Skip to main content

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്ന സഖാവ് ബാലാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വർഷം

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 16 വർഷമാകുന്നു. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു അദ്ദേഹം. അലുമിനിയം കമ്പനിയിലെ കൂലിത്തൊഴിലാളിയിൽനിന്ന് രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വളർന്ന അസാധാരണ വിപ്ലവ ഏടാണ് ഇ ബാലാനന്ദന്റെ ജീവിതം.

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ തൊഴിലാളി കുടുംബത്തിൽ 1924ൽ ആയിരുന്നു സഖാവിന്റെ ജനനം. ജീവിതപ്രാരബ്ധം കാരണം നന്നേ ചെറുപ്പത്തിലേ തൊഴിലെടുക്കാൻ നിർബന്ധിതനായി. ഷാപ്പുതൊഴിലാളി, കൂലിപ്പണിക്കാരൻ എന്നിങ്ങനെയെല്ലാം ജീവിതവഴി തേടുന്നതിനിടെ ഏലൂരിലെ അലുമിനിയം കമ്പനിയിൽ പണിക്കാരനായി. തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ബാലപാഠം അവിടത്തെ പണിശാലയിൽനിന്ന് പഠിച്ചു. അലുമിനിയം ഫാക്ടറി വർക്കേഴ്സ് യൂണിയൻ രൂപീകരിക്കപ്പെട്ടു. അതിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ തൊഴിലാളി യൂണിയനായിരുന്നു അത്. ആദ്യം കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം 1943ൽ കമ്യൂണിസ്റ്റ് പാർടിയുടെ ആലുവ സെൽ രൂപീകരിച്ചപ്പോൾ അതിലെ അംഗമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിനെത്തുടർന്ന് കമ്പനി പുറത്താക്കി. ഫാക്ടറിയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം പൂർണസമയ പാർടി പ്രവർത്തകനായി.

വിവിധ ഘട്ടത്തിലായി അഞ്ചുവർഷം ജയിൽവാസവും നാലര വർഷത്തോളം ഒളിവുജീവിതവും നയിച്ചു. ഭീകരമായ പൊലീസ് മർദനത്തിന് നിരവധി തവണ ഇരയായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നുണപ്രചാരണം ശക്തിപ്പെട്ടപ്പോൾ അതിനെതിരെ കുറിക്കുകൊള്ളുന്ന ഭാഷയിൽ, ഒളിവിലിരിക്കെ പൊതുയോഗത്തിൽ പ്രസംഗിച്ച് മറുപടി നൽകി. അതേത്തുടർന്ന് പൊലീസ് അറസ്റ്റുചെയ്തു. സിപിഐ എം രൂപീകരിച്ചപ്പോൾ പാർടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി. പിന്നീട് സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. 1972ൽ മധുരയിൽ ചേർന്ന ഒമ്പതാം പാർടി കോൺഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമായത്. 1978ൽ ജലന്ധർ പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മൂന്നു പതിറ്റാണ്ടോളം ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു. എ കെ ജിക്കും ഇ എം എസിനും ശേഷം പാർടി പിബിയിൽ എത്തിയ മലയാളിയായിരുന്നു അദ്ദേഹം.

തൊഴിലാളികളെ വിപ്ലവപാതയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശപ്പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും സിഐടിയു നേതാവെന്ന നിലയിൽ സ. ഇ ബാലാനന്ദൻ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുന്നതാണ്. 1970ൽ സിഐടിയു രൂപീകരിച്ചപ്പോൾ അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും തുടർന്ന് അഖിലേന്ത്യ ട്രഷററുമായി. ബി ടി രണദിവെയ്‌ക്കുശേഷം സിഐടിയുവിന്റെ പ്രസിഡന്റായി. ആഗോളവൽക്കരണ നയത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗത്തെ സമരപാതയിൽ എത്തിക്കുന്നതിന് നേതൃപരമായ പങ്കാണ് അദ്ദേഹം നിർവഹിച്ചത്. വൈദ്യുതി ജീവനക്കാരുടെ സംഘടന ദേശീയമായി കെട്ടിപ്പടുത്തത് അദ്ദേഹത്തിന്റെ മുൻകൈയിലായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി. വൈദ്യുതി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് അത്. അവസാനകാലംവരെ അതിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു.

മികച്ച പാർലമെന്റേറിയനായിരുന്നു ഇ ബാലാനന്ദൻ. 1967 മുതൽ 1977 വരെ കേരള നിയമസഭയിലും 1980ൽ ലോക്‌സഭാംഗവും പിന്നീട് രണ്ടുതവണ രാജ്യസഭാംഗവുമായി. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ നേടുന്നതിനുള്ള സമരവേദിയായി പാർലമെന്റിനെ മാറ്റുന്നതിൽ വിജയം കണ്ട വിപ്ലവകാരിയായ പാർലമെന്റേറിയനായി. അസംഘടിത തൊഴിലാളികൾക്കുവേണ്ടി നിയമം കൊണ്ടുവരുന്നതിന് പാർലമെന്റിൽ ഉയർന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.

ജീവിതപ്രാരബ്ധങ്ങൾ കാരണം ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തേണ്ടിവന്നു. പക്ഷേ, സമൂഹമാകുന്ന പാഠശാലയിൽനിന്ന് അറിവുകൾ സ്വാംശീകരിച്ച് എല്ലാ മേഖലയിലും ആധികാരികമായി ഇടപെടാൻ പറ്റുന്ന നേതാവായി അദ്ദേഹമുയർന്നു. മാർക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായി അവസാനകാലത്ത് പ്രവർത്തിച്ചു. ഓരോ വിഷയത്തെയും മാർക്സിസ്റ്റ്– ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിന് അസാമാന്യ പാടവമുണ്ടായിരുന്നു. ഇന്ത്യൻ ജനത വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ചരമദിനം നാം ആചരിക്കുന്നത്. ഹിന്ദുത്വ–കോർപറേറ്റ് അമിതാധികാര പ്രവണതകൾ രാജ്യത്ത് നടമാടുകയാണ്. രാജ്യത്തിന്റെ ഗുണപരമായ എല്ലാ നേട്ടങ്ങളും തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

പാർലമെന്ററി ജനാധിപത്യത്തെപ്പോലും തകർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതയും നിലനിൽപ്പുമെല്ലാം അപകടത്തിലാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം ജനവിരുദ്ധനയങ്ങളെ പിന്തുണച്ച് ചൂഷണം ശക്തിപ്പെടുത്താനാണ് കോർപറേറ്റുകൾ ശ്രമിക്കുന്നത്. ഇത്തരം നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട കാലമാണിത്. ഈ പോരാട്ടങ്ങൾക്ക് ഇ ബാലാനന്ദൻ സ്മരണ നമുക്ക് പുതിയ ഊർജമേകും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.

കേരള വികസനമാതൃകയ്‌ക്ക് കൂടുതൽ തിളക്കവും പ്രസരിപ്പും നൽകിക്കൊണ്ട് രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരള വികസനമാതൃകയ്‌ക്ക് കൂടുതൽ തിളക്കവും പ്രസരിപ്പും നൽകിക്കൊണ്ട് രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്. കേരളപ്പിറവിയുടെ 70–ാം വാർഷിക ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തും.

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട്

സ. പിണറായി വിജയൻ

ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോവുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന് കരുത്തു പകരുന്നത്.