ആഗസ്ത് 14ന് വിഭജന ഭീതി സ്മരണദിനമായി ആചരിക്കാൻ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടിരിക്കുകയാണ്. സർവകലാശാലകളിലും കോളേജുകളിലും അനുസ്മരണ പരിപാടികളും സെമിനാറുകളും നാടകാവതരണങ്ങളും പോസ്റ്റർ രചനയും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ് രാജ്ഭവൻ പ്രത്യേക സർക്കുലറിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. വർഷങ്ങൾനീണ്ട സാമ്രാജ്യത്വവിരുദ്ധ–കൊളോണിയൽവിരുദ്ധ സമരത്തിന്റെ ഫലമായാണ് 1947 ആഗസ്ത് 15 ന് നാം സ്വാതന്ത്ര്യം നേടിയത്. 79–ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം തയ്യാറെടുക്കവേയാണ് ഗവർണർ ആ ദിനം ആചരിക്കുന്നതിനു പകരം ആഗസ്ത് 14 വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രത്യക്ഷത്തിൽത്തന്നെ ഒരു കാര്യം ആർക്കും ബോധ്യപ്പെടും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ശോഭ കെടുത്താനും അതിന് ചരിത്രത്തിലുള്ള പ്രാധാന്യം കുറച്ചു കാണിക്കാനുമാണ് ഗവർണർ പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 14ന് വിഭജന ഭീതി സ്മരണ ദിനമായി ആചരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ (2021 ആഗസ്ത് 15) പ്രധാനമന്ത്രി മോദിയാണ്, വിഭജന ഭീതിയുടെ ഓർമദിനമായി ആഗസ്ത് 14 ആചരിക്കാൻ ആഹ്വാനം ചെയ്തത്. അതാണിപ്പോൾ കേരളത്തിലും നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നത്. എന്നാൽ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഉറച്ചു വിശ്വസിക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറുടെ ഈ നീക്കത്തെ നിശിതമായി വിമർശിച്ച് രംഗത്തുവന്നു. മതനിരപേക്ഷത തകർക്കാൻ ലക്ഷ്യമിട്ടുള്ള ദിനാചരണം അനുവദിക്കാനാകില്ലെന്ന് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ വ്യക്തമാക്കിയിട്ടുമുണ്ട്. ഭരണഘടനാപദവി അലങ്കരിക്കുന്ന സംസ്ഥാനത്തെ പ്രഥമപൗരൻ തന്നെ ഭരണഘടനാവിരുദ്ധമായ വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആർഎസ്എസിന്റെ വക്കാലത്തുമായി രംഗത്തുവരുന്നത് അപലപനീയമാണെന്ന് മാത്രമല്ല, പ്രതിഷേധാർഹവുമാണ്. മതനിരപേക്ഷത മാത്രമല്ല ഭരണഘടന തന്നെയാണ് ഇവിടെ ലക്ഷ്യമാക്കപ്പെടുന്നത് എന്ന ബോധ്യത്തോടെയുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരേണ്ടത്.
ആർഎസ്എസിനും അതിന്റെ പ്രചാരകന്മാർക്കും സ്വാതന്ത്ര്യദിനം മാത്രമല്ല സ്വാതന്ത്ര്യ സമരപ്രസ്ഥാനവും എന്നും കണ്ണിലെ കരടായിരുന്നു. സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കമുള്ള സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ അബദ്ധത്തിൽപോലും ഭാഗഭാക്കാകാത്തവരാണ് സംഘപരിവാർ സംഘടനകളും പ്രവർത്തകരും. സ്വാതന്ത്ര്യസമരപ്രസ്ഥാനം ഒരു ഹിന്ദുരാഷ്ട്രരൂപീകരണം ഉറപ്പു നൽകാത്തതിനാൽ കൊളോണിയൽ ഭരണത്തിനെതിരായ സമരത്തിൽനിന്നും വിട്ടുനിൽക്കാനാണ് ഗോൾവാൾക്കറും മറ്റും അണികളോട് ആഹ്വാനം ചെയ്തത്. ബ്രിട്ടീഷുകാരോട് പോരാടി "ഹിന്ദുക്കൾ’ ഊർജം പാഴാക്കരുതെന്നും ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്യൂണിസ്റ്റുകാരോടും ഏറ്റുമുട്ടാനാണ് അത് ചെലവഴിക്കേണ്ടതെന്നുമാണ് ആർഎസ്‌എസ് സ്ഥാപകനായ ഹെഡ്ഗേവാറും രണ്ടാം സർസംഘചാലകായ ഗോൾവാൾക്കറും സംഘപ്രവർത്തകരെ ഓർമിപ്പിച്ചത്. സ്വാതന്ത്ര്യത്തെ ഇകഴ്‌ത്തിക്കാണിച്ച അവർ ദേശീയപതാകയെയും ഭരണഘടനയെയും അംഗീകരിക്കാനും തയ്യാറായിരുന്നില്ല. ഹിന്ദുവായിരിക്കേതന്നെ മതനിരപേക്ഷതയുടെ കൊടി ഉയർത്തിയ രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവച്ചു കൊന്നതും ഇതേ ശക്തികളാണ്. അതുകൊണ്ട് സ്വാതന്ത്ര്യദിനം ഓർമിക്കപ്പെടുന്നത് സംഘപരിവാറിനെ സംബന്ധിച്ച് അസ്വസ്ഥജനകമാണ്.
