Skip to main content

സഖാവ് പി കൃഷ്ണപിള്ള ദിനം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 75 വർഷം പൂർത്തിയാകുകയാണ്.42 വയസ്സുവരെമാത്രം ജീവിച്ച സഖാവ് പി കൃഷ്ണപിള്ളയുടെ പേര് കേരള ചരിത്രത്തിൽ സുവർണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്. ഏകദേശം 20 വർഷമാണ് പി കൃഷ്ണപിള്ള പൊതുരംഗത്ത് പ്രവർത്തിച്ചത്. അസാധാരണമായ സംഘടനാ വൈഭവത്തിന്റെ ഉടമയായിരുന്നു. ജനങ്ങളുമായി അത്രയധികം ഇഴുകിച്ചേർന്നു പ്രവർത്തിച്ചതിനാൽ പി കൃഷ്ണപിള്ളയുടെ കാര്യത്തിൽ ‘സഖാവ്' എന്നത് പേരായിത്തന്നെ മാറി.

1906ൽ വൈക്കം സത്യഗ്രഹത്തിന്റെ നാട്ടിലാണ് സഖാവ് ജനിച്ചത്. പല ജോലികൾ ചെയ്തതിനുശേഷം 1927ൽ ബനാറസിൽ എത്തി. അവിടെനിന്ന് ഹിന്ദി പഠിച്ചശേഷം ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്നാണ് പൊതുപ്രവർത്തനത്തിന്റെ മാർഗത്തിലൂടെ സഖാവ് സഞ്ചരിക്കാൻ തുടങ്ങിയത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിലേക്ക്‌, തുടർന്ന് കമ്യൂണിസ്റ്റ് പാർടിയിലേക്ക് എന്ന ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ രീതിയിലൂടെയാണ് കൃഷ്ണപിള്ളയും പാർടിയിൽ എത്തിച്ചേരുന്നത്. 1937ൽ കേരളത്തിൽ രൂപീകരിച്ച കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യത്തെ ഗ്രൂപ്പിൽ അംഗമായിരുന്നു. പിണറായി പാറപ്രത്തുവച്ച് കമ്യൂണിസ്റ്റ് പാർടിയായി മാറിയശേഷം അതിന്റെ സെക്രട്ടറിയായി. നാലുപേരടങ്ങുന്ന ആദ്യ സെല്ലിൽനിന്ന് കേരളത്തിലെ ഏറ്റവും വലിയ പാർടിയായി കമ്യൂണിസ്റ്റ് പാർടിയെ വളർത്തുന്നതിന്‌ അടിത്തറയിട്ടത് കൃഷ്ണപിള്ളയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവെന്ന് ഏതെങ്കിലുമൊരു വ്യക്തിയെ വിശേഷിപ്പിക്കാമെങ്കിൽ അതിനർഹൻ കൃഷ്ണപിള്ളയാണെന്ന് ഇഎംഎസ് പറഞ്ഞത് അതുകൊണ്ടാണ്.

ത്യഗോജ്വലമായ നിരവധി പോരാട്ടങ്ങളുടെ അധ്യായമായിരുന്നു ആ ജീവിതം. ഉപ്പ് സത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നിന്ന് ബോധംകെടുംവരെ മർദനമേറ്റുവാങ്ങിയത്‌ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ആവേശകരമായ ചിത്രമാണ്‌. ഗുരുവായൂർ സത്യഗ്രഹത്തിന്റെ ഘട്ടത്തിലും ഭീകരമർദനം ഏറ്റുവാങ്ങി.

1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. വർഗ രാഷ്ട്രീയത്തിന്റെ വഴികളിലൂടെ കേരളത്തെ നയിക്കുന്ന പ്രവർത്തനവും അദ്ദേഹം ഏറ്റെടുത്തു. ആലപ്പുഴയിലും കോഴിക്കോട്ടും കണ്ണൂരും തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചു. മലബാറിലെ കർഷക സമരങ്ങൾക്ക് ഊർജം പകർന്നു. 1940 സെപ്തംബർ 15ന്‌ ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് പൊലീസ് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിൽ അടച്ചു. 1942 മാർച്ചിലാണ് മോചിപ്പിച്ചത്‌. 1946 വരെ പാർടി കെട്ടിപ്പടുക്കുന്നതിന് കേരളമാകമാനം സഞ്ചരിച്ചു. പരിചയപ്പെടുന്ന ഏവരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അസാധാരണമായ ശേഷി കൃഷ്ണപിള്ളയ്ക്ക്‌ ഉണ്ടായിരുന്നു. 1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽ വച്ചാണ് ഇഎംഎസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. ഇടതുപക്ഷ ദേശീയവാദിയായ തന്നെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇഎംഎസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർടി നേതാക്കളായി മാറിയ പലരെയും വളർത്തിയെടുക്കുന്നതിൽ കൃഷ്ണപിള്ളയുടെ പങ്ക്‌ സവിശേഷമായിരുന്നു.

