ഒരു മാസത്തിലധികം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തെ അപലപിക്കുന്നു. 30 ദിവസം കേസിൽ അകപ്പെട്ട് ജയിലിൽ കിടന്നാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മറ്റ് മന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകളാണ് മോദി സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്. നിയമത്തിന്റെ സ്ഥാപിത നടപടിക്രമങ്ങളെ മറികടക്കുന്ന കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവണതകളെയാണ് ഇത് വ്യക്തമാക്കുന്നത്.
ജുഡീഷ്യൽ പരിശോധന ഒഴിവാക്കാൻ നിയമനിർമാണത്തിൽ മാറ്റങ്ങൾ വരുത്തുന്ന പ്രവണത മുൻകാലങ്ങളിലും ബിജെപി കാണിച്ചിട്ടുണ്ട്. പ്രതിപക്ഷ സംസ്ഥാന സർക്കാരുകളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു ആയുധമായി നവ ഫാസിസ്റ്റ് സർക്കാർ ബില്ലിനെ ഉപയോഗിക്കുമെന്ന് തീർച്ചയാണ്. കേന്ദ്ര നീക്കം അരോചകവും ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥയെ ദുർബലപ്പെടുത്തുന്നതുമാണ്. യഥാർഥ ഉദ്ദേശ്യത്തെ മറച്ചുവെക്കാൻ വേണ്ടി മാത്രമാണ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാമർശം നടത്തിയത്. ബില്ലിനെതിരെ സിപിഐ എം ശക്തമായി പോരാടും. എല്ലാ ജനാധിപത്യ, മതേനിരപേക്ഷ പാർടികളോടും ഈ നീക്കത്തെ സംയുക്തമായി ചെറുക്കാൻ അഭ്യർഥിക്കുന്നു.
