പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല. അതാണ് അങ്ങനെയുള്ള രാജ്യങ്ങള്‍ ഇന്ത്യയിലെ പൗരത്വ നിയമത്തില്‍ ആശങ്ക അറിയിച്ചത്. പൗരത്വ ഭേദഗതി കേരളത്തിലെ മതനിരപേക്ഷമനസും അംഗീകരിക്കുന്നില്ല.ആര്‍എസ്എസ് അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. ഭരണഘടനയെ പിച്ചിചീന്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ജുഡീഷറിയില്‍ പോലും ഇടപെടുന്നു.
അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരായി ഉപയോഗിക്കുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തന്നെ ജയിലില്‍ ഇട്ടു. തങ്ങള്‍ക്ക് തോന്നുന്നത് എന്തും ചെയ്യും എന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇലക്ടറല്‍ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇടത് പാര്‍ട്ടികള്‍ മാത്രമാണ് അത് വേണ്ട എന്ന് പറഞ്ഞത്.
ഇലക്ടറല്‍ ബോണ്ട് രാജ്യത്തിന് വേണ്ടതല്ല എന്ന് കോടതിക്ക് കണ്ടെത്തേണ്ടി വന്നു. കണക്കുകള്‍ പുറത്ത് വിടാന്‍ കോടതിക്ക് കടുത്ത ഭാഷയില്‍ പറയേണ്ടി വന്നു. നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളെ ആകെ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാർ. ലോകത്ത് ഒരിടത്തും അഭയാര്‍ത്ഥികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചിട്ടില്ല. ഭരണഘടന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. ലോക രാജ്യങ്ങള്‍ ഈ നിയമത്തിനെതിരെ ആശങ്ക അറിയിച്ചു.
ആറ് വിഭാഗങ്ങള്‍ക്ക് മാത്രമാക്കി കേന്ദ്രം ഇപ്പോള്‍ നിയമം കൊണ്ടുവന്നു. ആ ആറ് വിഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ ഇല്ല. മുസ്ലീങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത് എന്ന് ആശങ്കപ്പെട്ടാല്‍ തെറ്റ് പറയാനാകില്ല. പൗരത്വത്തിന് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് ഹിന്ദു പൂജാരികളില്‍ നിന്നാണ് എന്ന് ഒരു പത്രം ഹെല്‍പ്പ് ലൈന്‍ വഴി ചോദിച്ചപ്പോള്‍ മറുപടി കിട്ടി. ഇങ്ങനെ ഈ രാജ്യത്തെ ജനങ്ങളുടെ പൗരത്വം തീരുമാനിക്കേണ്ടത് പൂജാരിമാരാണോ?