Skip to main content

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം. വർഷങ്ങളായി ഇന്ത്യയിൽ പരുവപ്പെട്ടുവന്ന ഏകാധിപത്യ പ്രവണതകളുടെയും പൗരാവകാശ ധ്വംസനങ്ങളുടെയും നിഷ്‌ഠുരമായ ഉച്ചാവസ്ഥയായിരുന്നു അത്.

ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യം അമിതാധികാര വാഴ്‌ചയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് 1972-ൽ മധുരയിൽ ചേർന്ന സിപിഐ എം ഒമ്പതാം പാർടി കോൺഗ്രസ് കൃത്യമായി നൽകിയിരുന്നു. ‘ഗരീബി ഹഠാവോ' എന്ന മോഹിപ്പിക്കുന്ന മുദ്രാവാക്യമുയർത്തി 1971-ൽ നേടിയ വൻവിജയത്തിനു ശേഷം കോൺഗ്രസ് ദുർബലമാവുകയും അധികാരം ഇന്ദിരയിൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായി. 1974-ൽ 17 ലക്ഷം തൊഴിലാളികൾ 20 ദിവസം നീണ്ട ഐതിഹാസികമായ റെയിൽവേ പണിമുടക്ക് നടത്തി. ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താനാണ് കോൺഗ്രസ് സർക്കാർ ശ്രമിച്ചത്. ഈ അടിച്ചമർത്തലാണ് ഇന്ദിരാഭരണത്തിനെതിരായ ജനവികാരം ആളിക്കത്തിച്ചത്. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ബിഹാറിൽ ആരംഭിച്ച ‘സമ്പൂർണ വിപ്ലവ’ പ്രക്ഷോഭം ജനരോഷത്തിന്റെ മൂർച്ചയേറിയ രൂപമായി.

ഈ പശ്ചാത്തലത്തിലാണ് 1975 ജൂൺ 12-ന് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി അലഹബാദ് ഹൈക്കോടതി വിധി വരുന്നത്. ജനരോഷം, സാമ്പത്തിക പ്രതിസന്ധി, ഭരണപരാജയം, കോടതിയിലെ തിരിച്ചടി എന്നിവയെല്ലാം ചേർന്നപ്പോൾ, ജനാധിപത്യത്തിന്റെ വഴി ഉപേക്ഷിച്ച് ഏകാധിപത്യത്തിന്റെ പാത സ്വീകരിക്കാനാണ് അവർ തീരുമാനിച്ചത്.

1967-ലെ തെരഞ്ഞെടുപ്പിൽ കേരളം, ബംഗാൾ എന്നിവയടക്കം എട്ടു സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ടത് കോൺഗ്രസിന് കനത്ത ആഘാതമായി. 1972-ൽ ബംഗാളിൽ സിദ്ധാർത്ഥ ശങ്കർ റേയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ ഇടതുപക്ഷത്തെ വേട്ടയാടാൻ അർധ ഫാസിസ്റ്റ് ഭീകരവാഴ്‌ച നടപ്പാക്കി. അതേ മാതൃക, അതേ തീവ്രതയോടെ കേരളത്തിലും ആവർത്തിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉരുക്കുകോട്ടയായ കണ്ണൂർ ജില്ല ഈ ആക്രമണങ്ങളുടെ പ്രധാന കേന്ദ്രമായി. പൊലീസിനെയും സ്വന്തം ക്രിമിനൽ സംഘങ്ങളെയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയായിരുന്നു അജൻഡ. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലൂടെ കമ്യൂണിസ്റ്റുകാർക്ക്‌ നിർഭയം നടന്നുപോകാനോ ബസ്സിൽ യാത്രചെയ്യാനോ കഴിയാത്ത സാഹചര്യം.

ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ആക്രമണങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ പാരമ്യത്തിലെത്തി. പ്രാദേശിക കോൺഗ്രസ് നേതാക്കൾ നിയമം കൈയിലെടുത്തു. ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന മുദ്രാവാക്യം എല്ലാ എതിർശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ആഹ്വാനമായി. സംഭാവന കുറഞ്ഞുപോയതിന്റെ പേരിൽ സ്വന്തം അനുയായികളെപ്പോലും അവർ ജയിലിലടച്ചു.

