Skip to main content

യുഡിഎഫിനൊപ്പം ചേർന്ന് അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനയ്‌ക്ക് എതിരെ നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതും

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരിക്കുന്നു. ജനുവരി 13ന് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഘട്ടത്തിൽത്തന്നെ ഉപതെരഞ്ഞെടുപ്പ് നേരിടാൻ സിപിഐ എമ്മും എൽഡിഎഫും സർവസജ്ജമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ കാലതാമസം വരുത്തി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രമിരിക്കെയാണ് ഉപതെരഞ്ഞെടുപ്പ്. ഇത്തരമൊരു തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതാണ്. എൽഡിഎഫ്‌ പിന്തുണയോടെ 2016ലും 2021ലും നിലമ്പൂരിൽനിന്ന്‌ വിജയിച്ച അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെയും വഞ്ചനാപരമായ സമീപനത്തിന്റെയും ഫലമായാണ് ഈ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടുതവണ നിയമസഭയിലെത്തിച്ച എൽഡിഎഫിനെ പിന്നിൽനിന്ന്‌ കുത്തുകയായിരുന്നു അൻവർ. കേരളത്തിന് സുപരിചിതമല്ലാത്ത "ആയാറാം ഗയാറാം’ രാഷ്ട്രീയത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസും യുഡിഎഫും തയ്യാറായി. ഈ രാഷ്ട്രീയ വഞ്ചനയ്ക്കെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂരിലുണ്ടാകുക.

വലതുപക്ഷത്തിന്റെ കോട്ടയല്ല
കേരളത്തിലെ വലതു മാധ്യമങ്ങൾ ചിത്രീകരിക്കുന്നതുപോലെ വലതുപക്ഷത്തിന്റെ രാവണൻകോട്ടയൊന്നുമല്ല നിലമ്പൂർ. 1965ൽ മഞ്ചേരി മണ്ഡലം വിഭജിച്ച് നിലമ്പൂർ മണ്ഡലം രൂപംകൊണ്ടതുമുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഉപതെരഞ്ഞെടുപ്പടക്കം ഏഴുതവണ ഇടതുപക്ഷ സ്ഥാനാർഥിയാണ് വിജയിച്ചത്. മലപ്പുറത്തിന്റെ ചെ ഗുവേര എന്നറിയപ്പെടുന്ന സഖാവ് കുഞ്ഞാലി 1965ലും 1967ലും മണ്ഡലത്തിൽനിന്ന്‌ സിപിഐ എം സ്ഥാനാർഥിയായി വിജയിച്ചിട്ടുണ്ട്. 1980ൽ എൽഡിഎഫിന്റെ ഭാഗമായ കോൺഗ്രസ് (യു) സ്ഥാനാർഥിയായി ഹരിദാസൻ വിജയിച്ചു. ലോക്‌സഭയിലേക്ക് പൊന്നാനിയിൽനിന്ന് മത്സരിച്ച് തോറ്റ കോൺഗ്രസ് (യു) നേതാവ് ആര്യാടൻ മുഹമ്മദ് ‘അവരുടെ പാർടി പ്രതിനിധിയായി നായനാർ മന്ത്രിസഭയിൽ അംഗമായപ്പോൾ’ ഹരിദാസനെ രാജിവയ്‌പ്പിച്ച് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തി. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ആര്യാടൻ ആ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. നായനാർ മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ച് കോൺഗ്രസ് (യു) യുഡിഎഫിലേക്ക് തിരിച്ചുപോയതിനുശേഷം 1982ൽ നടന്ന തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ആര്യാടനെ സിപിഐ എം സ്വതന്ത്രനായി മത്സരിച്ച ടി കെ ഹംസ പരാജയപ്പെടുത്തി. 1980ൽ പതിനെട്ടായിരത്തോളം ഭൂരിപക്ഷം നേടിയ ആര്യാടനെ 1566 വോട്ടിനാണ് ഹംസ പരാജയപ്പെടുത്തിയത്. ഇന്ദിരാ ഗാന്ധിവരെ വന്ന് പ്രചാരണം നടത്തിയിട്ടും ആര്യാടൻ നിലംതൊട്ടില്ല. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂർ ജനത ആര്യാടനെയും കോൺഗ്രസിനെയും ഒരു പാഠം പഠിപ്പിച്ചു. സമാന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴും നിലമ്പൂരിലുള്ളത്. യുഡിഎഫിനൊപ്പം ചേർന്ന് അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനയ്‌ക്ക് നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതും.

