സുപ്രിം കോടതി വിധി പ്രതിക്കൂട്ടിലാക്കുന്നത് യുഡിഎഫ് സർക്കാരിനെയാണ്. ഇഡി കത്ത് തന്നാൽ പിന്നെ എഫ്ഐആർ ഇട്ട് കേസ് അന്വേഷിക്കുകയേ നിർവാഹമുള്ളൂവെന്ന നിലപാടല്ലേ യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. ആദ്യം, എഫ്ഐആർ ഇടുന്നതിനു മുമ്പ് അന്വേഷണം വേണമെന്ന് പറഞ്ഞു. പക്ഷേ, ഹൈക്കോടതിയിലെ സിംഗിൾ ബഞ്ച് പറയേണ്ട താമസം എത്ര വേഗത്തിലാണ് എഫ്ഐആറുമായി മുന്നോട്ടു പോയത്. ആ ശരവേഗത്തെക്കുറിച്ച് ഇന്ന് സുപ്രിം കോടതി തന്നെ പരിഹസിച്ചിരിക്കുന്നു.
പിന്നെ, ഇഡിയുടെ അധികാരങ്ങൾക്കും പരിധിയുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കിയത് നന്നായി. മറ്റ് അന്വേഷണ ഏജൻസികൾക്കുമേൽ മേക്കിട്ടു കയറാനുള്ള പ്രത്യേക അധികാരമൊന്നും ഇഡിക്ക് ഇല്ല. ഇഡി പരിധി ലംഘിക്കരുതെന്നും കോടതി വ്യക്തമാക്കി.
കേരള സർക്കാർ എഫ്ഐആർ ഇട്ടതിനേക്കാൾ വേഗതയിലാണ് ഇഡി പിണറായി വിജയന്റെ വീടിനു മുന്നിൽ സമൻസ് ഒട്ടിക്കാൻ പോയത്. മറ്റെല്ലാ കാര്യത്തിലുമെന്നപോലെ വി.ഡി. സതീശൻ സർക്കാരും ബിജെപിയുമായിട്ടുള്ള മറ്റൊരു ഡീലാണ് നാം കണ്ടത്. ഇഡി പറഞ്ഞാൽ പിന്നെ മറുവാക്ക് ഇല്ലപോലും. യുഡിഎഫ് സർക്കാരിന്റെ ഈ നിലപാട് പ്രതിരോധത്തിലാക്കുന്നത് ദേശീയതലത്തിൽ കോൺഗ്രസിനെയാണ്.
സിംഗിൾ ബഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ നൽകുന്നതിനു പോലും യുഡിഎഫ് സർക്കാർ തയ്യാറായില്ല. ആ വിധി നിലനിന്നിരുന്നെങ്കിൽ ഇന്ത്യയിൽ എവിടെയും ഇഡിയുടെ ജല്പനങ്ങൾക്ക് കോൺഗ്രസ് സർക്കാരുകളും തുള്ളേണ്ടി വന്നേനെ. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ്. ഡിവിഷൻ ബഞ്ച് അപ്പീൽ കേൾക്കും.
സിംഗിൾ ബഞ്ചിന്റെ നടപടി ക്രമങ്ങൾ വളരെ വിചിത്രമാണെന്നേ പറയുന്നുള്ളൂ. റോസ്റ്റർ പ്രകാരമല്ലാതെ കേസ് എടുക്കുന്നു. പിണറായി വിജയനെ കേൾക്കാതെ അദ്ദേഹത്തിനെതിരെ കേസ് എടുക്കാൻ ആവശ്യപ്പെടുന്നു. ഇഡി രഹസ്യമായി കൊടുത്ത കത്തിലെ കാര്യങ്ങളെല്ലാം വിധി ന്യായത്തിൽ ഉദ്ദരിക്കുന്നു. വ്യവഹാരിയെ പ്രകീർത്തിക്കുന്നു. വിചിത്രം തന്നെ!
ഈ കഥാപാത്രങ്ങളെല്ലാം ഡിവിഷൻ ബഞ്ചിലും വരാൻ പോവുകയാണ്. അതേ ജഡ്ജി. അതേ ഇഡി. പക്ഷേ, കേരള സർക്കാർ ഏത് ഭാവത്തിലായിരിക്കും? പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ പറഞ്ഞ നിലപാടായിരിക്കുമോ, എഫ്ഐആർ ഇട്ടപ്പോൾ പറഞ്ഞ നിലപാടായിരിക്കുമോ ഡിവിഷൻ ബഞ്ചിൽ സ്വീകരിക്കുക?