1930കളുടെ അവസാനം ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരത്തെ നേരിടാൻ സർ സി പിയുടെ പൊലീസും പട്ടാളവും ആലപ്പുഴ പട്ടണത്തിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു. അവിടെ ഒരു നാരങ്ങ കച്ചവടക്കാരന്റെ വേഷത്തിലെത്തിയാണ്‌ പണിമുടക്കിന് നേതൃത്വം നൽകിയത്‌. പുന്നപ്ര–വയലാർ സമരശേഷം നേതാക്കളെ കൂട്ടത്തോടെ സർ സിപിയുടെ പൊലീസ് തുറുങ്കിലടയ്ക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ ഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിൽ ഒളിവിൽ പ്രവർത്തിച്ചത്. അതിനിടയിലാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. മരിക്കുന്ന ഘട്ടത്തിൽ അവസാനമായി പറഞ്ഞ ‘സഖാക്കളേ മുന്നോട്ട്’ എന്ന വാക്കുകൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ഊർജമായിത്തന്നെ ഇന്നും നിലനിൽക്കുന്നു.

പി കൃഷ്ണപിള്ളയെപ്പോലുള്ള ത്യാഗധനരായ നേതാക്കളുടെ പ്രവർത്തനഫലമായി നമുക്ക് ലഭിച്ച സ്വാതന്ത്ര്യംപോലും വെല്ലുവിളിക്കപ്പെടുന്ന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സംഘപരിവാർ നയിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുകയാണ്. സാമ്രാജ്യത്വശക്തികൾ ഉപയോഗിച്ച ഭിന്നിപ്പിക്കൽ തന്ത്രമാണ്‌ സംഘപരിവാർ നടപ്പാക്കുന്നത്‌. കോർപറേറ്റ്‌ നയങ്ങൾക്കെതിരായി ജനകീയ ചെറുത്തുനിൽപ്പുയരുന്ന ഘട്ടത്തിലാണ് അവർക്കുവേണ്ടിക്കൂടി വർഗീയ ധ്രുവീകരണ അജൻഡ സംഘപരിവാർ നടപ്പാക്കുന്നത്. സംഘപരിവാറിന്റെ ഈ നയങ്ങളെ ഇന്ത്യൻ ജനത ശക്തമായി പ്രതിരോധിക്കുകയാണ്. അതിന്റെ ഭാഗമായാണ്‌ ഇന്ത്യ എന്ന പേരിലുള്ള കൂട്ടായ്മ രൂപപ്പെട്ടത്‌.

ആധുനിക കേരളത്തിനായി പൊരുതിയ കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടലാണ് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന നാടായി കേരളത്തെ മാറ്റിയത്. അതിന് കമ്യൂണിസ്റ്റ് പാർടിയെ പ്രാപ്തമാക്കുന്നതിന് കൃഷ്ണപിള്ളയുടെ സംഘടനാ പാടവത്തിനു വലിയ പങ്കുണ്ട്. നവകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്ന ഘട്ടംകൂടിയാണ്‌ ഇത്. കോർപറേറ്റ്–ഹിന്ദുത്വ-അമിതാധികാര പ്രവണതയ്‌ക്കെതിരായി ജനകീയ ബദൽ ഉയർത്തിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ആ സർക്കാരിനെ ദുർബലപ്പെടുത്തുന്നതിന്‌ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധമടക്കം ഏർപെടുത്തുകയാണ്‌.

സംസ്ഥാനത്തെ ഞെക്കിക്കൊല്ലുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുമ്പോഴും അക്കാര്യത്തിൽ പ്രതികരിക്കാതെ അവരെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണ്‌. ഈ ഘട്ടത്തിൽപ്പോലും നാടിന്റെ താൽപ്പര്യത്തിനായി യോജിച്ചുനിൽക്കാൻ യുഡിഎഫ്‌ തയ്യാറാകുന്നില്ല. ഇതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും പരസ്യമായി കൈകോർക്കുന്നു. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾക്കെതിരെ നാടിന്റെ താൽപ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പോരാടുന്നതിലും കൃഷ്ണപിള്ളയുടെ ഓർമകൾ നമുക്ക് കരുത്താകും.

കൂടുതൽ ലേഖനങ്ങൾ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. പിഎസ്‍സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാർശയിൽ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണം.

സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്

സ. പിണറായി വിജയൻ

അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ.

പി.എസ്.സി ചെയർമാനെ നീക്കണമെന്നും കമ്മീഷനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ നൽകിയ ഗവർണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവും

സ. പിണറായി വിജയൻ

കേരളത്തിലെ പി.എസ്.സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണ്ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ്‌ തീരുമാനിച്ചത്‌ എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക്‌ മരുന്നിനെതിരെ സിപിഐ എം നിലപാട്‌ എടുക്കുകയാണ്‌ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ആരോഗ്യമന്ത്രി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ്‌ തീരുമാനിച്ചത്‌ എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക്‌ മരുന്നിനെതിരെ സിപിഐ എം നിലപാട്‌ എടുക്കുകയാണ്‌ എന്ന പച്ചക്കള്ളം ആരോഗ്യമന്ത്രിയും മറ്റും പ്രചരിപ്പിക്കുകയാണ്.