Skip to main content

വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണം

കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്ന് കേരളത്തിന് അർഹമായ വിഹിതം തടഞ്ഞു വയ്ക്കുന്നത് കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷനും?
സമഗ്ര ശിക്ഷാ കേരളയ്ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നൽകാനുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടര വർഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം 2025 നവംബർ മാസത്തിലാണ് ഫണ്ട് ലഭ്യമായത്. 2025-26 വർഷത്തിൽ അനുവദിച്ചിട്ടുള്ള 456 കോടി രൂപയിൽ, ഒന്നാം ഗഡുവായ 92.41 കോടി രൂപ കേന്ദ്ര സർക്കാർ റിലീസ് ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഫണ്ടും അടിയന്തരമായി അനുവദിക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. 2023-24 മുതൽ ഈ ഇനത്തിൽ മാത്രം 440.87 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ട്. 2023-24 വർഷത്തെ മൂന്നാം ഗഡു മുതൽ 2025-26 ഉൾപ്പെടെ ആകെ 1158 കോടി രൂപയാണ് സംസ്ഥാനത്തിന് മൊത്തത്തിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ലഭിക്കുന്ന ഫണ്ട് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം,
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള ഹോസ്റ്റൽ ചെലവുകൾ,
ഈ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള യാത്രാനുകൂല്യങ്ങൾ, അതിഥി തൊഴിലാളികളുടെ കുട്ടികളുടെയും, ഔട്ട് ഓഫ് സ്‌കൂൾ കുട്ടികളുടെയും പരിശീലനം, പെൺകുട്ടികളുടെ ഹോസ്റ്റൽ ചെലവുകൾ, സ്‌കൂൾ മെയിന്റനൻസ് എന്നിവയുടെ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അർഹതപ്പെട്ടതാണ്.
കൂടാതെ, സമഗ്രശിക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് 169 ഓട്ടിസം സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ സെന്ററിലും ശരാശരി 60 കുട്ടികൾക്ക് വീതം സേവനം ലഭിക്കുന്നു. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സൗജന്യമാണ്. പ്രത്യേക പരിശീലനം ലഭിച്ച സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരും ആയമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
നിലവിൽ അധ്യാപകർ ഉൾപ്പെടെ 6870 ജീവനക്കാർ എസ്.എസ്.കെ.യിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര ഫണ്ട് ലഭിക്കാതിരുന്ന കഴിഞ്ഞ രണ്ടര വർഷവും, പദ്ധതി പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ ശമ്പളത്തിനുമുള്ള പണം മുടങ്ങാതെ നൽകിയത് സംസ്ഥാന സർക്കാരാണ്.
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്ന് കേരളത്തിന് അർഹമായ വിഹിതം തടഞ്ഞു വയ്ക്കുന്ന വിഷയത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷനും മറുപടി പറയണം.

 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.