സമഗ്രശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് കഴിഞ്ഞവർഷം ഒരു രൂപ പോലും നൽകിയിട്ടില്ല എന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ വർഷം 37,000 കോടി രൂപയായിരുന്നു പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. എന്നാൽ ഇതിൽ നിന്നും കേരളത്തിന് ഒരു രൂപ പോലും നൽകിയിട്ടില്ല. കേരളത്തെ പോലെ തന്നെ ഒരു രൂപ പോലും ലഭിക്കാതെ അവഗണന നേരിട്ടിരിക്കുകയാണ് തമിഴ്നാടും പശ്ചിമബംഗാളും. സമഗ്രശിക്ഷാ പദ്ധതി പ്രകാരം അനുവദിച്ച തുകയെ കുറിച്ച് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി ഈ കാര്യങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷക്കാലം 1.60 ലക്ഷം കോടി രൂപയായിരുന്നു സമഗ്രശിക്ഷ പദ്ധതിയുടെ അടങ്കൽ തുക. 2024-25ൽ 37,000 കോടി രൂപയായിരുന്നു സമഗ്ര ശിക്ഷാ പദ്ധതിക്ക് കേന്ദ്രം വകയിരുത്തിയത്. അതിൽ 27,833 കോടി രൂപ നാളിതുവരെ സംസ്ഥാനങ്ങൾക്ക് നൽകി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് യഥാക്രമം 328.90 കോടി രൂപ, 2151.60 കോടി രൂപ, 1745.80 കോടി രൂപ അനുവദിച്ചിരുന്നവെങ്കിലും ഒരു രൂപ പോലും നൽക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഏറ്റവും കൂടുതൽ തുക ലഭിച്ചിരിക്കുന്നത് ഉത്തർപ്രദേശിനാണ് 4487.46 കോടി രൂപ. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന വ്യക്തമാകുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് രാജ്യസഭയിൽ സമർപ്പിച്ച ഈ കണക്കുകൾ.