ഭരണമികവ്‌ നേട്ടമാകും
എൽഡിഎഫിന് അനുകൂലമായ മറ്റൊരു ഘടകം പിണറായി സർക്കാരിന്റെ ഒമ്പതു വർഷത്തെ മികച്ച ഭരണം തന്നെയാണ്. രാജ്യമെമ്പാടും വർഗീയ സംഘർഷങ്ങളും ധ്രുവീകരണ ശ്രമങ്ങളും നടന്നപ്പോൾ കേരളം മതനിരപേക്ഷതയുടെ തുരുത്തായി നിലകൊണ്ടു. വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് വൻ കുതിപ്പും ഇക്കാലത്ത് ദൃശ്യമായി. പശ്‌ചാത്തല സൗകര്യങ്ങളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ വൻ വികസനങ്ങൾ സാധ്യമായി. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ ഈ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടായതിനു പുറമെ വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുക ലക്ഷ്യമാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം വൻ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി. ഇതിന്റെ ഗുണഫലം നിലമ്പൂരിനും ലഭിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ മാത്രം നടന്നത്. 290 കോടി രൂപ ചെലവിൽ 23 റോഡും 81 കോടി രൂപ ചെലവിൽ 10 പാലവും നിലവിൽ വന്നു. എല്ലാ വീട്ടിലും ശുദ്ധജലമെത്തിക്കുന്ന പദ്ധതിക്കായി 699 കോടി രൂപയും മലയോര ഹൈവേ നിർമാണത്തിനായി 165 കോടിയും പ്രളയ ദുരിതാശ്വാസമായി 155 കോടിയും ചെലവഴിച്ചു. നാലു പതിറ്റാണ്ടോളം മണ്ഡലത്തെ പ്രതിനിധാനംചെയ്‌ത കോൺഗ്രസിന്റെ കാലത്ത് ഉണ്ടാകാത്ത വികസന പ്രവർത്തനങ്ങളാണ് നിലമ്പൂർവാസികൾ കഴിഞ്ഞ ഒമ്പതുവർഷം കണ്ടത്. അതിനാൽ, "എൽഡിഎഫ് തുടരും നിലമ്പൂർ വളരും’ എന്ന മുദ്രാവാക്യമാണ് ഇപ്പോൾ മണ്ഡലത്തിൽനിന്ന്‌ ഉയരുന്നത്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ മുന്നേറ്റം ഉറപ്പാക്കുന്ന വിജയമായിരിക്കും നിലമ്പൂരിൽ നേടുക. മൂന്നാം എൽഡിഎഫ് സർക്കാരിലേക്കുള്ള ചവിട്ടുപടിയായി നിലമ്പൂരിലെ വിജയം മാറും.

അൻവറിന്റെ കാലുമാറ്റത്തോടെ വിജയം സുനിശ്ചിതമായെന്ന അതിരുകടന്ന ആത്മവിശ്വാസമാണ് യുഡിഎഫ് നേതാക്കൾ പ്രകടിപ്പിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അതിൽ ഇളക്കം തട്ടാൻ തുടങ്ങി. ഇനി മത്സരിക്കാനില്ലെന്നും മലയോര ജനതയുടെ പ്രശ്നമറിയുന്ന സ്ഥാനാർഥിയെ നിർത്താൻ യുഡിഎഫ് തയ്യാറാകണമെന്നുമാണ് ആദ്യം അൻവർ വച്ച നിബന്ധന. ഡിസിസി പ്രസിഡന്റ്‌ വി എസ് ജോയിയാണ് അൻവർ നിർദേശിച്ച സ്ഥാനാർഥി. പിന്നീട് യുഡിഎഫ് ഏത് ചെകുത്താനെ നിർത്തിയാലും പിന്തുണയ്ക്കുമെന്നായി അൻവറിന്റെ വായ്‌ത്താരി. അത് വിശ്വസിച്ചായിരിക്കണം ആര്യാടന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 2016ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അൻവറിനോട് 11,504 വോട്ടിന് തോറ്റ സ്ഥാനാർഥിയാണ് ഷൗക്കത്ത്. യുഡിഎഫിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും ഷൗക്കത്തിന്റെ വിജയം സംബന്ധിച്ച കണക്കുകൾ ജനകീയ കോടതിയിൽ ഏശില്ലെന്നതിന്റെ സാക്ഷ്യപത്രമാണിത്. മാത്രമല്ല ആര്യാടൻ ഷൗക്കത്താണ് സ്ഥാനാർഥിയെന്ന് അറിഞ്ഞതോടെ അൻവർ ഇടയുകയും ചെയ്തു. മണ്ഡലത്തിന്റെ പൾസ് അറിയാത്ത സ്ഥാനാർഥിയാണ് ഷൗക്കത്തെന്ന് അൻവർ തുറന്നടിച്ചു. കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഷൗക്കത്തിനാകില്ലെന്നും അൻവർ പറഞ്ഞു. അതായത് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുൻകൈ നേടിയെന്ന് ഘോഷിച്ച യുഡിഎഫിന്റെ മുഖം ഇതോടെ മ്ലാനമായി. ഈ ഘട്ടത്തിലും അൻവറില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം യുഡിഎഫിനും കോൺഗ്രസിനും ഇല്ല. അതാണ് കെ സുധാകരന്റെ പ്രസ്താവന തെളിയിക്കുന്നത്. അൻവർ മുതൽക്കൂട്ടാണെന്നും കൂടെ കൂട്ടണമെന്നുമാണ് സുധാകരൻ പറയുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവായ അൻവറിന്റെ യുഡിഎഫ് പ്രവേശം ഉറപ്പാണെന്ന് വി ഡി സതീശനും പറഞ്ഞു. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ഇറക്കി അൻവറിനെ കൂടെ നിർത്താനുള്ള തിരക്കിട്ട ശ്രമങ്ങളാണ് യുഡിഎഫ്‌ ക്യാമ്പിൽ നടക്കുന്നത്.

