Skip to main content

ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവർ അതിന്റെ ഉള്ളടക്കത്തെ തകർക്കാനുള്ള ബോധപൂർവമായ പരിശ്രമത്തിലാണ്

ചൊവ്വാഴ്ച ഞാൻ കണ്ണൂരിലെത്തിയ ഉടനെ പോയത് ഉദയഗിരിയിലുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ വീട്ടിലേക്കായിരുന്നു. ഛത്തീസ്ഗഡിലെ ദുർഗിൽ ആർഎസ്എസിന്റെ കൊടുങ്കാറ്റുപടയായി അറിയപ്പെടുന്ന ബജ്റംഗദളിന്റെ ആൾക്കൂട്ട വിചാരണയ്‌ക്കും ആക്രമണത്തിനുംശേഷം പൊലീസ് റിമാൻഡിലായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്. അങ്കമാലി എളവൂർ ഇടവക അംഗമായ പ്രീതിമേരിയും ഇവരോടൊപ്പം റിമാൻഡിലായിട്ടുണ്ട്. സിസ്റ്റർ വന്ദനയുടെ അമ്മ ത്രേസ്യാമ്മയെയും സഹോദരൻ ചെറിയാനെയും കണ്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ ശ്രീമതിയും ഇവരുടെ വീട് സന്ദർശിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. വന്ദന ഫ്രാൻസിസുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

വിവരം അറിഞ്ഞ ഉടൻതന്നെ പ്രീതി മേരിയുടെ അങ്കമാലി എളവൂരിലെ വീട് മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും സന്ദർശിക്കുകയും അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സിസ്റ്റർമാരുടെ മോചനത്തിന് ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്കും ഇതേ ആവശ്യം ഉന്നയിച്ച് കത്തെഴുതി. പാർലമെന്റിനു പുറത്ത് ഇടതുപക്ഷ എംപിമാർ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. സിപിഐ എം നേതാവ് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ നേതാക്കളും എംപിമാരും ദുർഗിലെത്തി റിമാൻഡിലായ സിസ്റ്റർമാരെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ ദിവസം അവരെ അനുവദിച്ചില്ല. സിസ്റ്റർമാരെ കാണാതെ പോകില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ബുധനാഴ്ച അവരെ കാണാൻ അനുവദിച്ചത്. രാജ്യമെങ്ങും വൻ പ്രതിഷേധമാണ് ഉയരുന്നത്. സിബിസിഐയും സിറോ മലബാർ സഭയും കെസിബിസി ജാഗ്രതാ മിഷനും ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാർടികളും പ്രതിഷേധവുമായി രംഗത്തെത്തി. മോദിയുടെ ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്ന് പറഞ്ഞവർക്കും ഇനി ആ അഭിപ്രായം തുടരാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ഭരണഘടനയോടും മനുഷ്യാവകാശങ്ങളോടും സാമാന്യ നടപടിക്രമങ്ങളോടുമുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ധിക്കാരവും അനാദരവും പ്രകടമാക്കിയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ഏതു മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന അനുവാദം നൽകുന്നുണ്ട്. അങ്ങനെയുള്ളൊരു രാജ്യത്താണ് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നത്. ഇറച്ചി കൈവശം വച്ചതിന് അഖ്‌ലാഖ് മുതൽ എത്രപേരാണ് ആൾക്കൂട്ടക്കൊലയ്‌ക്ക് വിധേയമായത്. മറുവശത്ത് ക്രൈസ്‌തവരും വേട്ടയാടപ്പെടുന്നു. മോദി അധികാരത്തിൽ വന്ന ശേഷമാണ് ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങൾ പതിന്മടങ്ങ് വർധിച്ചത്. 2014ൽ 127 ആക്രമണങ്ങളാണ് ക്രൈസ്‌തവർക്കെതിരെമാത്രം റിപ്പോർട്ട് ചെയ്തതെങ്കിൽ 2024ൽ അത് 834 ആയി വർധിച്ചു. ഈ വർഷം ജൂൺവരെ 378 ആക്രമണം റിപ്പോർട്ട് ചെയ്തു. ബിജെപി ഭരണം നടത്തുന്ന യുപി, ഛത്തീസ്ഗഡ്‌, ഗുജറാത്ത്, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മൂന്ന് വർഷംമുമ്പ് കോൺഗ്രസ് ഭരിക്കുമ്പോഴും ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രൈസ്‌തവർക്കു നേരെ വ്യാപകമായ ആക്രമണങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ മാത്രമാണ് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാർതന്നെ പറഞ്ഞു.

കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും അവർ അണിയുന്ന വസ്ത്രത്താൽ തിരിച്ചറിഞ്ഞ് ആക്രമിക്കുകയെന്ന രീതി ആവർത്തിക്കപ്പെടുന്നു. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർ മരിച്ചാൽ മറവു ചെയ്യാൻപോലും അനുവദിക്കാത്തവിധം സാമൂഹ്യാന്തരീക്ഷം കലുഷിതം. മൃതദേഹം സംസ്കരിക്കണമെങ്കിൽ മതം മാറണം എന്നതുൾപ്പെടെയുള്ള ഭീതിജനകമായ കൽപ്പനകളാണ് ഹിന്ദുത്വവാദികൾ നടത്തുന്നത്. സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് മതപരിവർത്തനം നടത്തുന്നതുൾപ്പെടെയുള്ള വാർത്തകളാണ് ബിജെപിക്ക് ഡബിൾ എൻജിൻ സർക്കാരുള്ളിടത്തുനിന്ന്‌ കേൾക്കുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും എങ്ങനെ പ്രാർഥിക്കണമെന്നും എങ്ങനെ മൃതദേഹം സംസ്കരിക്കണം എന്നുവരെ ഹിന്ദുത്വവാദികൾ നിശ്ചയിക്കുന്നത് ഭീതിജനകമാണ്. ഇവരെ നിയന്ത്രിക്കേണ്ട പൊലീസ് ആകട്ടെ ഈ സംസ്ഥാനങ്ങളിൽ അക്രമികൾക്കൊപ്പം ചേർന്ന് ഇരകളെ വേട്ടയാടുകയാണ്.

ദുർഗിൽ ഉണ്ടായതും സമാനമായ സംഭവമാണ്. ആഗ്രയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നതിന് നാരായൺപുരിലെ രണ്ട് പെൺകുട്ടികൾ രക്ഷിതാക്കളുടെ സമ്മതത്തോടെ സിസ്റ്റർമാർക്കൊപ്പം പോയി. റെയിൽവേ ടിടിഇയാണ് ബജ്‌റംഗദൾ പ്രവർത്തകരെ ഈ വിവരം അറിയിച്ചത്. ഇതനുസരിച്ച് എത്തിയവരാണ് സിസ്റ്റർമാരെയും പെൺകുട്ടികളെയും ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയമാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അവരുടെ ഇച്ഛയ്‌ക്കനുസരിച്ച് ഭരണസംവിധാനമാകെ സിസ്റ്റർമാർക്കെതിരെ തിരിഞ്ഞു. ആദ്യം ഭാരതീയ ന്യായ സംഹിതയിലെ 143–-ാം വകുപ്പനുസരിച്ചുള്ള മനുഷ്യക്കടത്ത് മാത്രമാണ് എഫ്ഐആറിൽ ഉണ്ടായിരുന്നതെങ്കിൽ ഒന്നുരണ്ട് മണിക്കൂറുകൾക്കുശേഷം തയ്യാറാക്കപ്പെട്ട എഫ്ഐആറിൽ ഛത്തീസ്ഗഡ്‌ മതസ്വാതന്ത്ര്യനിയമം നാലാം വകുപ്പനുസരിച്ച് നിർബന്ധിത മതപരിവർത്തനവും ബിഎൻഎസ് 132–-ാം വകുപ്പനുസരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനവും കൂട്ടിച്ചേർക്കപ്പെട്ടു. അതായത് സിസ്റ്റർമാർക്ക് ജാമ്യം കിട്ടുന്നത് തടയാനുള്ള ബോധപൂർവമായ നീക്കം സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഭാഗത്തുനിന്ന്‌ ഉണ്ടായി എന്നുവേണം കരുതാൻ. നടന്നത് മനുഷ്യക്കടത്താണെന്നും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞതിൽനിന്ന്‌ ഇത് വ്യക്തമാണ്.

ക്രിസ്‌മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലും എത്തുന്ന ബിജെപി നേതാക്കൾക്ക് ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഈ സിസ്റ്റർമാരുടെ മോചനത്തിന് എന്തു ചെയ്തു. ഈ വിഭാഗത്തെ ബിജെപിയുമായി അടുപ്പിക്കുകയെന്ന ദൗത്യത്തിന് മന്ത്രിപ്പണി ലഭിച്ച ജോർജ് കുര്യൻ പറഞ്ഞത് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ്. ഏത് നിയമത്തെക്കുറിച്ചാണ് ജോർജ് കുര്യൻ പറയുന്നത്. ഗോൾവാൾക്കർ വിചാരധാരയിൽ പറഞ്ഞുവച്ചതാണോ കുര്യന് നിയമം. മൂന്ന് ആഭ്യന്തര ശത്രുക്കളെക്കുറിച്ചാണ് ഗോൾവാൾക്കർ വിചാരധാരയിൽ പറയുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് ഈ ആഭ്യന്തര ശത്രുക്കൾ. ഈ മൂന്നു വിഭാഗങ്ങളുമുള്ള, സംഘപരിവാർ ശക്തികൾക്ക് ഇനിയും തകർക്കാൻ കഴിയാത്ത കോട്ടയാണ് കേരളമെന്നും ഇതേ ഗോൾവാൾക്കർ പറഞ്ഞുവച്ചിട്ടുണ്ട്. ആ കോട്ട തകർക്കാൻ നിയോഗിക്കപ്പെട്ട മന്ത്രി ഇതിലപ്പുറം എന്ത് പറയും.

കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദനവും എന്ന സമീപനം സ്വീകരിക്കുന്ന ബിജെപി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണം. വർഗീയ ധ്രുവീകരണത്തിന് എന്തും ചെയ്യാൻ മടിക്കാത്ത ശക്തികളാണ് സിസ്റ്റർമാരെയും തുറുങ്കിൽ അടച്ചിരിക്കുന്നത്. ഗ്രഹാംസ്റ്റെയിൻസിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നവരാണിവർ. സ്റ്റാൻ സ്വാമിയെ ഒരിറക്ക് വെള്ളംപോലും നൽകാതെ ജയിലറയിലിട്ട്‌ കൊന്നവരാണിവർ. ഗുജറാത്തിലെ ദാംഗ്‌സിലും ഒഡിഷയിലെ കന്ദമലിലും ക്രൈസ്‌തവരെ വേട്ടയാടുകയും പള്ളികൾ തകർക്കുകയും കത്തിക്കുകയും ചെയ്തതും ഇവർതന്നെ. അവരാണിപ്പോൾ അരമന കയറിയിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ സേക്രട്ട് ഹാർട്ട് പള്ളി സന്ദർശിക്കുകയും മരം നടുകയും ചെയ്തു. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നഡ്ഡയും ഇതേ പള്ളി സന്ദർശിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ അവർ തനിനിറം പുറത്തെടുത്തു.

ഭരണഘടന നൽകുന്ന അവകാശങ്ങളും ന്യൂനപക്ഷ സംരക്ഷണവുമാണ് കാറ്റിൽ പറത്തപ്പെട്ടത്. ബൃന്ദ കാരാട്ട് പറഞ്ഞതുപോലെ ഛത്തീസ്ഗഡിൽ ക്രൈസ്‌തവർക്ക്‌ നേരെയുള്ള ആക്രമണം ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനും നേരെയുള്ള ആക്രമണമാണ്. ഭരണഘടനയെ ഒരിക്കലും അംഗീകരിക്കാത്തവർ അതിന്റെ ഉള്ളടക്കത്തെ തകർക്കാനുള്ള ബോധപൂർവമായ പരിശ്രമത്തിലാണ്. ഛത്തീസ്ഗഡിലെ സിസ്റ്റർമാരുടെ അറസ്റ്റും വേട്ടയാടലും സാധാരണ പ്രശ്നമല്ല; മറിച്ച് ഭരണഘടനയെത്തന്നെ തകർക്കുന്ന വിഷയമാണ്. മതനിരപേക്ഷത, ജനാധിപത്യം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങി ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന ഉന്നതമായ ആശയങ്ങൾ സംരക്ഷിക്കാൻ വലിയ പോരാട്ടംതന്നെ വേണ്ടിവരുമെന്ന സന്ദേശമാണ് ഛത്തീസ്ഗഡിൽനിന്ന്‌ ഉയരുന്നത്. അതിനായി രംഗത്തിറങ്ങാൻ എല്ലാ ജനാധിപത്യ മതനിരപേക്ഷ വാദികളും തയ്യാറാകണമെന്ന് അഭ്യർഥിക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സ. എം എ ബേബി സന്ദർശിച്ചു

ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു

സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു.

താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായി നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ​ കേരളത്തിന്​ നഷ്ടമായിരിക്കുന്നത്​.