Skip to main content

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

________________________

 

വ്യക്തിജീവിതത്തെ പൂര്‍ണമായും പാര്‍ടി ജീവിതത്തിനു കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്‌ണന്‍. കടുത്ത ശാരീരിക വിഷമതകള്‍ പോലും പാര്‍ടി ഏല്‍പ്പിച്ച ചുമതലകള്‍ക്കു തടസ്സമാവരുത്‌ എന്ന കാര്യത്തില്‍ അസാധാരണ നിഷ്‌കര്‍ഷയായിരുന്നു സഖാവിന്‌. അചഞ്ചലമായ പാര്‍ടി കൂറും, പ്രതിബദ്ധതയും കൊണ്ട്‌ മാതൃകയായിത്തീര്‍ന്ന മഹത്തായ കമ്യണിസ്റ്റ്‌ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌.

 

വിദ്യാര്‍ത്ഥി യുവജന രംഗങ്ങളിലൂടെ പാര്‍ടിയുടെ നേതൃനിരയിലേക്കു വളര്‍ന്നു വന്നു. ത്യാഗപൂര്‍ണവും, യാതനാ നിര്‍ഭരവുമായ ജീവിതം നയിച്ചു. പാര്‍ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും പാര്‍ടിക്കായി സമര്‍പ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു സഖാവ് കോടിയേരിയുടേത്‌.

സിപിഐ എമ്മിനെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും പുതിയ രാഷട്രീയ സ്വീകാര്യതയുടെ തലങ്ങളിലേക്കെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം എല്‍ഡിഎഫിന്‌ ഉറപ്പാക്കുന്ന വിധം നേതൃത്വപരമായി ഇടപെട്ടു. വിഭാഗീയതകളെ ചെറുത്തു. പാര്‍ടിയെ സുസംഘടിതമായി ശക്തിപ്പെടുത്തി. എതിര്‍ പ്രചാരണങ്ങളുടെ മുനയൊടിക്കും വിധം പാര്‍ടിയെ സംരക്ഷിച്ചു.

 

സമര തീക്ഷ്‌ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരി. ആശയപരമായും, സംഘടനാപരമായും പാര്‍ടിയെ ശക്തിപ്പെടുത്തി നയിക്കുന്നതില്‍ അനതിസാധാരണമായ സംഘടനാ പ്രത്യയശാസ്‌ത്ര മികവുകാട്ടി. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റിയാണ്‌ കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തേക്ക്‌ കോടിയേരി വീണ്ടും എത്തിയത്‌.

നിരവധി ധീര പോരാട്ടങ്ങളാല്‍ രൂപപ്പെട്ട വ്യക്തിത്വമാണ്‌. ഏതു പ്രതിസന്ധികളെയും പ്രത്യയശാസ്‌ത്ര ദൃഢത കൊണ്ടു നേരിട്ടു. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം, പാര്‍ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, അചഞ്ചലമായ പാര്‍ടിക്കൂറ്‌, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം ഇവയെല്ലാം കോടിയേരിയില്‍ ഉള്‍ച്ചേര്‍ന്നു.

 

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുരംഗത്ത്‌ എത്തിയത്‌. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക്‌ ചേര്‍ന്നു. കോളേജ്‌ യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ്‌ വിദ്യാര്‍ഥിയായിരിക്കെ 1973-ല്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത്‌ തുടര്‍ന്നു.

സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980 - 82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1990- 95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988-ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായ കോടിയേരി 2002-ല്‍ ഹൈദരാബാദ്‌ 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008-ലെ 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി. 2015-ലെ ആലപ്പുഴ സമ്മേളനത്തിലാണ്‌ ആദ്യം സെക്രട്ടറിയായത്‌. 2018-ല്‍ തൃശൂര്‍ സമ്മേളനത്തില്‍വെച്ച്‌ രണ്ടാമതും, എറണാകുളം സമ്മേളനത്തില്‍വെച്ച്‌ മൂന്നാമതും പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു.

 

അസുബാധിതനായതിനെ തുടര്‍ന്ന്‌ സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. പിബി അംഗമായിരിക്കെയാണ്‌ സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞത്‌.

1987, 2001, 2006, 2011-ലും നിയമസഭയിൽ തലശേരിയെ പ്രതിനിധാനം ചെയ്‌തു. 2006 - 11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ്‌ പദ്ധതി അക്കാലത്താണ്‌ നടപ്പാക്കിയത്‌. 2001, 2011 കാലത്ത്‌ പ്രതിപക്ഷ ഉപനേതാവായിരുന്നു. ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും, എണ്ണമറ്റ പോരാട്ടങ്ങളും നല്‍കിയ അനുഭവത്തിന്റെ കരുത്താണു കോടിയേരിയെ രൂപപ്പെടുത്തിയത്‌. പാര്‍ടി അര്‍പ്പിച്ച വിശ്വാസം മുറുകെപിടിച്ച്‌ കൂട്ടായ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം എന്നും നീങ്ങി. ആ പ്രക്രിയയില്‍ പാര്‍ട്ടി ശക്തിപ്പെട്ടു.

