മാധ്യമസ്ഥാപനങ്ങളിലും മാധ്യമപ്രവർത്തനത്തിലും കോർപറേറ്റ് വൽക്കരണം നടക്കുന്ന കാലഘട്ടത്തിൽ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം. നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിക്കൊണ്ട് ദേശാഭിമാനി എല്ലാകാലത്തും പ്രവർത്തിച്ചുണ്ട്. അതിന്റെ ഭാഗമായി വിലക്കുകളും വിലങ്ങുകളും ഉണ്ടായെങ്കിലും അതെല്ലാം തട്ടിതെറിപ്പിച്ചുകൊണ്ടു തന്നെയാണ് ദേശാഭിമാനി വിട്ടുവീഴ്ചയില്ലാതെ അതിന്റെ ശബ്ദം എല്ലാഘട്ടത്തിലും ഉയർത്തിയിട്ടുള്ളത്. കല്ല് അച്ച് സംവിധാനത്തിൽ നിന്ന് ആധുനിക സാങ്കേതിക വിദ്യയുടെ അച്ചടി സംവിധാനത്തിലേക്ക് വളർന്നിരിക്കുകയാണ് ദേശാഭിമാനി. ഒന്നിൽ നിന്ന് 10 എഡിഷനിലേക്കായി ദേശാഭിമാനി വളർന്നിരിക്കയാണ്. ഇന്ന് ഓൺലൈൻ വാർത്താ പ്രസദ്ധീകരണത്തിലേക്കും ദേശാഭിമാനി വളർന്നുകൊണ്ടിരിക്കുന്നു. പ്രിന്റ് മീഡിയയിൽ നിന്ന് ഈ പേപ്പറിലേക്കും പതിനായിരകണക്കിന് കോപ്പികളിൽ നിന്നും ലക്ഷകണക്കിന് കോപ്പികളിലേക്കും ദേശാഭിമാനി വളർന്നിരിക്കുന്നു. മാറുന്ന കാലത്ത് വലിയതോതിൽ ദേശാഭിമാനിയുടെ പ്രസക്തി വർധിക്കുകയാണ്.
നമ്മുടെ പുരോഗമന സംസ്കാരത്തിന് ഇടിവു വരുത്താൻ മനപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. നിർഭാഗ്യവശാൽ പലമാധ്യമങ്ങളും എഴുത്തുകാരും അത്തരം ശ്രമങ്ങളുടെ ഭാഗമാകുകയാണ്. പുരോഗമനമെന്നത് നിരന്തരം നവീകരിക്കുകയും അങ്ങിനെ കാലത്തേയും സമൂഹത്തെയും മുന്നോട്ട് കൊണ്ട് പോകുന്ന പ്രക്രിയയാണ്. ആ രീതിയിൽ സ്വയം നവീകരിക്കുന്നതിനും മുന്നേറുന്നതിനുമാകട്ടെ ശരിയായ വിവരങ്ങളും വസ്തുതകളുമൊക്കെ വേണ്ടതായിട്ട്. അങ്ങിനെയുള്ള വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുക ഇതാണ് ദേശാഭിമാനി ചെയ്യുന്നത്. പലരും പറയാത്തതും മറച്ചുവക്കുന്നതുമായ സത്യങ്ങൾ ദേശാഭിമാനി ജനങ്ങളെയും നാടിനെയും അറിയിക്കുന്നു. തങ്ങൾക്ക് ഹിതമായത് മാത്രം അറിയിക്കുന്ന മാധ്യമങ്ങൾ വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെ ഹനിക്കുകയാണ്.
ഇന്ത്യൻ മാധ്യമ രംഗം മുഴുവനും വലിയ കോർപറേറ്റുകളുടെ പിടിയിലായിരിക്കുകയാണ്. രാജ്യത്തെ വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ കീഴിൽ 28 എക്സ്ക്ലൂസീവ് മാധ്യമ സ്ഥാപനങ്ങളുണ്ട്. നിഷ്പക്ഷമെന്ന് കരുതിപോന്ന എൻഡിടിവി വരെ കോർപറേറ്റ് പിടിയിലൊതുങ്ങിയിരിക്കുന്നു. ഇങ്ങിനെയൊരു കാലഘട്ടത്തിൽ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം.
