Skip to main content

വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കണം

മണിപ്പൂരിലും ഉത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാർ തുടരുന്നത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകൾ ഇരു സംസ്‌ഥാനത്തും ശ്രമിക്കുന്നത്. സംഘപരിവാറിൻറെ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തോട് ഹിന്ദുമത വിശ്വാസികളിൽ മഹാഭൂരിപക്ഷവും എതിരാണ്. മണിപ്പൂരിൽ ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയുണ്ടായി. പാർലമെന്റ് ഉദ്ഘാടന ദിവസം മാത്രം നാല്പത് കുക്കി ഗോത്രക്കാരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ആകെ അൻപതിനായിരത്തോളം പേരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.
ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ കൂടെ നിർത്തി ഗോത്രവിഭാഗക്കാരായ കുക്കികൾക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് സംഘപരിവാർ നേതൃത്വത്തിൽ അഴിച്ചുവിടുന്നത്.
കുക്കികളും മെയ്തികളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങളെ അപകടകരമാം വിധത്തിൽ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ബിജെപി ചെയ്തത്. മെയ്തി വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി ബിരേൻ സിംഗ് കുക്കികൾക്കുനേരെയുള്ള വംശീയ പ്രചരണങ്ങൾക്ക് ആക്കം കൂട്ടുന്ന രീതിയിൽ പ്രസ്താവനകൾ നടത്തുകയുമുണ്ടായി. ആർഎസ്‌എസ് അനുകൂല സംഘടനകളായ ആരംബായ്‌ തെംഗോൽ, മെയ്‌തീ ലീപുൺ എന്നീ സായുധ സംഘങ്ങളുടെ നേതൃത്വത്തിൽ ഗോത്രവിഭാഗമായ കുക്കികളുടെ ക്രൈസ്തവ ദേവാലയങ്ങൾ നിരന്തരമായി തകർക്കപ്പെടുന്ന സ്‌ഥിതിയാണ് നിലവിലുള്ളത്. പൊലീസിന്റെയും സുരക്ഷാസേനകളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം മെയ്തി ആക്രമി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്.
ബിജെപി മണിപ്പൂരിൽ അധികാരത്തിൽ വന്ന 2017 ന് ശേഷമാണ് സംസ്‌ഥാനത്ത് വർഗീയ-വംശീയ സംഘർഷങ്ങൾ രൂക്ഷമായത്. സംഘപരിവാറിന്റെ ഹൈന്ദവ ദേശീയതയുടെ മറ്റൊരു പതിപ്പാണ് മണിപ്പൂരിൽ നിലവിൽ കാണാൻ കഴിയുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മണിപ്പൂരിനെ കലാപക്കളമാക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ മനസ്സുകൾ ശബ്ദമുയർത്തേണ്ടതുണ്ട്.
ക്രൈസ്തവവേട്ടയാണ് മണിപ്പൂരിലെങ്കിൽ ഉത്തരാഖണ്ഡിൽ ആസൂത്രിതമായ മുസ്ലിം വേട്ടയാണ് നടക്കുന്നത്. വ്യാജ "ലൗജിഹാദ്‌" പ്രചാരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിനാണ്‌ സംഘപരിവാർ ഇവിടെ ശ്രമിക്കുന്നത്. "മുസ്ലിങ്ങളില്ലാത്ത ഉത്തരാഖണ്ഡ്‌" എന്ന അങ്ങേയറ്റം വർഗ്ഗീയ ഉള്ളടക്കമുള്ള ക്യാമ്പയിനാണ് ഹിന്ദുത്വ ശക്തികൾ നടത്തുന്നത്. ലൗജിഹാദിനൊപ്പം "വ്യാപാർ ജിഹാദെ"ന്ന പുതിയ വർഗ്ഗീയ വിദ്വേഷ പ്രചാരണത്തിനും സംഘപരിവാർ തുടക്കമിട്ടിട്ടുണ്ട്. എല്ലാ മുസ്ലിം വ്യാപാരികളും തങ്ങളുടെ കടകൾ ഒഴിഞ്ഞുപോകാൻ "ദേവ്‌ഭൂമി രക്ഷാ അഭിയാൻ" എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് തിട്ടൂരം പുറപ്പെടുവിച്ചത്. ഇതേ സംഘടനയാണ് മുസ്ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനായി ഉത്തരകാശിയിൽ "മഹാപഞ്ചായത്ത്" വിളിച്ചുകൂട്ടാൻ ആഹ്വാനം നൽകിയതും. ഉത്തരകാശിയിലെ മുസ്ലിങ്ങളുടെ കടകളുടെ പുറത്ത് ഹിന്ദുത്വ ഗ്രൂപ്പുകൾ "X" എന്ന് രേഖപ്പെടുത്തിയത് പണ്ട് ജർമ്മനിയിൽ ജൂത ഗൃഹങ്ങളെ തിരിച്ചറിയാൻ നാസികൾ ചെയ്ത
പ്രവൃത്തിയെ അനുസ്മരിപ്പിക്കുന്നുണ്ട്. ഉത്തരകാശിയിൽ നിന്നും മുസ്ലിങ്ങളെ പൂർണ്ണമായും ഒഴിപ്പിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് അധികാരികൾക്ക് നിവേദനം നൽകിയത്. ഇല്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കുമെന്നാണ് ഭീഷണി.
ബിജെപി ഭരിക്കുന്ന രണ്ട് സംസ്‌ഥാനത്ത് നടക്കുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ ഈ ആസൂത്രിത ആക്രമണങ്ങള്‍ മതരാഷ്ട്രമെന്ന സംഘപരിവാര്‍ അജണ്ടയിലേക്കുള്ള ചുവടുവെപ്പാണ്. മണിപ്പൂരും ഉത്തരാഖണ്ഡും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലകളായി മാറുമ്പോൾ അതിനെ ചെറുക്കേണ്ടത് അനിവാര്യമാണ്. ഈ വര്‍ഗീയ അജണ്ടകളോട് മൗനം പാലിക്കാതെ ജനാധിപത്യപരമായി പ്രതിരോധിക്കുകയാണ് ഇന്നിന്റെ കടമ.
 

