ഇന്നു കയ്യൂർ രക്തസാക്ഷി ദിനമാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഐതിഹാസിക സമരത്തിന്റെ എൺപത്തിരണ്ടാം വാർഷികം.
1943 മാർച്ച് 29 നാണ് കയ്യൂർ സമരത്തിന് നേതൃത്വം നൽകിയ നാലു ധീരന്മാരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത്. സഖാക്കൾ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പു നായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നിവരുടെ രക്തസാക്ഷിത്വം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ്.
''സഖാക്കളോട് ഉത്കണ്ഠപ്പെടാതിരിക്കുവാന്‍ പറയുക, അവരെ ഉന്മേഷഭരിതരാക്കുക, ഞങ്ങള്‍ നാടിനുവേണ്ടി അഭിമാനത്തോടെ ജീവത്യാഗം ചെയ്തുവെന്നറിയിക്കുക'എന്നാണ് തൂക്കു മരച്ചോട്ടിലേക്ക് പോകുന്നതിനുമുമ്പ് കയ്യൂര്‍ സഖാക്കള്‍ പറഞ്ഞത്.
ഇന്നു കാണുന്ന കേരളത്തെ രൂപപ്പെടുത്തുന്നതിൽ കയ്യൂർ സമരം വലിയ പങ്കാണ് വഹിച്ചത്. കയ്യൂർ സമരത്തിന്റെ അലയൊലികൾ തൊഴിലാളി വർഗ്ഗത്തിന്റെ സമര മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്നു. കയ്യൂർ സഖാക്കളുടെ അനശ്വര സ്മരണ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നടക്കുന്ന അടിസ്‌ഥാന വർഗ്ഗത്തിന്റെ പോരാട്ടങ്ങൾക്ക് എന്നും ഊർജ്ജം പകരും.
രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ.
