Skip to main content

സ്ത്രീസുരക്ഷ പെൻഷൻ; മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളം

നിയമസഭയിൽ മുഖ്യമന്ത്രി സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ “സിപിഐ എം നൽകിയ ലിസ്റ്റ് പ്രകാരമാണ് തെരഞ്ഞെടുത്തത്” എന്ന പ്രസ്താവന പച്ചകള്ളം ആണ്. ഈ പ്രസ്താവന കേട്ടവർ സ്വാഭാവികമായി ഒരു ചോദ്യം ചോദിക്കും.
സ്ത്രീസുരക്ഷ പെൻഷൻ ശരിക്കും ഒരു രാഷ്ട്രീയ പാർട്ടി തയ്യാറാക്കിയ ലിസ്റ്റ് നോക്കിയാണോ അനുവദിച്ചത്? അതോ കർശനമായ ഡിജിറ്റൽ പരിശോധനകൾക്ക് ശേഷമാണോ?
വസ്തുതകൾ പരിശോധിക്കാം…
സ്ത്രീസുരക്ഷ പെൻഷനിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത് കെ-സ്മാർട്ട് പോർട്ടൽ വഴിയുള്ള ഓൺലൈൻ സംവിധാനത്തിലൂടെയാണ്. അപേക്ഷ ആരംഭിക്കുന്നത് തന്നെ അപേക്ഷകയുടെ ആധാർ നമ്പർ നൽകി OTP സ്ഥിരീകരണം നടത്തിയ ശേഷമാണ്.
തുടർന്ന് അപേക്ഷകയുടെ റേഷൻ കാർഡ് വിവരങ്ങൾ, മരണ രജിസ്ട്രേഷൻ ഡാറ്റാബേസ്, മറ്റ് സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നുണ്ടോ, സർക്കാർ ജീവനക്കാരുടെ SPARK ഡാറ്റാബേസ്, ട്രഷറി വിവരങ്ങൾ തുടങ്ങി വിവിധ സർക്കാർ ഡാറ്റാബേസുകളുമായി അപേക്ഷ ഓട്ടോമാറ്റിക്കായി പരിശോധിക്കപ്പെടുന്നു. ഈ പരിശോധനകളെല്ലാം വിജയകരമായി പൂർത്തിയായ ശേഷമാണ് അപേക്ഷ മുന്നോട്ട് പോകുന്നത്. രേഖകളിൽ വ്യക്തതക്കുറവുണ്ടെങ്കിൽ മാത്രം പ്രാദേശികതല പരിശോധന നടക്കും. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥനായ പഞ്ചായത്ത് സെക്രട്ടറിയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവും പരിശോധിച്ച് അന്തിമ അംഗീകാരം നൽകും.
ഇത്രയും ഘട്ടങ്ങളുള്ള, സാങ്കേതികവിദ്യ അധിഷ്ഠിതമായ ഒരു സംവിധാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടി നൽകിയ ലിസ്റ്റ് എവിടെയാണ് കടന്നുവരുന്നത്?
ഈ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട ഓരോ പൗരനും ചോദിക്കേണ്ടതാണ്.
ഇതിലും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇന്ന് സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുഡിഎഫ് ഭരണസമിതികളുടെ നിയന്ത്രണത്തിലാണ്. സർക്കാർ ഉദ്യോഗസ്ഥരും, പഞ്ചായത്ത് സെക്രട്ടറിമാരും, ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങളും, തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് അംഗീകരിക്കുന്ന ഒരു പദ്ധതിയെ “ഒരു പാർടിയുടെ ലിസ്റ്റ്” എന്ന ഒറ്റവാചകത്തിലൂടെ അവതരിപ്പിക്കുന്നത് ആ മുഴുവൻ സംവിധാനത്തെയും അവിശ്വസിക്കുന്നതിന് തുല്യമാണ്.
ഇത് ഒരു രാഷ്ട്രീയ ആരോപണം മാത്രമല്ല. ഈ പദ്ധതിയിലൂടെ ആശ്വാസം ലഭിക്കുന്ന ലക്ഷക്കണക്കിന് സാധാരണ സ്ത്രീകളുടെ ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നതാണ്. നിയമപ്രകാരവും അർഹതയുടെ അടിസ്ഥാനത്തിലുമാണ് അവർക്ക് പെൻഷൻ ലഭിച്ചതെന്ന സത്യം മറച്ചുവെച്ച്, അവർ ഏതോ രാഷ്ട്രീയ പാർട്ടിയുടെ ശുപാർശയിലൂടെ ആനുകൂല്യം നേടിയവരാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് തികച്ചും സ്ത്രീ വിരുദ്ധമായ സമീപനമാണ്.
സ്വന്തം അവകാശപ്രകാരം ലഭിച്ച ക്ഷേമപദ്ധതിയെ പോലും രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ സംശയാസ്പദമാക്കുന്നത് സ്ത്രീകളുടെ അന്തസ്സിനും സ്വാഭിമാനത്തിനും നേരെയുള്ള അനീതിയാണ്. അർഹരായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ പൊതുജീവിതത്തിൽ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല.
രാഷ്ട്രീയ വിമർശനം നടത്താം. എന്നാൽ നിയമസഭ പോലൊരു പരമോന്നത വേദിയിൽ പറയുന്ന ഓരോ വാക്കും വസ്തുതകളുടെ അടിസ്ഥാനത്തിലാകണം. തെളിവുകളില്ലാത്ത ആരോപണങ്ങളിലൂടെ പൊതുസംവിധാനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും തദ്ദേശ സ്ഥാപനങ്ങളെയും, അതിലുപരി ലക്ഷക്കണക്കിന് സ്ത്രീകളെയും അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ല.
 

കൂടുതൽ ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.