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച് നരേന്ദ്ര മോദി 2014ൽ കേന്ദ്രത്തിൽ അധികാരമേറിയപ്പോൾ മാത്രമാണ് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് സംഘപരിവാറിന്റെ പുതിയ ഭാഷ്യം. ഹിന്ദുത്വരാഷ്ട്രവാദികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആൾക്കൂട്ടക്കൊലകൾ നടത്താനും ബുൾഡോസർ രാജ് നടപ്പിലാക്കാനും, ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടാനും സ്വാതന്ത്ര്യം ലഭിച്ചത് മോദി അധികാരമേറിയതിനുശേഷമാണ് എന്നാണെങ്കിൽ അത് വസ്തുതയാണുതാനും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത് ബാബ്റി മസ്ജിദ് തകർത്തിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്ന ജനുവരി 22 ആണ് യഥാർഥ സ്വാതന്ത്ര്യദിനം എന്നാണ്. ആഗസ്ത് 15 സ്വാതന്ത്ര്യദിനമായി കാണാൻ ആർഎസ്എസും സംഘപരിവാറും തയ്യാറല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കപ്പെടുകയാണ്. മാത്രമല്ല പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന പ്രസ്താവന സ്വാതന്ത്ര്യത്തെ മതരാഷ്ട്രവാദവുമായി കൂട്ടിക്കുഴയ്‌ക്കലുമാണ്. അതായത്, അന്നും ഇന്നും മതരാഷ്ട്രവാദത്തിനായി വാദിക്കുന്നവരാണ് വിഭജന ഭീതി സ്മരണദിനം ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്.
പാകിസ്ഥാനെപോലെ ഇന്ത്യയും ഒരു മതരാഷ്ട്രമാകണമെന്ന ആശയമാണ് ഇതുവഴി അവർ മുന്നോട്ടുവയ്‌ക്കുന്നത്. പാകിസ്ഥാന് ഇസ്ലാമിക രാഷ്ട്രമാകാമെങ്കിൽ ഇന്ത്യക്ക് എന്തുകൊണ്ട് ഹിന്ദുരാഷ്ട്രമായിക്കൂടാ എന്ന ആഖ്യാനമാണ് ഗവർണർ ഉൾപ്പെടെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. മുസ്ലിംലീഗും (മുസ്ലിങ്ങൾ ) മുഹമ്മദലി ജിന്നയുമാണ് ദ്വിരാഷ്ട്രവാദത്തിന്റെ വക്താക്കൾ എന്നും അതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും വാദിക്കുന്ന ആർഎസ്എസും സംഘപരിവാരവും പ്രധാനമന്ത്രിയാകാനുള്ള നെഹ്റുവിന്റെ ആഗ്രഹവും ഇന്ത്യാ വിഭജനത്തിന് കാരണമായതായി വാദിക്കുന്നു. ചരിത്രത്തിലേക്ക് കണ്ണ് പായിച്ചാൽ സംഘപരിവാറിന്റെ ഈ വാദങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണ് എന്ന് കാണാൻ കഴിയും. മൗണ്ട് ബാറ്റന്റെ വിഭജന പദ്ധതി നെഹ്റുവിനേക്കാൾ മുമ്പേ അംഗീകരിച്ചത് ഹിന്ദുത്വവാദികൾക്ക് പ്രിയങ്കരനായ സർദാർ പട്ടേലാണ് എന്നതു ചരിത്രമാണ്. 