നഫീസത്തുൽ മിസ് രിയ മുതൽ ഐഷീ ഗോഷ് വരെ ഭരണകൂടത്തിന്റെ അനീതിയോട് സധൈര്യം കലഹിച്ച ധീരശബ്ദങ്ങളാണ്.
വലതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ നെറികേടുകളോട് പോരാടുകയാണവർ. എന്നാൽ ഈ പോരാളികളുടെ
ജനാധിപത്യപരമായ ചോദ്യങ്ങളോട് വ്യക്തിഹത്യാപരമായ മറുപടി നൽകൽ വലതുപക്ഷത്തിന്റെ എക്കാലത്തെയും അജണ്ടയാണ്. രാഷ്ട്രീയപരമായ ഉത്തരങ്ങൾ ഇല്ലാതിടത് ചോദ്യം ചോദിച്ചവരെ ഏതുവിധേയനെയും അധിക്ഷേപിച്ചില്ലാതാക്കൽ ഇക്കൂട്ടർ കുറേ കാലങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.
സംഘപരിവാറുകാർക്ക് സകലവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് തീർത്തും ജനാധിപത്യപരമായ, മനുഷ്യാവകാശപരമായ ചോദ്യമാണ് മഹാരാജാസ് കോളേജിന്റെ വൈസ് ചെയർപേഴ്സൺ ഉന്നയിച്ചത്. സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള അവകാശവും ഭരണഘടനയാണ് നമുക്ക് നൽകുന്നത്. അതിൽ നിന്നുകൊണ്ട് ഒരു നാടകം അവതരിപ്പിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത കാലടി സർവകലാശാല വിസി സിസാ തോമസിന്റെ നടപടിയെയാണ് ഈ പെൺകുട്ടി ചോദ്യം ചെയ്തത്. എന്നാൽ ഇതിനുള്ള രാഷ്ട്രീയ ഉത്തരം നൽകാൻ കേരളത്തിലെ വലതുപക്ഷത്തിന് സാധിച്ചിട്ടില്ല. അവർ ആവർത്തിച്ചു ചോദിക്കുന്നത് നഫീസത്തുൽ മിസ് രിയ എന്ന പെൺകുട്ടിയുടെ മതമാണ്. മതപരമായ വസ്ത്രധാരണമാണ്. മതത്തിന്റെ വിലാസത്തിൽ കെട്ടി പലയില്ലാ കഥകളും പടച്ചുവിടുകയാണ് വലതുപക്ഷം ചെയ്യുന്നത്. ഡൽഹി ജന്ദർ മന്തർ സമരത്തിന് സമാനതകളില്ലാത്ത നേതൃത്വം നൽകിയ ഐഷി ഗോഷ് ഉൾപ്പെടെയുള്ള പെൺകുട്ടികൾക്ക് നേരെ സമാന രീതിയിലുള്ള വ്യക്തിഹത്യയാണ് ഇക്കൂട്ടർ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും അഴിച്ചുവിട്ടത്. വലതുപക്ഷത്തിന്റെ അധിക്ഷേപങ്ങളിൽ വീണുപോയ ചരിത്രം ഇടതുപക്ഷത്തിന്റെ നാൾവഴികളിലൊന്നിലുമില്ല. പ്രിയപ്പെട്ട പെൺകുട്ടികളെ, പ്രിയപ്പെട്ട സഖാക്കളെ നിങ്ങളുടെ സമരം തുടരുക. രാഷ്ട്രീയ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയവരുടെ വ്യക്തിഹത്യാപരമായ മറുപടികളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്.
