ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വിവാദമായ 'ബുൾഡോസർ രാജ്' മാതൃക കർണാടകയിലെ കോൺഗ്രസ് സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്. ബാംഗ്ലൂർ യലഹങ്കയിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും താമസിക്കുന്ന മൂവായിരത്തോളം മനുഷ്യരുടെ ജീവിതമാണ് കഴിഞ്ഞ ദിവസം പുലർച്ചെ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിഞ്ഞത്. മുപ്പത് വർഷത്തിലധികമായി പ്രദേശത്ത് താമസിച്ചുവരുന്ന അഞ്ഞൂറോളം വരുന്ന കുടുംബങ്ങളെ യാതൊരുവിധ മുൻകൂർ നോട്ടീസോ മുന്നറിയിപ്പോ നൽകാതെയാണ് കൊടും തണുപ്പിലേക്ക് ഇറക്കിവിട്ടത്. കൈക്കുഞ്ഞുങ്ങളും വയോധികരും രോഗികളും അടങ്ങുന്ന അഞ്ഞൂറോളം വരുന്ന കുടുംബങ്ങളാണ് നിരാലംബരായത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇത്തരം കുടിയൊഴിപ്പിക്കലുകൾ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും പുനരധിവാസം ഉറപ്പാക്കാതെയും സാധാരണക്കാരെ വഴിയാധാരമാക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ സമൂഹം ശബ്ദമുയർത്തേണ്ടതുണ്ട്. സ്വന്തം മണ്ണിൽ അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യർക്ക് നീതി ലഭിക്കാനായി അവസാന നിമിഷം വരെയും അവരോടൊപ്പം സിപിഐ എം ഉണ്ടാകും. സിപിഐ എം ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗം സഖാവ് ഹനുമന്തറാവു ഹവിൽദാറിന്റെ നേതൃത്വത്തിലുള്ള പാർടി പ്രതിനിധി സംഘം പ്രദേശം സന്ദർശിക്കുകയും ഭവനരഹിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
