വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.
2018 മുതൽ ലോക്കോ പൈലറ്റുമാരുടെ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും 2024ലാണ് റിക്രൂട്ട്മെൻ്റിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. എങ്കിലും ഇതുവരെ പൂർണമായും നിയമനം നടത്താൻ ബോർഡിന് സാധിച്ചിട്ടില്ല. പ്രതിവർഷം നാലായിരത്തോളം ലോക്കോ പൈലറ്റുമാരും അമ്പതിനായിരത്തോളം റയിൽവേ ജീവനക്കാരും വിരമിക്കുന്നുണ്ട്. എന്നാൽ അതിന് ആനുപാതികമായ നിയമനം നടത്തുന്നില്ല.
നിലവിൽ 3 ലക്ഷത്തിലധികം തസ്തികകളാണ് റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത്. ഹൈ ലെവൽ സേഫ്റ്റി റിവ്യൂ കമ്മിറ്റി 2012ൽ തന്നെ ലോക്കോ പൈലറ്റ് അടക്കമുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള തസ്തികകൾ ഒഴിഞ്ഞു കിടക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ആയതിനാൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണമെന്നും, ലോക്കോ പൈലറ്റുമാർ ഉൾപ്പടെയുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള തസ്തികകളിലേക്ക് വിരമിച്ച ജീവനക്കാരെ പുനർനിയമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും സ. എ എ റഹീം എംപി കത്തിൽ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.