Skip to main content

ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനാണ് സഖാവ് ഇ കെ നായനാർ

കേരളം നെഞ്ചോട് ചേർത്ത സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. ജനാധിപത്യവും മതേതരത്വവും പുലരുന്ന ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖ സ്ഥാനം സഖാവിനുണ്ട്. ജാതീയവും വർഗപരവുമായ ഉച്ചനീചത്വങ്ങൾക്കെതിരെ കേരളം ഉയർത്തിയ ബദലുകൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ ചിന്തകൾക്കും അദ്ദേഹത്തിന്റെ പ്രയത്നങ്ങൾക്കും വലിയ പങ്കുണ്ട്.

സഖാവ് നായനാരുടെ രാഷ്ട്രീയ ജീവിതം സമര കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1939-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിന്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ.

ഇന്നും നാം കാണുന്ന കേരളം വാർത്തെടുക്കുന്നതിൽ സഖാവ് നായനാരുടെ പങ്ക് അനുപമാണ്. ലോകം അംഗീകരിച്ച കേരള മാതൃക സൃഷ്ടിക്കുന്നതിൽ ചാലകശക്തിയായ പല നയങ്ങളും രൂപം കൊണ്ടത് സഖാവ് മുഖ്യമന്ത്രിയായിരുന്ന സന്ദർഭങ്ങളിലാണ്. ജനകീയാസൂത്രണം, കുടുംബശ്രീ, സാമൂഹ്യസുരക്ഷ പെൻഷനുകൾ തുടങ്ങി നിരവധി ജനകീയ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് സഖാവിന്റെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ തിരുവനന്തപുരത്തെ ടെക്നോപാർക്കും ആരംഭിച്ചത് സഖാവ് മുഖ്യമന്ത്രിയായിരിക്കുമ്പോളാണ്. ഈ സമയത്തു തന്നെയാണ് കൊച്ചി മെട്രോയുടെ ആദ്യകാല നടപടികൾ ആരംഭിക്കുന്നതും.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സഖാവ് നായനാർ കേരളമൊന്നാകെ സമ്മതനായിരുന്ന നേതാവായിരുന്നു. പാർടിയേൽപ്പിച്ച വിവിധ ഉത്തരവാദിത്തങ്ങൾ ആശയ ദൃഢതയോടെ നടപ്പിലാക്കിയ സഖാവ് തൊഴിലാളി വർഗത്തിന്റെ വിമോചനത്തിനായും കർഷകരുടെ ഉന്നമനത്തിനായും തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. സഖാവിന്റെ സാമൂഹ്യപ്രതിബദ്ധതയും പോരാട്ട വീര്യവും നാടിന്റെ നന്മയ്ക്കായി നിലയുറപ്പിക്കുന്ന ഏവർക്കും മാതൃകയും പ്രചോദനവുമാണ്. വർഗീയതയും ഉദാരവൽക്കരണ നയങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഇക്കാലത്ത് സഖാവിന്റെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കാൻ സഖാവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണം. ഈ നായനാർ ദിനം അത്തരത്തിൽ അർഥപൂർണമാകട്ടെ.

 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.