ഭൂമി ഏറ്റെടുത്തതാണ് കിഫ്ബിയുടെ ഏറ്റവും വലിയ കുറ്റമെന്ന വിദഗ്‌ദസമിതി’ യുടെ കണ്ടെത്തലും മുഖ്യമന്ത്രിയുടെ ആധികാരിക പ്രഖ്യാപനവും കേട്ട് വാളെടുക്കുന്നവർ ഇന്നലത്തെ മനോരമ വാർത്ത വായിച്ചുനോക്കുന്നത് കൗതുകകരമായിരിക്കും. കേന്ദ്രസ്‌കീമിൽ ഉൾപ്പെടുത്തി മൂന്നുവ്യവസായ പാർക്കുകൾ നിർമ്മിക്കുന്നതിനായി 1280 ഏക്കർ ഭൂമിയാണ് സർക്കാർ ഉപയോഗിക്കുന്നത്. അതിൽ മട്ടന്നൂരിൽ ഏറ്റെടുത്തിരിക്കുന്ന 476 ഏക്കർ ഭൂമി കേന്ദ്രസ്‌കീമിൽ ഉൾപ്പെടുത്താൻ അപേക്ഷ നൽകി കഴിഞ്ഞിരിക്കുന്നു. മട്ടന്നൂരിൽ തന്നെ കിൻഫ്ര ഏറ്റെടുത്തിരിക്കുന്ന 446 ഏക്കർ ഭൂമിയും അയ്യമ്പുഴയിൽ ഗിഫ്റ്റ് സിറ്റിക്കായി കണ്ടെത്തിയ 358 ഏക്കർ ഭൂമിയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ ഭൂമിയേറ്റെടുത്തിരുന്നില്ലെങ്കിൽ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയുമായിരുന്നോ? വാർത്തയിലെ അവസാനവാചകം നോക്കു, ‘കേന്ദ്രാനുമതി ലഭിച്ചാൽ മൂന്നുമാസത്തിനകം ഭൂമി എസ് പിവിക്ക് കൈമാറണം’ . അപേക്ഷ നൽകി പദ്ധതിക്ക് അനുമതി കിട്ടിയതിനുശഷം ഭൂമിമേറ്റെടുക്കൽ നടപടി തുടങ്ങിയാൽ എത്ര വർഷമെടുക്കും പൂർത്തികരിക്കാനെന്ന് പറയേണ്ടതില്ല.
ഇനി അൽപ്പം ചരിത്രം കൂടി പറയാം. വാർത്തയിൽ പറയുന്ന വ്യവസായ ഇടനാഴിയുടെ ഭാഗമായി ആദ്യം അനുമതി ലഭിച്ചതാണ് ഗിഫ്‌റ്റ് സിറ്റി. 358 ഏക്കർ ഏറ്റെടുക്കുന്നതിന് ചെലവഴിക്കേണ്ടിവരുന്നത് 850 കോടിരൂപയാണ്. അത്രയുംതുക കേന്ദ്രം പാർക്ക് വികസനത്തിനായി ചെലവഴിക്കും. അഹമ്മദാബാദിലേതുപോലെ പ്രത്യേകപദവിയും ലഭിക്കും. എന്നാൽ, ഗുജറാത്തിലല്ലാതെ മറ്റൊരിടത്തും ഗിഫ്റ്റ് സിറ്റി വേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തടസ്സമായി. അന്ന് കേന്ദ്ര വ്യവസായമന്ത്രിയെ കണ്ടപ്പോഴാണ് 100 പാർക്കുകളുടെ പദ്ധതിയിൽ പരിഗണിക്കാമെന്ന് പറഞ്ഞത്. പക്ഷേ തുല്യമായ ഫണ്ട് ഉണ്ടാകില്ല, ഒരേക്കറിന് ഒരു കോടി കേന്ദ്രംവഹിക്കുന്ന പദ്ധതി ഭവ്യ2026 മാർച്ചിൽ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 വ്യവസായ പാർക്കുകളിൽ ആദ്യം ഭൂമി ഏറ്റെടുത്ത് നൽകിയ സംസ്ഥാനം കേരളമായതുകൊണ്ട് പുതിയ പാർക്കുകളിലും പ്രധാന പരിഗണന ലഭിക്കേണ്ടതാണ്
വാൽക്കഷ്ണം:
എങ്കിലും മലയാളമനോരമയുടെ പ്രൊഫഷണലിസം പ്രത്യേകം അഭിനന്ദിക്കേണ്ടതാണ്. വാർത്തയിൽ പലയിടത്തും ഭൂമി ഏറ്റെടുക്കലും ചെലവഴിച്ച തുകയും പ്രതിപാദിക്കുന്നുണ്ടെങ്കിലും ഒരിടത്ത് പോലും കിഫ്ബി എന്ന വാക്ക് അച്ചടിമഷിപുരളാതിരിക്കാൻ അതീവ ജാഗ്രത പുലർത്തിയിട്ടുണ്ട്! ‘സംസ്ഥാനസർക്കാർ 1489കോടി രൂപ ചെലവഴിച്ച് കിൻഫ്ര വഴി 1450 ഏക്കർ ഭൂമി ഏറ്റെടുത്തുനൽകിയിട്ടുണ്ട്.’ വാർത്തകളിലും പത്രാധിപ കുറിപ്പിലും കിഫ്ബിയെ കുറ്റപ്പെടുത്തിയത് ഇതേ ഭൂമി ഏറ്റെടുത്തതിനാണെന്ന് മറക്കാതിരിക്കുന്നത് പത്രപ്രവർത്തനത്തിൽ മികവ് തന്നെ.
