കമ്യൂണിസ്റ്റ്–തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സഖാവ് കെ പി സഹദേവൻ്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കാകെ കനത്ത നഷ്ടമാണ്. തൊഴിലാളികളുടെ അവകാശ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു സഖാവ്.
വ്യക്തിപരമായും ഏറ്റവും അടുത്ത് ഇടപഴകിയ സഖാവാണ് കെ പി. ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും സമരസംഘടനാ പ്രവർത്തനങ്ങളിലും വർഷങ്ങളോളം ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. ജ്യേഷ്ഠ സഹോദരനെ പോലെയാണ് സഖാവ് കെ പി സഹദേവൻ എന്നും ഇടപെട്ടിട്ടുള്ളത്. പതിനെട്ടാം വയസിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ച് ആറര പതിറ്റാണ്ടിലേറെ നിസ്വവർഗത്തിനായി ജീവിതം സമർപ്പിച്ച സഖാവാണ് അദ്ദേഹം. ജീവന്റെ അവസാന ശ്വാസം വരെയും തൊഴിലാളി വർഗത്തിന്റെ അവകാശപോരാട്ടങ്ങൾക്ക് വേണ്ടി നിലകൊണ്ടു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി ടുബാക്കോ വർക്കേഴ്സ് യൂണിയൻ കണ്ണോത്തുംചാൽ ഡിവിഷൻ സെക്രട്ടറിയായാണ് പൊതുപ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് എണ്ണമറ്റ യൂണിയനുകൾക്ക് രൂപംകൊടുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥക്കാലത്ത് "മിസ' പ്രകാരം ഇരുപത് മാസം ജയിലിലായി. വിവിധ കാലയളവിൽ രണ്ടുവർഷത്തോളം വേറെയും ജയിലിൽ കഴിഞ്ഞു. അദ്ദേഹം പൊലീസ് ‐ ഗുണ്ടാമർദനമേറ്റതിന് കയ്യും കണക്കുമില്ല. അടിയന്തരാവസ്ഥക്കുതൊട്ടു മുമ്പ് നടന്ന പോലീസ് നരനായാട്ടിൽ ഗുരുതരമായി പരിക്കേറ്റു.
ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ് അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം മാതൃകാപരമായ ഇടപെടൽ നടത്തിയ വ്യക്തിത്വമാണ് സഖാവ് കെ പി സഹദേവൻ. പ്രിയ സഖാവിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അന്ത്യാഭിവാദ്യങ്ങൾ