അന്ന് കൂത്തുപറമ്പിലെ എംഎൽഎ എന്ന നിലയിൽ ഈ അടിച്ചമർത്തലുകൾക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുക എന്റെ കടമയായിരുന്നു. അടിയന്തരാവസ്ഥയുടെ മറവിൽ അതിക്രമങ്ങൾ അരങ്ങേറിയ പ്രദേശങ്ങൾ ഞങ്ങൾ സന്ദർശിച്ചു. മൈക്കിന് അനുമതി നിഷേധിച്ചപ്പോൾ മെഗാഫോൺ ഉപയോഗിച്ചും ചെറുയോഗങ്ങൾ നടത്തിയും ജനങ്ങളോട് സംസാരിച്ചു. ഈ ഇടപെടലുകൾ ഭരണാധികാരികളെ പ്രകോപിപ്പിച്ചു. 1975 സെപ്‌തംബർ 28-ന് അർധരാത്രി പിണറായിയിലെ വീട്ടിൽനിന്ന്‌ എന്നെ അറസ്റ്റുചെയ്‌തു. ‘പ്രത്യേക നിർദേശമുണ്ട്’ എന്നുപറഞ്ഞ് കൊണ്ടുപോയ എന്നെ കാത്തിരുന്നത് കൂത്തുപറമ്പ് ലോക്കപ്പിലെ ഭീകരമായ മർദനമുറകളായിരുന്നു.

അതൊരു ചോദ്യംചെയ്യലായിരുന്നില്ല. ശരീരം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത പദ്ധതിയായിരുന്നു. ഇരുവശത്തുനിന്നും ഒരേസമയം രണ്ടുപേർ തല്ലി. പിന്നീട് മൂന്നുപേർകൂടി ചേർന്നു.

നിലത്തുവീഴുമ്പോൾ ബൂട്ടിട്ട കാലുകൾകൊണ്ട് ചവിട്ടിമെതിച്ചു. എഴുന്നേൽക്കുമ്പോൾ വീണ്ടും തല്ലി. ബോധം മറയുന്നതുവരെ ഇടിച്ചു. ദേഹത്ത് അടിവസ്‌ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈകാലുകൾക്ക് ചതവേറ്റ് ശരീരം മരവിച്ച അവസ്ഥയിലായിരുന്നു. പിന്നീട് 18 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ. അവിടെവെച്ച് കാലിന് പ്ലാസ്റ്റർ ഇടേണ്ടിവന്നു. ജയിലിൽ ഞങ്ങളോടൊപ്പം കോൺഗ്രസിനെ എതിർത്ത വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളുണ്ടായിരുന്നു. എം വി രാഘവൻ, കോടിയേരി ബാലകൃഷ്‌ണൻ, എ കണാരൻ എന്നിവർക്കൊപ്പം എം പി വീരേന്ദ്രകുമാർ, കെ ചന്ദ്രശേഖരൻ, സെയ്‌ദ്‌ ഉമ്മർ ബാഫഖി തങ്ങൾ, പി എം അബൂബക്കർ തുടങ്ങിയവരും സഹതടവുകാരായിരുന്നു. വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയ എന്നെ, ശിവപുരത്തെ പാർടി ഓഫീസിൽനിന്ന് അറസ്റ്റ്ചെയ്‌തു എന്നായിരുന്നു വ്യാജരേഖ ചമച്ചത്.

ഇത് എന്റെ മാത്രം അനുഭവമായിരുന്നില്ല. കോഴിക്കോട് ആർഇസി വിദ്യാർഥി രാജനെ കക്കയംക്യാമ്പിലിട്ട് ഉരുട്ടിക്കൊന്നത് ഭരണകൂട ഭീകരതയുടെ കുപ്രസിദ്ധ ഉദാഹരണം. കണ്ണൂർ സെൻട്രൽ ജയിലിൽ എൻ അബ്‌ദുള്ള ചികിത്സ കിട്ടാതെ മരിച്ചു. പിണറായി പന്തക്കപ്പാറയിൽ ബീഡിക്കമ്പനി ആക്രമിച്ച് കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തി. പെരളശ്ശേരിയിലെ എകെജി മന്ദിരം വായനശാല തകർത്ത് നാലായിരത്തോളം പുസ്‌തകങ്ങൾ റോഡിലിട്ട് കത്തിച്ചു. ഈ ക്രൂരതകൾക്കെല്ലാം നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തരമന്ത്രി കെ കരുണാകരൻ നിയമസഭയിലും പുറത്തും ന്യായീകരിച്ചു.

