Skip to main content

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്. കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിൻ്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. അതാണീ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം.

അനുദിനം വളരുന്ന കൊടിയ അസമത്വത്തിന് അറുതി വരുത്തി കർഷകരുടേയും തൊഴിലാളികളുടേയും വിമോചനം സാധ്യമാക്കാനുള്ള അവസരമാണിത്. യുവാക്കൾക്ക് തൊഴിലും സ്ത്രീകൾക്ക് തുല്യ സാമൂഹ്യപദവിയും കുട്ടികൾക്ക് പോഷകാഹാരവും മികച്ച വിദ്യാഭ്യാസവും വയോജനങ്ങൾക്ക് ക്ഷേമവും ഉറപ്പുവരുത്തേണ്ട രാഷ്ട്രീയത്തിനു ഊർജ്ജം നൽകേണ്ട സന്ദർഭമാണിത്. അതിനായി, സമത്വവും സമാധാനവും സാഹോദര്യവും വാഴുന്ന സമൂഹസൃഷ്ടിക്കായി ഓരോ ജനാധിപത്യ വിശ്വാസിയും അടിയന്തരമായി മുന്നോട്ടു വരേണ്ടതുണ്ട്.

ബിജെപിയും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറും മുന്നോട്ടു വയ്ക്കുന്ന വർഗീയതയുടേയും വിഭാഗീയതയുടെയും വിഷപ്പുകയുടെ മറവിൽ യാഥാർത്ഥ്യം കാണാതെ പോകില്ലെന്ന് നമ്മൾ ഉറപ്പു വരുത്തണം. രാജ്യത്തിൻ്റെ പ്രധാന മന്ത്രി ആ പദവിയുടെ മഹത്വത്തെ മറന്നുകൊണ്ട് പരസ്യമായി വർഗീയത പറയുന്നത് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. മാന്യതയുടേയും മനുഷ്യത്വത്തിൻ്റേയും സീമകൾ ലംഘിക്കാൻ അവർക്ക് മടിയില്ല. നുണകളിലൂടെ അവർ രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാൻ നോക്കുമ്പോൾ സർവ്വശക്തിയുമെടുത്ത് അതിനെ പ്രതിരോധിക്കാൻ നാം സജ്ജരാകണം.

കോൺഗ്രസും യുഡിഎഫും സംഘപരിവാറിൻ്റെ വർഗീയ പ്രത്യയശാസ്ത്രത്തെ എതിർക്കാതെ അതിനോട് സമരസപ്പെടുമ്പോൾ അതുയർത്തുന്ന ഭീഷണിക്കു മുന്നിൽ തകരാതെ നാടു നിൽക്കണമെങ്കിൽ ഇടതുപക്ഷത്തിൻ്റെ കരുത്ത് വർദ്ധിക്കേണ്ടതുണ്ട്. അവരുടെ ഓരോ വർഗീയ അജണ്ടയ്ക്കു മുന്നിലും സംശയലേശമന്യേ അചഞ്ചലമായി നിലകൊണ്ടത് ഇടതുപക്ഷം മാത്രമാണ്. നാടിനെ നെടുകെ പിളർക്കുന്ന പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് പോലും ശബ്ദിക്കാാനാകാത്ത വിധം ഭീരുക്കളായിത്തീർന്നിരിക്കുന്നു കോൺഗ്രസ്. ബിജെപിയെ ഭയന്ന് കേരളത്തിൽ വന്ന് തമ്പടിച്ച് ഇടതുപക്ഷത്തിനെതിരെ നുണപ്രചരണം നയിക്കും വിധം അധ:പ്പതിച്ചിരിക്കുകയാണ് കോൺഗ്രസിൻ്റെ പരമോന്നത നേതൃത്വം. ഇവർ ആരെയാണ് സഹായിക്കുന്നത്? ആരെയാണ് സംരക്ഷിക്കുന്നത്? എന്താണ് ഇതിലൂടെയൊക്കെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം.

ഇവിടെയാണ് ഇടതുപക്ഷം പ്രസക്തമാകുന്നത്. ഇവിടെ നിന്നു വൻ വിജയം നേടി ലോകസഭയിലെത്തിയ കോൺഗ്രസുകാരല്ല; ഇടതുപക്ഷ എം.പിമാരാണ് അവിടെ നാടിൻ്റെ നാവായത്. അവരാണ് വർഗീയതയ്ക്കെതിരെ ഉറക്കെ സ്വരമുയർത്തിയത്. നാടിൻ്റെ വികസനത്തിനായി അവർ ശ്രമിച്ചപ്പോൾ അതിനു തുരങ്കം വയ്ക്കാനായിരുന്നു യുഡിഎഫ് എം.പിമാരുടെ ശ്രമം. അതുകൊണ്ട് കേരളത്തിലെ ജനങ്ങൾ ദുരിതമനുഭവിച്ചാലും കുഴപ്പമില്ല, എൽ.ഡി.എഫ് ഗവണ്മൻ്റ് പ്രതിസന്ധിയാലായാൽ മതി എന്ന മനുഷ്യത്വരഹിതമായ സങ്കുചിതരാഷ്ട്രീയ ചിന്താഗതിയാണവരെ നയിക്കുന്നത്.

ഇതിനിയും തുടർന്നുകൂടാ എന്ന് കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ നാടിൻ്റെ നന്മയ്ക്കും ഐക്യത്തിനും വേണ്ടി അടിയുറച്ച നിലപാടെടുക്കാൻ സാധിക്കുന്ന ഇടതുപക്ഷത്തിനൊപ്പം അവർ ഈ തെരഞ്ഞെടുപ്പിൽ നിൽക്കും. ജനാധിപത്യവും മതേതരത്വവും രാഷ്ട്രീയ നൈതികതയും ചേർത്തു പിടിച്ച് നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം. രാജ്യത്തിൻ്റെ നേട്ടങ്ങൾക്കായി ഒരുമിച്ചു പ്രയത്നിക്കാം.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.