മഴവിൽ സഖ്യത്തിന്‌ കോൺഗ്രസും ലീഗും
ഘടകകക്ഷിയാകുക, നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റും മന്ത്രിസ്ഥാനവും ഉറപ്പാക്കുക തുടങ്ങി യുഡിഎഫിന് എളുപ്പം സ്വീകരിക്കാൻ കഴിയാത്ത ആവശ്യങ്ങളാണ് അൻവർ ഉയർത്തുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മത്സരിക്കുമെന്നാണ് അൻവറിന്റെ ഭീഷണി. പിണറായിയെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ തങ്ങൾക്ക് കരുത്താകുമെന്ന് കരുതിയ അൻവർ കീറാമുട്ടിയായി മാറിയെന്ന വികാരമാണ് ഇപ്പോൾ യുഡിഎഫിലുള്ളത്. അയാളെ തള്ളാനും കൊള്ളാനും ആവശ്യപ്പെട്ട് യുഡിഎഫിലും കോൺഗ്രസിലും രണ്ടുചേരിതന്നെ രൂപം കൊള്ളുകയാണ്. ഈ സ്വരച്ചേർച്ചയില്ലായ്മയ്‌ക്ക് ശക്തി പകർന്നുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ആരാട്യൻ ഷൗക്കത്ത് പാലംവലിച്ചതിന്റെ ഫലമായി തോൽക്കുകയും ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുൻ ഡിസിസി പ്രസിഡന്റുകൂടിയായ വി വി പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞത്. "അച്ഛന്റെ ഓർമകൾ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയുമെന്ന’ പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ ഘട്ടത്തിൽ ജയം ഉറപ്പിക്കാൻ ബിജെപിയുമായും മുസ്ലിം മതമൗലികവാദികളുമായും ചേർന്ന് മഴവിൽ സഖ്യം രൂപീകരിക്കാനാണ് കോൺഗ്രസും ലീഗും ശ്രമിക്കുന്നത്. ബിജെപി സ്ഥാനാർഥിയെ നിർത്താനില്ലെന്നും ബിഡിജെഎസിന് സീറ്റു വിട്ടുനൽകുമെന്നും മറ്റുമുള്ള മാധ്യമവാർത്തകൾ ശരിയാണെങ്കിൽ പട്ടാമ്പി, ബേപ്പൂർ, -വടകര മോഡൽ ആവർത്തിക്കാനാണ് ശ്രമമെന്ന് വ്യക്തം.

നിലമ്പൂരിലെ യുഡിഎഫ് ക്യാമ്പ് പ്രശ്നങ്ങളിൽനിന്ന് പ്രശ്നങ്ങളിലേക്ക് വഴുതി മാറുമ്പോൾ എൽഡിഎഫ് ഒത്തൊരുമയോടെ ഒറ്റമനസ്സായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുകയാണ്. രണ്ടുദിവസത്തിനകം എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ജൂൺ ഒന്നിന്‌ വൈകിട്ട് നിലമ്പൂരിൽ എൽഡിഎഫ് കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ എൽഡിഎഫിന്റെ പ്രവർത്തനം സജീവമാകും. രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂർ നിലനിർത്തുകതന്നെ ചെയ്യും. നേരത്തേ ചേലക്കരയിൽ നേടിയതുപോലെ നിലമ്പൂരിലും എൽഡിഎഫ് വിജയക്കൊടി പാറിക്കും. തുടർച്ചയായി മൂന്നാമതും എൽഡിഎഫ് സർക്കാർ രൂപീകരണത്തിനുള്ള കാഹളമായിരിക്കും നിലമ്പൂരിൽനിന്ന്‌ ഉയരുക.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.