Skip to main content

ഇടതുപക്ഷത്തിനെതിരെ നിലകൊണ്ടാൽ ഏതുവർഗീയതയും ശുദ്ധമാകുമെന്നതാണ്‌ മാധ്യമഭാഷ്യം

ഇടതുപക്ഷത്തിനെതിരെ നിലകൊണ്ടാൽ ഏതുവർഗീയതയും ശുദ്ധമാകും എന്നതാണ്‌ ഇപ്പോൾ ചില മാധ്യമങ്ങളുടെ ഭാഷ്യം. വർഗീയതയുടെ വിഷവിത്തുകൾ ഉയർന്നുവന്നിടങ്ങളിലെല്ലാം ആദ്യം വേട്ടയാടപ്പെട്ടത്‌ മാധ്യമങ്ങളാണ്‌. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി വർഗീയതയ്‌ക്കെതിരെ അണിനിരക്കണം. ഇടതുപക്ഷത്തെ എതിർക്കുന്നു എന്നതിന്റെ പേരിൽ വർഗീയതയെ മഹത്വവൽക്കരിച്ചാൽ അത്‌ ഈ നാടിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും നാശത്തിനേ വഴിവയ്‌ക്കൂ.

സംഘപരിവാർ നയങ്ങളോട്‌ വലിയ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ മുന്നോട്ടുപോവുക എന്നതാണ്‌ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും നയം. ഗാന്ധിജിയെ വെടിവച്ചുകൊന്നത്‌ ഗോഡ്‌സെയാണെന്ന്‌ എഴുതാൻപോലും മടിക്കുന്നവരായി മലയാളത്തിലെ ചില മുൻനിരപത്രങ്ങൾ മാറി. ഇതേ മാധ്യമ സ്ഥാപനങ്ങൾതന്നെ അന്ധമായ ഇടതുപക്ഷവിരോധം കാണിക്കുന്നു. മാധ്യമങ്ങളുടെ ഈ വിരോധം ഇടതുപക്ഷത്തിന്‌ പുതുമയുള്ളതല്ല. വിമോചനസമരകാലം മുതൽ തുടരുന്നതാണ്‌. എന്നാൽ, ആ വിരോധം നാടിനോടാകെയുള്ള വിരോധമായി നിറംമാറുന്ന നിലയുണ്ട്‌.

കേരളം കേന്ദ്ര സർക്കാരിനോട്‌ ചില പദ്ധതികൾക്ക്‌ അംഗീകാരം ചോദിക്കുന്നു. കേന്ദ്രം ഒന്നും അനുവദിക്കുന്നില്ല. കേന്ദ്ര ബജറ്റിൽപോലും കേരളത്തിനു പരിഗണന നൽകുന്നില്ല. ഇതിനെല്ലാമെതിരെ എത്ര മാധ്യമങ്ങൾക്ക്‌ പ്രതികരിക്കാനായി എന്ന്‌ പരിശോധിക്കണം. പദ്ധതികൾ അനുവദിക്കാതെ വരുമ്പോഴുള്ള ബുദ്ധിമുട്ടുകളെ സംസ്ഥാന സർക്കാരിന്റെ വീഴ്‌ചയായി ചിത്രീകരിക്കുകപോലും ചെയ്യുന്നു.

ഇലക്ടറൽ ബോണ്ട്‌ വാങ്ങാത്ത സിപിഐ എം അത്‌ വാങ്ങിയെന്ന്‌ വാർത്തവന്നു. ആ വാർത്ത കളവാണെന്ന്‌ തെളിഞ്ഞപ്പോൾ തിരുത്തുകൊടുത്തു. സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന തന്ത്രമാണ്‌ സ്വീകരിക്കുന്നത്‌. ആദ്യം അറിഞ്ഞുകൊണ്ടുതന്നെ നുണ പറയും. അത്‌ എല്ലാവരിലേക്കും എത്തിച്ചശേഷം തിരുത്തുനൽകും. ആ തിരുത്ത്‌ അധികമാളുകളിലേക്ക്‌ എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.

അടിയന്തരാവസ്ഥ കാലത്തെ അനുകരിക്കും വിധത്തിലാണ്‌ രാജ്യത്തിന്റെ മാധ്യമരംഗത്തെ അവസ്ഥ. 180 രാജ്യങ്ങളുടെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 151-ാം സ്ഥാനത്താണ്‌ ഇന്ത്യ. ഒമ്പതു വർഷത്തിനിടെ 31 മാധ്യമപ്രവർത്തകർക്കാണ്‌ ജീവൻ നഷ്ടമായത്‌. സംഘപരിവാർ നരേറ്റീവുകൾക്ക്‌ സ്വീകാര്യതയുണ്ടാക്കാൻ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്‌. അത്തരം മാധ്യമങ്ങൾ വാച്ച്‌ ഡോഗല്ല, ലാബ്‌ ഡോഗാണെന്ന്‌ പറയുന്നത്‌ വലിയ ശരിയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.