Skip to main content

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്. ആ മാറ്റങ്ങൾ സ്വാംശീകരിച്ചുകൊണ്ട് തൊഴിലാളി സൗഹൃദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പായ 'വർക്ക് നിയർ ഹോം' പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിനു കൊട്ടാരക്കരയിൽ നാളെ തുടക്കം കുറിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ മെട്രോനഗരങ്ങളിൽ ലഭ്യമാകുന്ന തരത്തിലുള്ള മികച്ച തൊഴിൽ സൗകര്യം കേരളത്തിലെ ഒരു ചെറിയ പട്ടണത്തിൽ സാധ്യമാക്കുകയാണ്.

വിജ്ഞാനാധിഷ്ഠിത, വിവരസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും വിദൂരമായി ജോലികൾ ചെയ്യുന്നതിനുള്ള വർക്ക്സ്പെയ്സുകളുടെ ഒരു ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ്, കേരളാ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ സ്ഥാപിതമാകുന്ന വർക്ക് നിയർ ഹോം പദ്ധതിയുടെ ലക്ഷ്യം. ഫ്രീലാൻസ് തൊഴിലുകളിൽ ഏർപ്പെടുന്നവർ, സ്റ്റാർട്ടപ്പുകൾ, സ്വന്തമായി ചെറുസംരംഭങ്ങൾ നടത്തുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഉപകാരപ്രദമായ രീതിയിലാണ് വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ ഒരുക്കുന്നത്.

2025 മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കൊട്ടാരക്കരയിലെ കേന്ദ്രത്തിൽ ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. കൊല്ലം ജില്ലയിലെ ആദ്യ പാരിസ്ഥിതിക സൗഹൃദ-ഊർജ സംരക്ഷിത മാതൃകാ കെട്ടിടമെന്ന പ്രത്യേകത കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ കെട്ടിടം കൈവരിക്കും. വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ. ജനകീയവും സർവ്വതലസ്പർശിയുമായ സാമൂഹ്യപുരോഗതിയാണ് നമ്മുടെ ലക്ഷ്യം.

 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.