പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ സ്വപ്നങ്ങളാണ് ഒമ്പതു വർഷത്തിൽ സാധ്യമാക്കിയത്. അതാണ് യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ് കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്. ജാതീയ ആക്രമണങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാതെ സാമൂഹ്യതുല്യതയിൽ സമാധാനപൂർണമായി ജീവിക്കാൻ കേരളത്തിലാകുന്നുണ്ട്. മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി.
ഭൂരഹിത പട്ടികവർഗക്കാരെ ഭൂമിയുടെ അവകാശികളാക്കി മാറ്റി. ഒമ്പതു വർഷത്തിൽ 9162 കുടുംബത്തിനായി 8680 ഏക്കർ ഭൂമി കൈമാറി. 2016 മുതൽ ഇതുവരെ പട്ടികവർഗ പദ്ധതികൾക്ക് 5752 കോടി രൂപ വകയിരുത്തി. ഇതിൽ 4733 കോടി ചെലവഴിച്ചു. എസ്സി, എസ്ടി വിദ്യാർഥികളിൽ ഒരാൾപോലും കൊഴിഞ്ഞുപോകുന്നില്ല. ഇൗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ എണ്ണം ഓരോവർഷവും വർധിക്കുന്നത് സാമൂഹ്യപുരോഗതിയുടെ സൂചകമാണ്.
ദേശീയതലത്തിൽ 8.06 ശതമാനം പട്ടികവർഗ വിഭാഗങ്ങൾക്കായി ബജറ്റിൽ വകയിരുത്തുന്നത് പദ്ധതിയടങ്കലിന്റെ 3.5 ശതമാനം മാത്രം. കേരളത്തിലാകട്ടെ, ജനസംഖ്യയുടെ 1.45 ശതമാനം വരുന്ന പട്ടികവർഗ വിഭാഗക്കാർക്കായി 2.83 ശതമാനം മാറ്റിവയ്ക്കുന്നു. ലൈഫ് പദ്ധതിയിൽ എസ്സി വിഭാഗത്തിന് 1,16,610ഉം എസ്ടി വിഭാഗത്തിന് 43,629ഉം വീട് നൽകി.
ഭൂരഹിതരായ പട്ടികവർഗക്കാർ ഇല്ലാത്ത ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. 566 ഫോറസ്റ്റ് വില്ലേജുകളെ റവന്യു വില്ലേജുകളാക്കി മാറ്റി. ഇവിടങ്ങളിലെ 29,422 കടുംബങ്ങളുടെ വനാവകാശരേഖ തണ്ടപ്പേരിൽ ചേർക്കുന്നതോടെ ഭൂമി ഇൗടുവച്ച് വായ്പയും സബ്സിഡികളും നേടാനാകും.
