അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോഴേക്കും വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീത ദാസന്മാരുടെ സർക്കാരായി മാറുകയാണ്. ആർഎസ്എസിനോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചില മന്ത്രിമാർ പതുക്കെയും ചില മന്ത്രിമാർ ഉറക്കെയും ആർഎസ്എസിനോടുള്ള കൂറ് പ്രഖ്യാപിക്കുകയാണ്.
പിഎംഎവൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്ക്കുന്നതിൽ കെ എം ഷാജിക്ക് വലിയ ആവേശമാണ്. 'കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് ഷാജി ന്യായീകരിക്കുന്നത്. ഇത് അൺഹെൽത്തി ഡിബേറ്റിൻ്റെ വിഷയമല്ല. ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്.
വീട്ടുകാരുടെ ആത്മാഭിമാനം പണയപ്പെടുത്തി, ആരോ കൊടുത്ത വീടാണ് എന്ന പ്രതീതി ഉണ്ടാക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഇടതുപക്ഷ സർക്കാരിൻ്റെ നിലപാട്. നിലവിൽ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ പ്രകാരമുള്ള വീടുകൾ നിർമ്മിച്ചത്. പിഎംഎവൈ നഗരം പദ്ധതിയിൽ ഒരു ലക്ഷത്തി ആയിരത്തി നാനൂറ്റി മുപ്പത്തി ഏഴ് വീടുകളും ഗ്രാമീൺ പദ്ധതിയിൽ 34,265 വീടുകളും നിർമ്മിച്ചു. അതിലൊന്നും ലോഗോയും പടവും വച്ചിട്ടില്ല. പിന്നെ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു മാറ്റം എന്ന് വ്യക്തമാണ്. ആർഎസ്എസിനെ സുഖിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിൻ്റെ പിന്നിൽ.
എംജി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും സംഘപരിവാർ അധ്യാപകരെ താൽക്കാലിക വിസിയാക്കിയ ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മൗനത്തിലാണ്. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും പ്രഖ്യാപിച്ചു കഴിഞ്ഞു. പിഎംശ്രീയിൽ നിന്ന് പിന്മാറാൻ ആകില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീനും ആവർത്തിച്ച് പറഞ്ഞുകഴിഞ്ഞു.







