അവിടങ്ങളില്‍ ബക്കാഡി ഉള്‍പ്പെടെ ഏതെല്ലാം ബ്രാൻഡുകള്‍ വില്‍ക്കാമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര പ്രതിരോധ–-ആഭ്യന്തര വകുപ്പുകളാണ്. നികുതിനിരക്കുകള്‍ നിശ്‌ചയിക്കുന്നത്‌ സംസ്ഥാനമല്ല. കേന്ദ്ര സിഎസ്ഡി ബോര്‍ഡ് അനുമതി നല്‍കിയ മദ്യബ്രാന്‍ഡുകൾക്ക്‌ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ല. ബക്കാഡിക്ക്‌ മാത്രമല്ല സിഎസ്ഡി ക്യാന്റീനിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഇളവുണ്ട്. പക്ഷേ, പൊതുമാര്‍ക്കറ്റില്‍ സ്പിരിറ്റധിഷ്‌ഠിത ബക്കാഡി വില്‍ക്കണമെങ്കില്‍ 251 ശതമാനം നികുതി നല്‍കണം. ഇതാണ് യുഡിഎഫ്‌ സർക്കാർ പകുതിയോളം ഇളവ് ചെയ്തുനല്‍കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് കര്‍ണാടകത്തില്‍നിന്ന് ഒഴുക്കിയ കോടികളുടെ കള്ളപ്പണത്തിനുള്ള പ്രത്യുപകാരം ചെയ്യാനാണ് യുഡിഎഫ് സംസ്ഥാന ഭരണത്തെ ഉപയോഗിക്കുന്നത്. മദ്യം വിലകുറച്ച്‌ നല്‍കലാണോ ഈ സര്‍ക്കാരിന്റെ മുന്‍ഗണന.

പഴങ്ങളില്‍നിന്ന്‌ മദ്യമുണ്ടാക്കാന്‍ ചെറുകിടമേഖലയെ അനുവദിക്കുക എന്നതായിരുന്നു വീര്യംകുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനം. കര്‍ഷകരെ സഹായിക്കാനായി ചക്ക, കശുമാങ്ങ എന്നിവയില്‍നിന്നും മറ്റ് പഴങ്ങളില്‍നിന്നും വീര്യംകുറഞ്ഞ വൈന്‍ ഉൽപ്പാദിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍, അത് മറയാക്കി യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നത് കര്‍ഷകരെ സഹായിക്കാനുള്ള തീരുമാനമല്ല. സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന വൻകിട കന്പനികളുടെ ‘റെഡി ടു ഡ്രിങ്ക്' മദ്യങ്ങള്‍ക്ക് നികുതി കുറച്ചുകൊടുത്ത് യുവജനങ്ങളെയും വിദ്യാര്‍ഥികളെയും ലഹരിയിലേക്ക് തള്ളിവിടുകയാണ് ഈ സര്‍ക്കാര്‍.

നികുതിയിളവ് സംബന്ധിച്ച ബജറ്റ് നിര്‍ദേശം യുഡിഎഫില്‍ ചര്‍ച്ച ചെയ്തുമാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്. പക്ഷേ, ഫിനാന്‍സ് ബില്ലില്‍ വീര്യംകുറഞ്ഞ മദ്യനികുതി 10 ശതമാനംവരെയുള്ളതിന് 120 ശതമാനവും 10 മുതല്‍ 20 ശതമാനംവരെയുള്ളതിന് 175 ശതമാനവും ആയി ഇളവ് ചെയ്യാനുള്ള ഭേദഗതി നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുകയാണ്. മാത്രമല്ല, ഹോര്‍ട്ടി വൈന്‍ കാറ്റഗറിയോട് ചേര്‍ത്താണ് ഭേദഗതി നിര്‍ദേശം. ആദ്യമായാണ് വീര്യംകുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത ഐഎംഎഫ്എല്‍ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നല്‍കുന്നത്. വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എന്തിനാണ് ഫിനാന്‍സ് ബില്ലില്‍ നികുതി ഇളവ് നിര്‍ദേശം ചേര്‍ത്തത്. അതുകൊണ്ടുതന്നെ യുഡിഎഫ്‌ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ പൊളിഞ്ഞു.

ബജറ്റിനൊപ്പം നികുതിയിളവുകള്‍ പരാമർശിക്കുന്ന ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചാല്‍ നിയമമാകും. അത് നടപ്പാക്കുന്നത് തടയാന്‍ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബില്‍ പാസായി നിയമത്തിന്റെ ഭാഗമാകുന്ന നികുതി നിര്‍ദേശം എക്സിക്യുട്ടീവ് ഉത്തരവുമൂലം മരവിപ്പിക്കാനും കഴിയില്ല. നികുതിയിളവിനുള്ള നിര്‍ദേശം ഫിനാന്‍സ് ബില്ലില്‍ ചേര്‍ത്തശേഷം യുഡിഎഫ് ചര്‍ച്ചയ്‌ക്ക് എന്ത് പ്രസക്തി. ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്. അതീവരഹസ്യമായി ഒരു സ്വകാര്യ കമ്പനിക്ക് അമിതലാഭം ഉണ്ടാക്കാനുള്ള ഗൂഢനീക്കമാണിത്.

എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് വീര്യംകുറഞ്ഞ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും പുതിയ മദ്യനയത്തിലേ തീരുമാനമുണ്ടാകൂ എന്നുമാണ്. വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ ആ ഉല്‍പ്പന്നത്തിന് എന്തിനാണ് മുഖ്യമന്ത്രി ഇത്ര തിടുക്കപ്പെട്ട് 600 കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചത്. എക്സൈസ് മന്ത്രിയെ വെറുമൊരു കാഴ്ചക്കാരനാക്കി മദ്യലോബിയുടെ താല്‍പ്പര്യം ബജറ്റില്‍ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. മന്ത്രിസഭ അറിയാതെയാണ് ഇതെല്ലാം. അതാത് വകുപ്പില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന സുതാര്യ നടപടിക്രമത്തില്‍നിന്നും മാറി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താല്‍പ്പര്യം മറ്റ് വകുപ്പുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിര്‍പ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിന്റെ തെളിവാണ്.

യുഡിഎഫിന്റെ ഈ ഇരട്ടത്താപ്പും കാപട്യവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സംസ്ഥാനത്തുണ്ടായിരുന്നത് ഫൈവ് സ്റ്റാര്‍ കൂടാതെ 730 ബാറുകളായിരുന്നു. അതില്‍ 418 എണ്ണം ലൈസന്‍സ് പുതുക്കാതിരുന്നത് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നില്ല. 418 ബാറില്‍ അടിസ്ഥാന സൗകര്യമില്ലെന്നും നിയമപ്രകാരമുള്ള തരംതിരിവില്ലെന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതിനൊപ്പം സുപ്രീംകോടതിയുടെ അന്ത്യശാസനവും ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്റെ നിര്‍ദേശങ്ങളുമായിരുന്നു ബാര്‍ അടയ്ക്കുന്നതിലേക്ക്‌ നയിച്ചത്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലൈസന്‍സ് നീട്ടിക്കൊടുത്തതിനെ തുടര്‍ന്നാണ് 2014 മാര്‍ച്ച് അഞ്ചിന് സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നത്. അതോടെ ഏപ്രില്‍ ഒന്നുമുതല്‍ ലൈസന്‍സ് പുതുക്കിനല്‍കാനായില്ല.

ബാറുകള്‍ പൂട്ടുന്നതിനെതിരായിരുന്ന ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രി കെ ബാബുവും പുതിയതായി ആറ്‌ ബാറുകള്‍ക്ക് അനുമതി നല്‍കിയതിനെ അന്നത്തെ കെപിസിസി പ്രസിഡന്റ്‌ എതിര്‍ത്തതോടെയാണ്, അവശേഷിക്കുന്ന 312 ബാറുകള്‍കൂടി പൂട്ടാന്‍ തീരുമാനിച്ചത്. പകരം എല്ലാത്തിനും ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കി. ചില്ലറമദ്യവില്‍പ്പനശാലകള്‍ ഒന്നും അടച്ചില്ല. ഫലത്തില്‍ ബാറുകള്‍ പൂട്ടിയതുകൊണ്ട് ഉപഭോഗത്തില്‍ കുറവുണ്ടായില്ല. ഈ തലതിരിഞ്ഞ നയം കാരണം അന്ന് സര്‍ക്കാരിന് നഷ്ടമായത് 1800 കോടിയോളം രൂപയുടെ നികുതി വരുമാനമാണ്. ടൂറിസം മേഖലയില്‍ രണ്ടായിരത്തിലേറെ കോടിയുടെ നഷ്ടമുണ്ടായി, സഞ്ചാരികളുടെ എണ്ണം കുറഞ്ഞു, തൊഴിലാളികള്‍ക്ക് പണിയില്ലാതായി. സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം ശക്തമാണെന്ന റിപ്പോര്‍ട്ടും വന്നു. ഈ പാളിച്ചകള്‍ തിരുത്തി, കര്‍ശന നിയന്ത്രണങ്ങളോടെ മൂന്നും നാലും അഞ്ചും സ്റ്റാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കി (ഇപ്പോള്‍ 896 ബാര്‍ ആണുള്ളത്) സാമ്പത്തിക, ടൂറിസം മേഖലകളെ സംരക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഗ്രൂപ്പ് പോരിന്റെ മറവിൽ ബാറുകള്‍ പൂട്ടി സാമ്പത്തികഭദ്രത തകര്‍ത്തവരാണ് ഇന്ന് വഴിവിട്ട നികുതിയിളവ് നല്‍കിയത്‌.

എല്‍ഡിഎഫ് കാലത്ത് ബാര്‍ സമയക്രമീകരണംപോലുള്ള ഭരണപരമായ നടപടികളില്‍പ്പോലും വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചവരാണ് ഇന്ന് ഭരണത്തിലുള്ളത്. മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്ന് വലിയ പ്രതിഷേധം നടത്തി. ഇപ്പോള്‍ ഈ സംഘടനകളൊക്കെ മൗനത്തിലാണ്. ​തെരഞ്ഞെടുപ്പിന് മുന്പ്‌ ഇവര്‍ ജനങ്ങള്‍ക്കുമുന്നില്‍ വച്ച ‘ടീം യുഡിഎഫ്' ഇപ്പോള്‍ കേള്‍ക്കാനില്ല. മദ്യക്കമ്പനികളും തീരദേശം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന കുത്തകകളുമാണ് ഇന്ന് ടീം യുഡിഎഫിലെ സഖ്യകക്ഷികള്‍. സര്‍ക്കാരിന്റെ നീക്കം എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്. നാടിനെ കുത്തകകള്‍ക്ക് തീറെഴുതുന്ന, മദ്യത്തില്‍ മുക്കുന്ന ഈ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ജനങ്ങള്‍ അണിചേരും.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.