സാമ്രാജ്യത്വത്തിന് എതിരെ പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളികൾ പകര്‍ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യം ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ ഭാഗമാണെന്ന് വിലയിരുത്തിയ ഇവർ ദേശീയപ്രസ്ഥാനത്തിലെ വിപ്ലവധാരയ്ക്ക് തുടക്കമിട്ടവരാണ്. സ്വാതന്ത്ര്യമെന്നാൽ അസമത്വത്തിൽ നിന്നും മുതലാളിത്ത ചൂഷണത്തിൽ നിന്നുമുള്ള വിമോചനമാണെന്നറിയുന്ന ഏവർക്കും വലിയ പ്രചോദനമാണ് ഈ വിപ്ലവകാരികളുടെ ഉജ്വല സ്‌മരണകൾ. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഭഗത് സിംഗ് സോഷ്യലിസ്റ്റ് ലോകം കെട്ടിപ്പടുക്കുക എന്നതായിരിക്കണം വിപ്ലവത്തിൻ്റെ പരമമായ ലക്ഷ്യമെന്ന് അടിയുറച്ചു വിശ്വസിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ വിമോചന വിപ്ലവധാരയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യത്തെ വളച്ചൊടിച്ചു ഭഗത് സിംഗിനെ തങ്ങളുടെ ചരിത്ര നായകനാക്കി മാറ്റാൻ വലതുപക്ഷ പാർടികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയപ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികൾ ഇതിനു മുന്നിൽ നിൽക്കുന്നുവെന്നത് പരിഹാസ്യമാണ്. ഇത് ചരിത്രത്തിലെ പരിഹാസനാടകമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ മാറി നിന്നവര്‍ ആ സമരാധ്യായങ്ങളിൽ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന പെടാപ്പാടുകള്‍ ചരിത്രത്തിലെ വലിയ ഫലിതമെന്നല്ലാതെ മറ്റൊരു തലത്തിലും വിലയിരുത്തപ്പെടില്ല. മനുഷ്യസ്നേഹികളും ദേശസ്നേഹികളുമായിരുന്ന ഈ അനശ്വര രക്തസാക്ഷികൾ നമുക്ക് പോരാട്ടവീര്യവും വഴിവെളിച്ചവുമാണ്. ആ അനശ്വര രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ.
