Skip to main content

സഖാവ്‌ ചടയൻ ഗോവിന്ദൻ ദിനം

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ്‌ ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 27 വർഷം പൂർത്തിയാകുകയാണ്. 1998 സെപ്‌തംബർ ഒന്പതിനായിരുന്നു ആ വേർപാട്‌. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് സഖാവ്‌ ചടയൻ വഹിച്ചിരുന്നു. വളരെയേറെ പിന്നാക്കാവസ്ഥയിലുള്ള സാമൂഹ്യസാഹചര്യത്തിൽനിന്നാണ് അദ്ദേഹം പാർടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ലാളിത്യത്തെ അദ്ദേഹം ജീവിതവ്രതമാക്കി. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്നതിന് ഉത്തമമാതൃകയായിരുന്നു സഖാവ്‌.

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. പുര കെട്ടിമേയാൻ പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു.

പൊലീസ്–ഗുണ്ടാ വാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. അതുതന്നെയാണ് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 1996 മെയ്‌മുതൽ മരണംവരെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പാർലമെന്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഒരു കമ്യൂണിസ്റ്റുകാരന് ഏറ്റവും അനിവാര്യമായ കാർക്കശ്യമാർന്ന അച്ചടക്കവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. പ്രാഥമികവിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന അദ്ദേഹം, സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യശാസ്ത്രജ്ഞനായി മാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ ബാലസംഘത്തിലേക്ക് ആകർഷിക്കപ്പെട്ടു.

ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും ചടയൻ രാഷ്ട്രീയകാര്യങ്ങളിൽ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിച്ച്‌ കലാസാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഏറെ ശ്രദ്ധിച്ചു. തോപ്പിൽ ഭാസിയുടെയുംമറ്റും നാടകങ്ങൾ നാട്ടുകാർക്ക് പരിചയപ്പെടുത്തി. നല്ല നാടകനടനെന്ന പെരുമകൂടി സഖാവിന് ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റുവേട്ടയുടെ ഘട്ടത്തിൽ പ്രതിരോധഭടനായി മാറി. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീട് പൊലീസും കോൺഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകർക്കുകയും ചെയ്തു.

1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരുംമറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധപ്രകടനത്തിന് കണ്ണൂരിൽ സി കണ്ണനൊപ്പം നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ അടിയേറ്റു. കൂടാതെ നിരവധിതവണ എതിരാളികളുടെ കായികാക്രമണത്തെയും നേരിടേണ്ടിവന്നു.

രാജ്യത്തെ തൊഴിലാളികളും കർഷകരും സാധാരണക്കാരുമടങ്ങുന്ന ജനസാമാന്യം വലിയ ദുരിതത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. കേന്ദ്രം ഭരിക്കുന്ന ബിജെപി എക്കാലവും കോർപറേറ്റുകൾക്കുവേണ്ടിയാണ്‌ നിലകൊണ്ടത്‌. മാത്രമല്ല, വൻകിട കുത്തക കമ്പനികളുടെ കാൽക്കീഴിലേക്ക്‌ രാജ്യത്തിന്റെ സ്വത്തായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ എത്തിച്ചുകൊടുത്തു. രാജ്യത്തിന്റെ ആത്മാഭിമാനം പണയംവച്ച്‌ അമേരിക്കയോട്‌ വിധേയത്വം പുലർത്തുകയാണ്‌ മോദി സർക്കാർ. ഇതിന്റെയെല്ലാം ദുരന്തഫലം അനുഭവിക്കുന്നത്‌ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകരടക്കമുള്ള സാധാരണ ജനങ്ങളാണ്‌. മതനിരപേക്ഷ ഇന്ത്യയെന്ന ആശയംതന്നെ തകർത്തെറിഞ്ഞ മോദി സർക്കാർ സ്വന്തം ജനതയെ ഭിന്നിപ്പിച്ച്‌ ഭരിക്കുകയാണ്‌. ഉന്നതവിദ്യാഭ്യാസരംഗത്തടക്കം കാവിവൽക്കരണം നടത്തി വർഗീയതയും അന്ധവിശ്വാസവും പ്രചരിപ്പിക്കുകയാണ്‌.

ഹിന്ദുത്വരാഷ്‌ട്രം എന്ന അവരുടെ ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്‌ തടയിടാൻ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ കഴിഞ്ഞുവെങ്കിലും ബിജെപിക്കും സംഘപരിവാറിനുമെതിരെ ഇനിയും ബഹുജനപ്രക്ഷോഭം ശക്തമാക്കേണ്ടതുണ്ട്‌. കേരളത്തിലാകട്ടെ ഇടതുപക്ഷത്തിനെതിരെ ബിജെപിയും യുഡിഎഫും വർഗീയശക്തികളുമായി കൂട്ടുചേരുകയാണ്‌. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതയെ തരാതരംപോലെ താലോലിക്കുകയാണ്‌ യുഡിഎഫ്‌. സംഘപരിവാറിനെ എതിർക്കുന്നില്ല എന്നുമാത്രമല്ല, ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവരുമായി കൂട്ടുചേരുകയാണ്‌ യുഡിഎഫ്‌. ഇത്തരത്തിൽ നാടിനെ കൊലക്കളമാക്കുന്നവർക്കെതിരെ പ്രതിരോധം ശക്തമാക്കണം. അതിനായി ചടയൻ ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കാണിച്ചുതന്ന സമരപാത നമുക്ക്‌ മുന്നിലുണ്ട്‌.

കേരളത്തിൽ ഭരണം നടത്തുന്ന ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്തുക എന്നത്‌ വലതുപക്ഷത്തിന്റെ അജൻഡയാണ്‌. അതിനായി ഏതറ്റംവരെയും സന്ധിചെയ്യാൻ കോൺഗ്രസും ബിജെപിയും തയ്യാറാണ്‌. ഇടതുപക്ഷത്തിനെതിരാകുമ്പോൾ അവർക്ക്‌ ഒരേസ്വരം കൈവരും. ജനകീയമാതൃകകൾ നിരന്തരം സൃഷ്‌ടിക്കുന്ന പിണറായി വിജയൻ സർക്കാരിനും ഇടതുപക്ഷത്തിനും വെല്ലുവിളികൾ ഉയർത്തുകയാണ്‌ കേന്ദ്രസർക്കാർ. ഗവർണറെ സംഘപരിവാറിന്റെ പ്രതിനിധിയെപ്പോലെയാക്കി സംസ്ഥാനങ്ങളെ കഷ്ടപ്പെടുത്താൻ നോക്കുകയാണ്‌ കേന്ദ്രം. ഇ‍ൗ ഓണക്കാലത്ത്‌ കൂടുതലായി ഒരുമണി അരിപോലും കേരളത്തിന്‌ അനുവദിച്ചില്ല. എന്നാൽ, ഏതു പ്രതിസന്ധിഘട്ടത്തിലും ജനതയെ ചേർത്തുപിടിക്കുന്ന സർക്കാരാണ്‌ കേരളത്തിലേത്‌. കേന്ദ്ര അവഗണനയ്‌ക്കെതിരെ അതിശക്തമായ പ്രത്യക്ഷസമരംതന്നെ വേണ്ടിവരും. ആ പോരാട്ടപാതയിൽ സിപിഐ എമ്മിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബഹുജനങ്ങളെ അണിനിരത്തി എൽഡിഎഫിന്‌ കരുത്തുപകരാനും ചടയൻ ഗോവിന്ദന്റെ ഉജ്വലസ്മരണ നമുക്ക് പ്രചോദനമേകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.