1940ൽ മുസ്ലിംലീഗ് ദ്വിരാഷ്ട്രപ്രമേയം അംഗീകരിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഹിന്ദുമഹാസഭയും ആർഎസ്എസും സവർക്കറും ഗോൾവാൾക്കറും ദ്വിരാഷ്‌ട്ര വാദത്തിനുള്ള പ്രത്യയശാസ്ത്രപരിസരം ഒരുക്കി. മുസ്ലിം വർഗീയതയെ പ്രതിനിധാനം ചെയ്ത മുസ്ലിംലീഗും ഇക്കാര്യത്തിൽ കാര്യമായി സംഭാവനകൾ നൽകി എന്ന കാര്യത്തിലും സംശയമില്ല. ഹിന്ദു വർഗീയവാദികളും മുസ്ലിം വർഗീയവാദികളും ഒരു പോലെ ബ്രിട്ടീഷുകാരുമായി സഹകരിച്ച് പ്രവർത്തിച്ചുവെന്നതും ചരിത്രമാണ്. എന്നാൽ, ദ്വിരാഷ്ട്രവാദം ജിന്ന ഉയർത്തുന്നതിനേക്കാൾമുമ്പേ സവർക്കറാണ് ഉയർത്തിയത് എന്ന കാര്യം കാണാതിരുന്നുകൂടാ. 1923ൽ സവർക്കർ രചിച്ച "ആരാണ് ഹിന്ദു അഥവാ ഹിന്ദുത്വ ’ എന്ന പുസ്തകത്തിലാണ് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രത്യേകരാഷ്ട്രം എന്ന ആശയം മുന്നോട്ടു വയ്‌ക്കുന്നത്. ഗോൾവാൾക്കർ പിന്നീട് എഴുതിയ "നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ ഈ ആശയം കൂടുതൽ വിപുലമാക്കുകയും ചെയ്തു. ഇന്ത്യ ഒരു ഏകാത്മകമായ, ഏകജാതീയമായ രാഷ്ട്രം അല്ലെന്നും ഇന്ത്യയിൽ ഒരു ഹിന്ദുരാഷ്ട്രവും മുസ്ലിം രാഷ്ട്രവും ഉണ്ടെന്നും ഗോൾവാൾക്കർ അസന്ദിഗ്‌ധമായി പ്രഖ്യാപിക്കുന്നത് ഈ പുസ്തകത്തിലാണ്. 1915ൽ രൂപീകരിക്കപ്പെട്ട ഹിന്ദു മഹാസഭയുടെ മുദ്രാവാക്യംതന്നെ ‘ഇന്ത്യ ഹിന്ദുക്കളു’ടേതാണെന്നാണ്.
മതനിരപേക്ഷ സർക്കാർ അധികാരമേറുന്നത് തടയാൻ മുസ്ലിം വർഗീയതയുമായി കൈകോർക്കുന്നതിന് ഒരു വൈമനസ്യവും ഹിന്ദുരാഷ്ട്രവാദികൾക്കുണ്ടായിരുന്നില്ല. മുസ്ലിംലീഗുമായി സിന്ധിലും ബംഗാളിലും അധികാരം പങ്കിടാൻപോലും ഹിന്ദു മഹാസഭ തയ്യാറായി. പഞ്ചാബിലും മുസ്ലിംലീഗുമായി ചേർന്ന് കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ സവർക്കറും ബി എസ് മൂഞ്ചെയും സന്നദ്ധത പ്രകടിപ്പിച്ചതായി മുഹമ്മദലി ജിന്ന തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്. ബംഗാളിൽ മുസ്ലിംലീഗ് നേതാവ് ഫസലൂൽ ഹഖിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ജനസംഘത്തിന്റെ സ്ഥാപകനേതാവായ ശ്യാമപ്രസാദ് മുഖർജി. സിന്ധ് അസംബ്ലിയിൽ മുസ്ലിംലീഗ് പാകിസ്ഥാൻ രൂപീകരണത്തിന് അനുകൂലമായ പ്രമേയം പാസാക്കിയപ്പോൾ പേരിന് പ്രതിഷേധം രേഖപ്പെടുത്തി ഹിന്ദുമഹാസഭയുടെ മന്ത്രിമാർ അധികാരത്തിൽ തുടർന്നു. ഇതെല്ലാം വിരൽചൂണ്ടുന്നത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കാൻ നേതൃപരമായ പങ്ക് വഹിച്ചവരാണ് ഹിന്ദുത്വരാഷ്ട്രീയം കൈകാര്യം ചെയ്തിരുന്നവർ എന്നാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കറുത്ത ഏടാണ് വിഭജനവും ക്രൂരമായ വർഗീയ ലഹളകളും കൂട്ടക്കൊലകളും. ആ ഓർമകൾ ജ്വലിപ്പിച്ച് നിർത്തി രാജ്യത്തെ വർഗീയഅന്ധതയിലേക്ക് നയിക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശ്രമം. അതിന് ചൂട്ടുപിടിക്കുകയാണ് ഗവർണർ. മതനിരപേക്ഷ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുക്കണം. അതിനായി നമുക്ക് ഒന്നിക്കാം.
