മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ കൊണ്ടുവന്ന പുതിയ പൊതുസുരക്ഷാബിൽ ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണ്. വിയോജിപ്പുകളും വിമർശനങ്ങളും ഉന്നയിക്കുന്ന ആരെയും രാജ്യദ്രോഹിയാക്കി മുദ്ര കുത്താനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ‘തീവ്ര ഇടതുപക്ഷ ശക്തികൾ’ എന്നാൽ എന്താണെന്ന കൃത്യമായ നിർവചനം ബില്ലിലില്ല. പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ആയുധമായി ബിൽ മാറാൻ വലിയ സാധ്യതയുണ്ട്. ജനാധിപത്യവിരുദ്ധ ഈ ബില്ലിനെതിരെ പ്രക്ഷോഭങ്ങൾ നടത്തണം. വർഷകാലസമ്മേളനത്തിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ആണവനിയമഭേദഗതികളെ സിപിഐ എം എതിർക്കും. അമേരിക്കയുടെയും മറ്റ് വിദേശരാജ്യങ്ങളുടെയും സ്വകാര്യകോർപറേറ്റുകൾക്ക് രാജ്യത്തിന്റെ ആണവമേഖല തീറെഴുതാനാണ് ഭേദഗതികൾ. ധാതുസമ്പത്ത് കോർപറേറ്റുകൾക്ക് ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്ന മൈൻസ് ആൻഡ് മിനറൽസ് ആക്‌റ്റ് ഭേദഗതിയെയും പാർടി ശക്തമായി ചെറുക്കും.
