ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ഓരോന്നായി പാലിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോവുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് സർക്കാരിന് കരുത്തു പകരുന്നത്.
2021ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാണ് അതിദാരിദ്രം പൂർണ്ണമായി നിർമാർജ്ജനം ചെയ്യുക എന്നത്. ഇപ്പോൾ ആ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. ഈ കേരളപ്പിറവി ദിനത്തിൽ രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര മുക്ത സംസ്ഥാനമായി ഔപചാരികമായി കേരളം ഉയർത്തപ്പെടുകയാണ്.
കേന്ദ്ര സർക്കാർ സാമ്പത്തികമായി ഉപരോധം തീർത്തു ഞെരുക്കാൻ ശ്രമിക്കുമ്പോഴും ഒട്ടേറെ വ്യാജപ്രചാരണങ്ങളിലൂടെ വലതുപക്ഷം സർക്കാരിനെ തകർക്കാൻ ശ്രമിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ചാണ് ഈ നേട്ടങ്ങൾ നാം കൈവരിക്കുന്നത്. നമ്മുടെ വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, അത് മാനവികതയിൽ അധിഷ്ഠിതമാണ്. സർക്കാരിന് മുന്നിൽ പലതരത്തിൽ ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും ഇവിടെ വിശദീകരിക്കുന്നില്ല. എന്നാൽ അവയെ എല്ലാം മറികടന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗാമായി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ചില തീരുമാനങ്ങൾ എടുത്തു.
ക്ഷേമപെൻഷൻ 2000 രൂപയായി ഉയർത്തും. സാമൂഹ്യ സുരക്ഷാ പെൻഷൻ/ക്ഷേമനിധി പെൻഷനുകൾ നിലവിലെ 1,600 രൂപയിൽ നിന്ന് 400 രൂപ കൂടി വർദ്ധിപ്പിച്ച് പ്രതിമാസം 2,000 രൂപയാക്കിയായാണ് ഉയർത്തുന്നത്.
സ്ത്രീ സുരക്ഷാ പെൻഷൻ നിലവിൽ മറ്റ് ക്ഷേമ പെൻഷനുകൾ ലഭിക്കാത്ത, എ എ വൈ (മഞ്ഞ), പി എച് എച് (പിങ്ക്) റേഷൻ കാർഡ് വിഭാഗത്തിലുള്ള 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം പുതിയതായി അനുവദിക്കും. 31.34 ലക്ഷം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
റബ്ബർ സബ്സിഡി 200 രൂപയാക്കി. റബ്ബർ കർഷകർക്ക് നൽകിവരുന്ന താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയായി ഉയർത്തുന്നു. നെല്ലിന്റെ താങ്ങുവില 30 രൂപ കൂടെ കൂട്ടി.
പഠനശേഷം നൈപുണ്യ കോഴ്സുകളിലോ മത്സര പരീക്ഷാ പരിശീലനത്തിലോ ഏർപ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 18 നും 30 നും ഇടയിൽ പ്രായമുള്ള 5 ലക്ഷം യുവതീ-യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ സ്കോളർഷിപ്പ് നൽകും.
അംഗനവാടി വർക്കർമാർ, ഹെൽപ്പർമാർ എന്നിവരുടെ ഓണറേറിയം 1,000 രൂപ വർദ്ധിപ്പിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയം 1,000 രൂപ വർദ്ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1,000 രൂപ വർദ്ധിപ്പിച്ചു. പ്രീ-പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും വേതനം 1,000 രൂപ വർദ്ധിപ്പിച്ചു. സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി വർദ്ധിപ്പിച്ചു (പ്രതിമാസം 1100 രൂപയുടെ വർദ്ധന).
സംസ്ഥാനത്തെ 19,470 കുടുംബശ്രീ എ.ഡി.എസ് (ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) കൾക്ക് പ്രവർത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ അനുവദിക്കും.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ - ഡിആർ കൂടി അനുവദിക്കും. ശമ്പളത്തിലും പെൻഷനിലും 4% വർദ്ധനവാണുണ്ടാവുക.
ഇവയ്‌ക്കെല്ലാം പുറമെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ, അംഗനവാടി ക്ഷേമനിധി പെൻഷൻ എന്നിവയുടെ കുടിശ്ശിക പൂർണ്ണമായും കൊടുത്തുതീർക്കും. വിവിധ സ്കോളർഷിപ്പുകൾ, കാസ്പ്, സപ്ലൈകോ, നെല്ല് സംഭരണം, ആരോഗ്യവകുപ്പ് പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട കുടിശ്ശികകൾ തീർക്കാനും തുക അനുവദിച്ചിട്ടുണ്ട്.
പ്രഖ്യാപിച്ച എല്ലാ പുതിയ പദ്ധതികളും ആനുകൂല്യങ്ങളും 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ട്, എല്ലാ പ്രതിസന്ധികളെയും മറികടന്ന് നവകേരളം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയവുമായി ഈ സർക്കാർ മുന്നോട്ട് പോവുകയാണ്. ഈ യാത്രയിൽ ജനങ്ങളുടെ പിന്തുണയാണ് സർക്കാരിൻ്റെ കരുത്ത്.
