ചരിത്രകാരൻ എംജിഎസ് നാരായണന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ചരിത്രത്തിനൊപ്പം സഞ്ചരിച്ച് ശാസ്ത്രീയമായി പഠിക്കുകയും അപഗ്രഥിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു എംജിഎസ്. അദ്ദേഹം ചരിത്ര മേഖലയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുകയും അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്തു. ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ, അധ്യാപകൻ, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്ര നിഗമനങ്ങളെ സാധൂകരിക്കുന്ന രീതിയായിരുന്നു അദ്ദേഹം അവലംബിച്ചത്. ഇത് പിൽക്കാല ഗവേഷകരിലും നിർണായക സ്വാധീനം ചെലുത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായി എത്തിയ എംജിഎസ് ശാസ്ത്രീയ ബോധമുള്ള ചരിത്രകാരന്മാരെ വാർത്തെടുക്കാനും ജാഗ്രത പുലർത്തി. ചരിത്ര പ്രാധാന്യമുള്ള നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തികരിച്ചത്. കേരള ചരിത്രം, തമിഴക ചരിത്രം പ്രാചീന ഇന്ത്യൻ ചരിത്രം, ചരിത്ര രചനാ പദ്ധതി എന്നീ മേഖലകളിൽ അദ്ദേഹം കാര്യമായ ശ്രദ്ധ പുലർത്തി.
എംജിഎസിന്റെ വിയോഗം ചരിത്ര മേഖലയ്ക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്. ചരിത്രമേഖലയിൽ നികത്താനാകാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. എംജിഎസിന്റെ കുടുംബത്തിന്റെയും ചരിത്ര ലോകത്തിന്റെയും അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു.