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനത്തിന്‌ ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്‌ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച്‌ നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകര മര്‍ദ്ദനമേറ്റു.

 

1971-ലെ തലശേരി കലാപത്തില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക്‌ ആത്മധൈര്യം പകരാനും സഹായം നല്‍കാനുമുള്ള സ്‌ക്വാഡ്‌ പ്രവര്‍ത്തനത്തില്‍ സജീവമായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ലോക്കപ്പിലിട്ട്‌ രണ്ടു ദിവസം മര്‍ദിച്ചു. രണ്ടു ദിവസം കഴിഞ്ഞ്‌ മിസ പ്രകാരം അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിണറായി വിജയന്‍, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂര്‍ത്തി, എം പി വീരേന്ദ്രകുമാര്‍, ബാഫഖി തങ്ങള്‍ എന്നിവര്‍ക്കൊപ്പം ജയില്‍വാസം. ഈ സമയം രാഷ്ട്രീയ പഠനവും ഹിന്ദി പഠനവും നടന്നു.

തിരുവനന്തപുരത്ത്‌ അഴിമതിക്കെതിരായ സമരം, ജെഎന്‍യുവിലെ വിദ്യാര്‍ഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാല്‍പ്പാടി വാസുവിന്റെ വധത്തില്‍ പ്രതിഷേധിച്ച്‌ നടന്ന സമരം, കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയില്‍വേ സമരം എന്നിവയില്‍ പങ്കെടുത്തപ്പോള്‍ പൊലീസിന്റെ ഭീകര മര്‍ദനമേറ്റു.

1982, 1987, 2001, 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തലശേരി മണ്ഡലത്തില്‍ നിന്ന്‌ വിജയിച്ചു. 2001-ലും 2011-ലും പ്രതിപക്ഷ ഉപനേതാവായി. 2006-ലെ എല്‍ഡിഎഫ്‌ സര്‍ക്കാരില്‍ ആഭ്യന്തര ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനികവല്‍ക്കരിക്കുന്നതിലും പൊലീസുകാരുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നല്‍കി. കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതില്‍ കോടിയേരിയെന്ന ഭരണകര്‍ത്താവിന്റെ കൈയൊപ്പുപതിഞ്ഞു. ജനമൈത്രി പൊലീസ്‌ കേരളത്തിന്‌ പുതിയ അനുഭവമായി.

ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്‌ പ്രമുഖ സ്ഥാനം നേടിക്കൊടുക്കാന്‍ അദ്ദേഹം നടത്തിയ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയില്‍ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്‌മകള്‍ തുറന്നുകാട്ടാനും, ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമര്‍ഥമായ നേതൃത്വംനല്‍കി.

 

പാര്‍ടി പതാകകള്‍ താഴ്‌ത്തിക്കെട്ടണമെന്നും, ലോക്കല്‍ അടിസ്ഥാനത്തില്‍ അനുശോചന യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നും പാര്‍ടി ഘടകങ്ങളോടും സംസ്ഥാന സെക്രട്ടേറിയറ്റ്‌ നിര്‍ദ്ദേശിച്ചു.

ആദരസൂചകമായി 03.10.2022 - ന്‌ മാഹി, തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. നാളെ (02.10.2022) പൂര്‍ണ്ണമായും തലശ്ശേരി ടൗണില്‍ പൊതുദര്‍ശനം. തുടര്‍ന്ന്‌ കോടിയേരിയിലെ മാടപ്പീടികയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്‌ 03.10.2022 രാവിലെ 10 മണിവരെ. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസില്‍ 03.10.2022-ന്‌ രാവിലെ 11 മണി മുതല്‍ പൊതുദര്‍ശനം. തുടര്‍ന്ന്‌ വൈകീട്ട്‌ 3 മണിക്ക്‌ പയ്യാമ്പലത്ത്‌ സംസ്‌ക്കാരംനടക്കും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കണ്ണൂര്‍ വി സി പുനർനിയമനം കനത്ത തിരിച്ചടി ലഭിച്ചത് വസ്തുതകളെ തെറ്റായി അവതരിപ്പിച്ച ഗവർണർക്ക്

സ. പിണറായി വിജയൻ

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നുള്ള പ്രചരണത്തിന് അടിസ്ഥാനവുമില്ല.

ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം

സ. പി രാജീവ്‌

തനിക്ക്‌ രാഷ്‌ട്രപതിയോടുമാത്രമേ ബാധ്യതയുള്ളൂവെന്ന്‌ പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ്‌ പ്രകടമാകുന്നത്. ഇത്‌ ഭരണഘടനാവിരുദ്ധവും കോടതിയെ അവഹേളിക്കലുമാണ്‌. രാഷ്‌ട്രപതിയെടുത്ത തീരുമാനംവരെ റദ്ദാക്കാൻ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌.

ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.

കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്

സ. പിണറായി വിജയൻ

കേരളം കെെവരിച്ച നേട്ടങ്ങളേയും സ്വന്തം ബ്രാന്‍റ് പതിച്ചു തട്ടിയെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ 'ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍' എന്ന് പേര് മാറ്റണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദേശം.