Skip to main content

എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.

ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

1940 ൽ 17-ാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായ വി എസ് പിന്നീട് സിപിഐ എം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ൽ കമ്യൂണിസ്റ്റ് പാർടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ച 32 പേരിൽ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയർന്നു.

കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയർത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നൽകുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു. പുന്നപ്ര വയലാർ സമര ഘട്ടത്തിൽ തന്നെ ശ്രദ്ധേയനായിരുന്നു വി എസ് എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളിൽ ആ സമരോത്സുകത പടർന്നു.

തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പാർടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാൾ ആശംസകൾ നേരുന്നു.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.