ഈ അടിച്ചമർത്തലുകൾക്കൊന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിശ്ചയദാർഢ്യത്തെ തകർക്കാനായില്ല. രോഗാവസ്ഥ വകവയ്ക്കാതെ സഖാവ് എ കെ ജി ഗ്രാമഗ്രാമാന്തരങ്ങളിലെത്തി പ്രവർത്തകർക്ക് ആവേശവും ആശ്വാസവും പകർന്നു. പല നേതാക്കളും ഒളിവിലിരുന്ന് പ്രസ്ഥാനത്തെ നയിച്ചു. വീട്ടമ്മമാർ ഗുണ്ടകളെയും പൊലീസിനെയും ചെറുത്തു. അടിയന്തരാവസ്ഥയ്ക്കുശേഷവും കണ്ണൂരിലെ മാർക്‌സിസ്റ്റ് വേട്ടയ്ക്ക്‌ അറുതിവന്നില്ല. ചീമേനിയിലെ അഞ്ച് സഖാക്കളുടെ കൂട്ടക്കൊല, നാൽപ്പാടി വാസുവിനെ വെടിവെച്ചുകൊന്ന സംഭവം, മാതാപിതാക്കളുടെ മുന്നിലിട്ട് കെ വി സുധീഷിനെ വെട്ടിക്കൊന്ന ക്രൂരത എന്നിവയെല്ലാം ഈ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. കോൺഗ്രസ് ദുർബലമായപ്പോൾ ആ ദൗത്യം ആർഎസ്എസ് ഏറ്റെടുത്തു. ഓരോ ആക്രമണവും ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്തത്.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം നമ്മെ ഓർമിപ്പിക്കുന്നത് ഇന്നത്തെ ഇന്ത്യൻ രാഷ്‌ട്രീയ സാഹചര്യത്തിന്റെ ഭീകരതയെക്കുറിച്ചാണ്. രാജ്യം ഇന്ന് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ദിരാഗാന്ധി ഭരണഘടനയെ ദുരുപയോഗിച്ചെങ്കിൽ, സംഘപരിവാർ ഭരണഘടനയെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മതത്തിന്റെ പേരിൽ പൗരത്വം നിർവചിക്കുന്ന പൗരത്വ ഭേദഗതി നിയമം, കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത്, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് അജൻഡ, അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ എതിരാളികളെ നിശബ്ദരാക്കാനുള്ള ഉപകരണങ്ങളാക്കുന്നത്, മാധ്യമങ്ങളെ വരുതിയിലാക്കുന്നത്, ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നത്- ഇതെല്ലാം അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങളാണ്. അന്ന് ‘നാവടക്കൂ, പണിയെടുക്കൂ’ എന്നായിരുന്നെങ്കിൽ ഇന്ന് ‘ജയ് ശ്രീറാം’ വിളിക്കാത്തവരെ രാജ്യദ്രോഹികളാക്കുന്നു. അന്ന് സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയെങ്കിൽ, ഇന്ന് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അജൻഡകൾ നടപ്പാക്കുന്നു.

വരുംകാല പോരാട്ടങ്ങളുടെ ഊർജസ്രോതസ്സായാണ് അടിയന്തരാവസ്ഥയെ ഓർക്കേണ്ടത്. ഇന്ത്യൻ ജനതയുടെ ചെറുത്തുനിൽപ്പിനു മുന്നിൽ ഇന്ദിര ഗാന്ധിക്കും കോൺഗ്രസിനും മുട്ടുമടക്കേണ്ടിവന്നു. അതുപോലെ, ഇന്നത്തെ വർഗീയ ഫാസിസ്റ്റ് വെല്ലുവിളികളെയും ജനങ്ങൾ അതിജീവിക്കുകതന്നെ ചെയ്യും. തൊഴിലാളി വർഗത്തിന്റെ ഐക്യത്തിലൂടെയുള്ള ജനകീയ സമരങ്ങൾക്കു മുന്നിൽ സംഘപരിവാർ അജൻഡകൾക്ക് കീഴടങ്ങേണ്ടി വരും.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്താരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50ാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ രാജ്യം എങ്ങനെ അടിയന്തരാവസ്ഥയിലേക്കെത്തി എന്നതിന്റെ ചരിത്രപശ്ചാത്തലം നാം ഓർക്കേണ്ടതുണ്ട്

സ. എം എ ബേബി

അടിയന്താരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50ാം വാർഷികം ആചരിക്കുന്ന ഈ വേളയിൽ രാജ്യം എങ്ങനെ അടിയന്തരാവസ്ഥയിലേക്കെത്തി എന്നതിന്റെ ചരിത്രപശ്ചാത്തലം നാം ഓർക്കേണ്ടതുണ്ട്.

അധികാരം നഷ്ടപ്പെട്ട കോൺഗ്രസ്