കൂടുതൽ ലേഖനങ്ങൾ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരള പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയ മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. പിഎസ്‍സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാർശയിൽ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണം.

സ്വന്തം തട്ടിപ്പുകൾ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്നതിന് വിവരാവകാശ നിയമം കാരണമാകും എന്ന ഭയമാണ് കോൺഗ്രസ് നേതൃത്വത്തെ നയിക്കുന്നത്

സ. പിണറായി വിജയൻ

അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാൻ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുകയാണ് യുഡിഎഫ് സർക്കാർ.

പി.എസ്.സി ചെയർമാനെ നീക്കണമെന്നും കമ്മീഷനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാർശ നൽകിയ ഗവർണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും കടുത്ത അധികാര ദുർവിനിയോഗവും

സ. പിണറായി വിജയൻ

കേരളത്തിലെ പി.എസ്.സി ചെയര്‍മാനെ നീക്കണമെന്നും കമ്മീഷനെ തന്നെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കേരള ഗവര്‍ണ്ണര്‍ ശിപാര്‍ശ നല്‍കിയതായി വാര്‍ത്ത വന്നിരിക്കുകയാണ്. ഗവര്‍ണ്ണറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും കടുത്ത അധികാര ദുര്‍വിനിയോഗവുമാണ്.

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ്‌ തീരുമാനിച്ചത്‌ എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക്‌ മരുന്നിനെതിരെ സിപിഐ എം നിലപാട്‌ എടുക്കുകയാണ്‌ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ആരോഗ്യമന്ത്രി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ക്ലിനിക്കൽ പരീക്ഷണത്തിനുള്ള മരുന്ന്‌ കുട്ടികൾക്കും രോഗികൾക്കും നൽകാൻ ആരാണ്‌ തീരുമാനിച്ചത്‌ എന്ന കാര്യം ചോദിക്കുമ്പോൾ, ജനറിക്‌ മരുന്നിനെതിരെ സിപിഐ എം നിലപാട്‌ എടുക്കുകയാണ്‌ എന്ന പച്ചക്കള്ളം ആരോഗ്യമന്ത്രിയും മറ്റും പ്രചരിപ്പിക്കുകയാണ്.