സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഫിഷറീസ് മന്ത്രിക്ക് ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ കഴിവില്ലെന്ന് വരുത്തിതീർക്കുന്ന രീതിയിൽ ഷിബു ബേബി ജോണിന്റെ ഇടപെടലുണ്ടായത് ശരിയായില്ല. സ്വന്തം മുന്നണിയിലെ ഒരു മന്ത്രി തന്നെ സഹപ്രവർത്തകനെ അപമാനിക്കാൻ ശ്രമിച്ചത് ശരിയായില്ലെന്നും, ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു മന്ത്രി അതേ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. സഭയിൽ ഇത്തരം കാര്യങ്ങൾ പാടുണ്ടോ? മുൻപ് മറ്റ് മന്ത്രിമാർ ഇടപെട്ടിട്ടുണ്ടെങ്കിൽ തന്നെ, സംസാരിച്ചുകൊണ്ടിരുന്നയാൾ പറഞ്ഞു നിർത്തിയ ശേഷമാണ് അവർ സംസാരിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ ഉണ്ടായത് അതല്ല. ഫിഷറീസ് മന്ത്രി കഴിവുറ്റ ആളാണെന്നാണ് അഭിപ്രായം. എന്നാൽ നേരത്തെ മന്ത്രിയായിരുന്ന ഒരാൾ പുതിയതായി വന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കുന്ന രീതിയിലാണ് ഇടപെട്ടതെന്നുമാണ് താൻ ഉദ്ദേശിച്ചത്. മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങളാണ്. മുഖ്യമന്ത്രി ഏതു രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചാലും നമ്മുടെ കടലിന്റെ മക്കൾ കടുത്ത ആശങ്കയിലാണ്, തങ്ങൾക്ക് കടൽ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് അവർക്കുള്ളത്.
