'പീപ്പിൾസ് എഗൈൻസ്റ്റ് എസ് ഐ ആർ'
ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയ പ്രതിഷേധം രാജ്യത്തിലെ തലസ്ഥാന നഗരി അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. തൊഴിലാളികളും കർഷകരും, കർഷക തൊഴിലാളികളും, യുവജനങ്ങളും, മഹിളകളും, വിദ്യാർത്ഥികളും എല്ലാം സമരത്തിൽ അണിചേർന്നത് ജനാധിപത്യത്തെ സംരക്ഷിക്കാനാണ്. ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതിനർത്ഥം രാജ്യത്തെ രക്ഷിക്കുക എന്നാണ്. ജനാധിപത്യത്തിന്റെ കാവൽക്കാരനാവേണ്ടുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തിന്റെ ആരാച്ചാരായി മാറി. തിരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയായ മോദിയാവട്ടെ ജനാധിപത്യത്തിന്റെ അന്തകനുമായി. ആരാച്ചാറും അന്തകനും വിദൂഷകനായ അമിത് ഷായും ചേർന്നാണ് ലോകത്തിന്റെ മുമ്പിൽ ഇന്ത്യയെ നാണം കെടുത്തുന്ന വിധത്തിൽ 13 കോടിയിലേറെ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്തത്. സ്വതന്ത്രവും നീതിപൂർവ്വവുമായി പ്രവർത്തിക്കേണ്ടുന്ന ഇലക്ഷൻ കമ്മീഷനിലെ രണ്ട് അംഗങ്ങളെ ബന്ദികളാക്കി. വിയോജിപ്പുകൾ മാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് മഹാന്മാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്യാനേഷ് കുമാർ സ്വീകരിച്ചത് ഈ മഹത് വചനങ്ങൾക്കെതിരായ നടപടികളാണ്. എസ് ഐ ആർ റദ്ദാക്കുക, വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് പീപ്പിൾസ് മാർച്ചിൽ ഉയർത്തിയ മുദ്രാവാക്യം. വിലക്കുകൾ ലംഘിച്ചാണ് സമരം നടത്തിയത്. സമരക്കാരെ ഇരുമ്പ് ജയിൽ വണ്ടിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അവരുടെ കയ്യിലുണ്ടായിരുന്ന ദേശീയ പതാകകളെ ജയിലിലടച്ചു. ദേശീയ പതാകയെ ആർ.എസ്.എസ് മുമ്പും അംഗീകരിച്ചിരുന്നില്ലല്ലോ. ബഹുസ്വരതയും ബഹുവർണ്ണങ്ങളും മതരാഷ്ട്രവാദികൾ ഇഷ്ടപ്പെടുന്നില്ല. ബി.ജെ.പി ഭരണത്തിന്റെ അന്ത്യനാളുകളിലേക്ക് രാജ്യം നീങ്ങുമെന്ന പ്രതീക്ഷക്ക് വകനൽകുന്ന ആവേശകരമായ സമരക്കാഴ്ചകളാണ് ഡൽഹിയിൽ രാവിലെ മുതൽ ദർശിക്കാൻ കഴിയുന്നത്.
