Skip to main content

സഖാവ് എം സി ജോസഫൈൻ ദിനം

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന എം സി ജോസഫൈന്റെ വേർപാടിന്‌ ഇന്ന്‌ മൂന്ന് വർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ പത്തിനാണ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ സഖാവിന്റെ അന്ത്യം. വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിബദ്ധവുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ്‌ സഖാവിനെ പാർടിയുടെ കേന്ദ്രകമ്മിറ്റിയിൽവരെ എത്തിച്ചത്‌. സംഘടനയിലെന്നപോലെ പാർലമെന്ററി രംഗത്തും വിവിധ പദവികൾ വഹിച്ച ജോസഫൈൻ മികവുറ്റ പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളും അവർ വഹിച്ചിട്ടുണ്ട്‌. വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതൃപദവിയിലുമുണ്ടായിരുന്നു.

1978ൽ സിപിഐ എം അംഗമായ ജോസഫൈൻ പിന്നീട്‌ എറണാകുളം ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. മലയാളം ബിരുദാനന്തര ബിരുദധാരിയായിരുന്ന സഖാവ്‌ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ച കാലത്തുതന്നെ മികച്ച വാഗ്‌മിയും സംഘാടകയുമായിരുന്നു. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ ആദ്യകാലം മുതൽതന്നെ താൽപ്പര്യമുണ്ടായിരുന്നു. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലത്ത്‌ അതിൽ നിന്നാണ്‌ ജോസഫൈനും ഭർത്താവ് പി എ മത്തായിയും സിപിഐ എമ്മിൽ എത്തുന്നത്‌. രണ്ടുപേരെയും സിപിഐ എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ മുൻകൈയെടുത്തത് അന്തരിച്ച മുൻ സ്പീക്കർ എ പി കുര്യനായിരുന്നു.
കടുത്ത യാഥാസ്ഥിതിക ചുറ്റുപാടുകളിൽനിന്നുയർന്ന വെല്ലുവിളികളെയും എതിർപ്പുകളെയും നേരിട്ടും അവഗണിച്ചുമാണ്‌ ജോസഫൈൻ പുരോഗമന പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുമെത്തിയത്‌. എറണാകുളം മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന കാലത്താണ്‌ പരിവർത്തനവാദി കോൺഗ്രസിന്റെ പ്രവർത്തകയായത്‌. വൈപ്പിൻ എളങ്കുന്നപ്പുഴയിലെ മുരിക്കുംപാടത്ത്‌ സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫൈൻ വിവാഹത്തോടെ മത്തായിയുടെ നാടായ അങ്കമാലിയിലെത്തി. കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ കോട്ടയായിരുന്നു അന്ന്‌ അങ്കമാലി. അങ്കമാലിയിൽ വച്ചാണ്‌ ജോസഫൈൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ ആകൃഷ്‌ടയാകുന്നത്‌. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യപരവുമായ ഒത്തിരി എതിർപ്പുകൾ നേരിടേണ്ടിവന്ന കാലത്ത്‌ അതിനെയെല്ലാം എതിർത്തു തോൽപ്പിച്ച സഖാവ്‌ മുഴുവൻസമയ കമ്യൂണിസ്റ്റ്‌ പാർടി പ്രവർത്തകയായി മാറുകയായിരുന്നു. പതിമൂന്നുവർഷം അങ്കമാലി നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചു.

കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരിക്കെത്തന്നെ രാജ്യത്ത്‌ സ്‌ത്രീസമൂഹം അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളിൽ സവിശേഷമായി ഇടപെടാൻ ജോസഫൈന്‌ കഴിഞ്ഞിരുന്നു. സ്‌ത്രീകളുടെയും തൊഴിലാളികളുടെയും അവകാശപ്പോരാട്ടങ്ങളിൽ എന്നും മുൻനിരയിലായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ്‌ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പദവിയിലേക്ക്‌ എത്തിയത്‌. ആ പദവിയിലിരുന്ന്‌ സുപ്രധാനമായ ഇടപെടലുകൾ നടത്താനും കഴിഞ്ഞു. ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിൽ ശ്രദ്ധേയമായി ഇടപെട്ടുകൊണ്ടാണ്‌ ജോസഫൈൻ വനിതാ കമീഷൻ അധ്യക്ഷസ്ഥാനമേറ്റെടുത്തത്‌. സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം സ്വമേധയാ ഇടപെടാനും അവർ ശ്രദ്ധിച്ചു. കേസെടുക്കേണ്ടതാണെങ്കിൽ അങ്ങനെ, പൊലീസിനെയോ സർക്കാരിനെയോ ഇടപെടുവിക്കേണ്ടതാണെങ്കിൽ ആ വിധത്തിൽ. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട കാര്യമാണെങ്കിൽ മാധ്യമങ്ങളെ സമീപിച്ച്‌ അതിനും ശ്രമിച്ചു. ജോസഫൈൻ അധ്യക്ഷയായിരുന്ന കാലത്ത്‌ സ്‌ത്രീകളുമായി ബന്ധപ്പെട്ട ഒരു കേസുപോലും അവരുടെ ഇടപെടലില്ലാതെ കടന്നുപോയിട്ടില്ല. രാജ്യത്തിന്റെ വിമോചനപോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് മധുരയിൽ പൂർത്തിയായ വേളയിലാണ് നാം ഇത്തവണ ജോസഫൈൻ സഖാവിന്റെ സ്മരണ പുതുക്കുന്നത്. സഖാവിന്റെ കർമ്മരംഗത്തെ ആവേശകരമായ ഇടപെടലുകൾ ആ പോരാട്ടങ്ങൾക്ക് ഊർജ്ജമാകും.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.