എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്. ഭരണഘടനയെ അട്ടിമറിക്കാതെ തന്നെ, അതിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പ്രയോഗങ്ങളിലൂടെ അപ്രസക്തമാക്കാനുള്ള സാധ്യത അദ്ദേഹം അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ 'we' (നാം) ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. എന്നാൽ, നിയമനിർമാണങ്ങളിലൂടെ ഈ ഉൾക്കൊള്ളലിനെ ദുർബലപ്പെടുത്താൻ രാജ്യത്ത് ശ്രമം നടക്കുന്നു. പതിനൊന്ന് വർഷക്കാലയളവിൽ ഇത്തരത്തിലുള്ള നിരവധി നീക്കങ്ങൾ നമുക്ക് മുന്നിലിരിക്കെ ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഓരോ ഇന്ത്യക്കാരൻ്റെയും കടമയായിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
രണ്ടുവർഷവും 11 മാസവും 17 ദിവസവുമാണ് ഭരണഘടന രൂപീകരിക്കാൻ എടുത്തത്. 11 സെഷനുകളിലായി 165 ദിവസത്തെ സിറ്റിങ്ങുകൾ. ഒടുവിൽ മതനിരപേക്ഷതയാണ് ഇന്ത്യ എന്ന് ഭരണഘടനയുടെ തീർപ്പ്. ഫെഡറലിസം എന്ന കാഴ്ചപ്പാടും ഭരണഘടന ഒന്നാം ആർട്ടിക്കിളിൽത്തന്നെ വ്യക്തമാക്കുന്നു. 'Union of States' ആണ് ഇന്ത്യ. എന്നാൽ, ഇന്ന് ആ തീർപ്പിനും മുകളിൽ പൗരത്വത്തിന് മതം മാനദണ്ഡമാക്കാനുള്ള ശ്രമം തുടരുമ്പോൾ അത് മതരാഷ്ട്രത്തിലേക്കുള്ള യാത്രയാകുന്നു. കേന്ദ്രീകരണം ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളെ സാമന്ത രാജ്യങ്ങളാക്കാൻ ശ്രമം നടക്കുകയും ചെയ്യുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീരിനെപ്പോലെ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ സംരക്ഷണമാണ് ഓരോ ഇന്ത്യക്കാരനും ഭരണഘടനാ ദിത്തിൽ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം.
